നടിയെ ആക്രമിച്ച കേസ്: 
മഞ്ജു വാര്യരുള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും  വിസ്തരിക്കരുത്; ദിലീപ് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കരുത്; ദിലീപ് സുപ്രീംകോടതിയില്‍

കേസിലെ വിചാരണ നീട്ടി കൊണ്ടുപോകാനാണ് ശ്രമമെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടാന്‍ ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍. മഞ്ജുവാര്യര്‍ ഉള്‍പ്പെടെ നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കരുത് എന്നാണ് ദിലീപിന്റെ പ്രധാന ആവശ്യം. നാളെ മഞ്ജു വാര്യരുടെ വിസ്താരം വിചാരണ കോടതിയില്‍ നടക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം. കാവ്യാ മാധവന്റെ മാതാപിതാക്കളെ വിസ്തരിക്കുന്നതും വിചാരണ നീട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണന്നും ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

നാളെ മഞ്ജു വാര്യരുടെ വിസ്താരം വിചാരണ കോടതിയില്‍ നടക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ മുഖ്യ സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്ത് നടത്തുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില് . ബാലചന്ദ്രകുമാര്‍ ചികിത്സയിലാണെന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തിരുവന്തപുരത്തെത്തി വിസ്തരിക്കാന്‍ ഹൈക്കോടതി ഇതുവരെയും അനുമതി നല്‍കിയിട്ടില്ല.

ബാലചന്ദ്ര കുമാറിന്റെ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം നടത്തിയിരുന്നു. നടിയെ ആക്രമിച്ചകേസിലെ ഗൂഡാലോചന സംബന്ധിച്ചും കേസ് അട്ടിമറിക്കാന്‍ ദിലീപ് നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ചും പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍.

കേസില്‍ രണ്ടാംഘട്ട വിചാരണയാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യര്‍ ഉള്‍പടെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇനി നടക്കാനുള്ളത്.

logo
The Fourth
www.thefourthnews.in