നസ്ലീന്‍ ഗഫൂര്‍
നസ്ലീന്‍ ഗഫൂര്‍

"പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് ഞാനല്ല"- വിശദീകരണവുമായി നസ്ലന്‍ ഗഫൂര്‍

അന്വേഷണത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് യു എ യില്‍ നിന്നാണെന്ന് വ്യക്തമായി

പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് താനല്ലെന്ന് വ്യക്തമാക്കി നടന്‍ നസ്ലന്‍ ഗഫൂര്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍. സൈബര്‍ ആക്രമണം രൂക്ഷമായതോടെയാണ് പ്രതികരണവുമായി താരം നേരിട്ടെത്തിയത്. ഫേസ്ബുക്കില്‍ ആരോ തന്റെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടതെന്നും ചെയ്യാത്ത കുറ്റത്തിന് പഴികേള്‍ക്കേണ്ടി വരുന്നത് വലിയ വിഷമമാണെന്നും നസ്ലന്‍ പറഞ്ഞു. കാക്കനാട് സൈബര്‍ സെല്ലിന് നല്‍കിയ പരാതിയും ലൈവിനൊടുവില്‍ താരം പ്രദര്‍ശിപ്പിച്ചു. നസ്ലന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് യു എ യില്‍ നിന്നാണെന്ന് വ്യക്തമായി.

സുഹൃത്തുക്കള്‍ പറഞ്ഞാണ് ഈ കാര്യം അറിയുന്നത്, എന്റെ പേരില്‍ ഒരാള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഏതോ പോസ്റ്റിനു കീഴിലായി പ്രധാന മന്ത്രിക്കെതിരെ മോശം കമന്റിടുകയും ചെയ്തതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ അനുഭവിച്ചത് മുഴുവന്‍ ഞാനാണ്. ഒരു പാട് പേര്‍ വിശ്വസിച്ചത് ഇത് ചെയ്തത് ഞാനാണെന്നാണ്. അതല്ല സത്യം . ചില യൂ ട്യൂബ് ചാനലുകള്‍ ഇത് വാര്‍ത്തയാക്കി അവതരിപ്പിച്ചു, എന്നെയും കുടുംബത്തേയും കുറ്റപ്പെടുത്തി.
നസ്ലന്‍

ഫേയ്‌സ്ബുക്കില്‍ തനിക്ക് ഒരു പേജ് മാത്രമാണുള്ളതെന്നും അത് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണെന്നും നസ്ലന്‍ പറഞ്ഞു. സിനിമ കണ്ടിരുന്നവര്‍ ഇനി കാണില്ലെന്നും പറഞ്ഞ് മെസേജുകള്‍ അയച്ചു. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തു കൂടി നിന്ന് ചിന്തിക്കാന്‍ സാധിക്കണമെന്നും താരം കൂട്ടി ചേര്‍ത്തു.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെയാണ് നസ്ലന്‍ ജനപ്രിയനാകുന്നത്. പിന്നീട് കുരുതി, ഹോം,കേശു ഈ വീടിന്റെ നാഥന്‍, ജോ ആന്‍ഡ് ജോ , മകള്‍ എന്നീ സിനിമകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു

logo
The Fourth
www.thefourthnews.in