മെമ്മറി കാർഡിൽ കൃത്രിമം നടന്നോ? നടിയെ ആക്രമിച്ച കേസ് ഇനി എങ്ങോട്ട്?

മെമ്മറി കാർഡിൽ കൃത്രിമം നടന്നോ? നടിയെ ആക്രമിച്ച കേസ് ഇനി എങ്ങോട്ട്?

ഹാഷ് വാല്യു മാറിയാൽ മെമ്മറി കാർഡിൽ അനാവശ്യ ഇടപെടൽ നടന്നു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിനംപ്രതി നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. അവ പലപ്പോഴും കേസിന്റെ ഭാവിയെ കുറിച്ചുപോലും ആശങ്കയുണര്‍ത്തുന്നതാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ഇതില്‍ ഏറ്റവും പുതിയത്.

മെമ്മറി കാര്‍ഡും ഹാഷ് വാല്യുവും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന ചര്‍ച്ചയും സജീവമാവുകയാണ്. ഈ സാഹചര്യത്തില്‍ നടിയെ ആക്രമിച്ച കേസിന്റെ ഗതി എങ്ങനെയാകുമെന്ന ആശങ്കയും പൊതു സമൂഹത്തിനുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ കേസിനെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുകയാണ് നിയമ രംഗത്തെ ചിലര്‍.

നടിയെ ആക്രമിച്ച കേസും മെമ്മറി കാര്‍ഡും

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ. എന്നാൽ തൊണ്ടിമുതൽ ആയതിനാൽ മെമ്മറി കാർഡ് എപ്പോഴും പരിശോധിക്കാൻ പാടില്ല. ഹാഷ് വാല്യു മാറും എന്നത് തന്നെയാണ് കാരണം. കോടതിയുടെ കൈവശം ദൃശ്യങ്ങളുള്ള മെമ്മറി കാർഡും പെൻഡ്രൈവും ഉണ്ട്. വിചാരണയുമായി ബന്ധപ്പെട്ട കോടതിയിലെ നടപടിക്രമങ്ങൾക്കായി ദൃശ്യങ്ങൾ പെൻഡ്രൈവിൽ പകർത്തി നൽകിയിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ പെൻഡ്രൈവിലെ ദൃശ്യങ്ങൾ കേസുമായി ബന്ധപ്പെട്ടവർക്ക് കാണാം.

ഹാഷ് വാല്യു മാറിയാൽ മെമ്മറി കാർഡിൽ അനാവശ്യ ഇടപെടൽ നടന്നു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.

ഹാഷ് വാല്യു മാറിയാൽ മെമ്മറി കാർഡിൽ അനാവശ്യ ഇടപെടൽ നടന്നു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. അത് കേസിനെ ദോഷകരമായി ബാധിക്കും. ഹാഷ് വാല്യു മാറാതെ പരിശോധിക്കാൻ നിയമപരമായ രീതിയിൽ വിദ​ഗ്ധരുടെ സഹായത്തോടെ റൈറ്റ് ലോക്കർ (WRITE LOCKER) സംവിധാനം ഉപയോ​ഗിക്കാം. ഇവിടെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടെന്ന് കണ്ടെത്തിയതോടെ അനധികൃതമായാണ് പരിശോധിക്കപ്പെട്ടതെന്നും തെളിഞ്ഞു.

മെമ്മറി കാർഡ് തുറന്നതാണ് വിഷയം

എന്തുകൊണ്ടാണ് മെമ്മറി കാർഡ് തുറന്നതെന്നും എന്തിനാണ് മെമ്മറി കാർഡ് തുറന്നത് എന്നതുമാണ് ഈ കേസിലെ പ്രധാന വിഷയം. ഒരു വിവോ ഫോണിലും കമ്പ്യൂട്ടറിലും മെമ്മറി കാർഡ് ഉപയോ​ഗിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇത് കണ്ടെത്തേണ്ടത് നിർണായകമാണ്. മൊബൈല്‍ ഫോണിൽ മെമ്മറി കാർഡിട്ട സമയത്ത് വാട്സ് ആപ്, ടെലഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഗൗരവതരമായ പ്രശ്നവും അത് തന്നെയാണ്.

മൂന്ന് തവണ മെമ്മറി കാർഡ് തുറന്നതോടെ അതിലെ ദൃശ്യങ്ങൾ ചോർന്നതായും സംശയിക്കപ്പെടാമെന്നാണ് നിയമ വിദ​ഗ്ധർ പറയുന്നത്.

മൂന്ന് തവണയാണ് മെമ്മറി കാർഡ് തുറന്നത്. രണ്ട് തവണ മെമ്മറി കാർഡ് തുറന്നത് രാത്രിയിലും. മൂന്ന് തവണ മെമ്മറി കാർഡ് തുറന്നതോടെ അതിലെ ദൃശ്യങ്ങൾ ചോർന്നതായും സംശയിക്കപ്പെടാമെന്നാണ് നിയമ വിദ​ഗ്ധർ പറയുന്നത്. സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നാണ് അതിജീവിത ഉയർത്തിയ ഗുരുതരമായ ആക്ഷേപവും. ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ അത് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണ്. അതിജീവിതയുടെ ഭരണഘടനാപരമായ മൗലികാവകാശമാണ് അതിലൂടെ ലംഘിക്കപ്പെട്ടത്. മാത്രമല്ല പിന്നീട് വിചാരണവേളയിൽ പ്രതിഭാ​ഗത്തിന് ഇതൊരു ആയുധമായും ഉപയോ​ഗിക്കാം. ദൃശ്യങ്ങൾ മാറ്റിയെന്ന അവകാശവാദം ഉന്നയിച്ചാൽ പോലും പ്രതിക്കിവിടെ സംശയത്തിന്റെ ആനുകൂല്യം ലഭിച്ചേക്കാം.

കേസിന്റെ ഇനിയുള്ള ​ഗതിയെങ്ങനെയാകും?

വാദം കേൾക്കാൻ വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു വിചാരണ കോടതl ജഡ്ജിയെ മാറ്റിയത്. ആ നടപടി അതിജീവിതയ്ക്ക് സഹായകരമാകുമെന്നായിരുന്നു പ്രോസിക്ക്യൂഷന്റെയും പ്രതീക്ഷ. വിചാരണ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന ആരോപണം ഉള്ളതിനാലും നിലവിലെ സാഹചര്യത്തിലും സ്വാഭാവികമായും വിചാരണ കോടതി ജഡ്ജി ഇതുവരെ പരി​ഗണിച്ച തെളിവുകളും നിലപാടുകളെല്ലാം പുനഃപരിശോധിക്കേണ്ടി വരും. വിചാരണ തന്നെ വീണ്ടും നടത്തേണ്ട സാഹചര്യം ഉണ്ടായേക്കാം. പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാകും ഇനി കേസ് മുന്നോട്ട് പോകുന്നത്.

ജഡ്ജിമാർക്കെതിരെ നടപടിയുണ്ടാകുമോ?

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി കസ്റ്റോഡിയനായ ജഡ്ജിയാണ്. മൂന്ന് കോടതികളുടെ കൈവശമിരിക്കെയാണ് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി തുറന്നത്. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ ചോദ്യത്തിന് മൂന്ന് ജഡ്ജിമാരും വിശദീകരണം നൽകേണ്ടി വരും.

ജഡ്ജിമാരുടെ ഭാ​ഗം കേട്ടശേഷം ദൃശ്യങ്ങൾ ചോർന്നു എന്ന സംശയം സാധൂകരിക്കപ്പെട്ടാൽ അവർക്കെതിരെ ഹൈക്കോടതlക്ക് നടപടിയെടുക്കാം. തെളിവ് നശിപ്പിക്കാൻ ജഡ്ജിമാർ തന്നെ കൂട്ടുനിന്നിട്ടുണ്ടെങ്കിൽ അത് ​ഗൗരവതരമായ കുറ്റമാണ്. ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത് പോലെ ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം ആവശ്യമാണ്.

logo
The Fourth
www.thefourthnews.in