വിഐപികൾക്കൊപ്പം ഓടിക്കിതച്ച് ബൊലേറോകൾ, വിശ്രമമില്ലാത്ത ഡ്രൈവർമാർ; കേരള പോലീസിന്റെ അവശത തുറന്നുകാട്ടി പഠന റിപ്പോർട്ട്

വിഐപികൾക്കൊപ്പം ഓടിക്കിതച്ച് ബൊലേറോകൾ, വിശ്രമമില്ലാത്ത ഡ്രൈവർമാർ; കേരള പോലീസിന്റെ അവശത തുറന്നുകാട്ടി പഠന റിപ്പോർട്ട്

സ്വന്തമായി 3610 വാഹനങ്ങളുള്ള പോലീസ് സേനയില്‍ ആകെയുള്ള സ്ഥിരം ഡ്രൈവര്‍മാര്‍ 3128 പേര്‍ മാത്രം

അടിസ്ഥാന സൗകര്യങ്ങളില്‍ കേരള പോലീസ് നേരിടുന്ന വെല്ലുവിളികള്‍ തുറന്നുകാട്ടി ഭരണ പരിഷ്കാരകമ്മീഷന്‍ പഠന റിപ്പോര്‍ട്ട്. സേനയില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം മുതല്‍ ഉദ്യോഗസ്ഥരുടെ അഭാവം വരെ സേനയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. പോലീസ് സേനയില്‍ 760 ഡ്രൈവര്‍ തസ്തികകള്‍ ഉടനടി സൃഷ്ടിക്കണമെന്നും എസ്‌കോര്‍ട്ട് വാഹനങ്ങളുടെ ക്രമീകരണത്തില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ പഠന റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കൂടുതല്‍ പോലീസ് ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കണം, വിഐപി എസ്‌കോര്‍ട്ട് പോകാനായി പ്രത്യേക വാഹനങ്ങള്‍ സജ്ജീകരിക്കണം, ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കണം എന്നിങ്ങനെ നിര്‍ദ്ദേശങ്ങളാണ് പഠന റിപ്പോര്‍ട്ടില്‍ ഉള്ളത്.

വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ഡ്രൈവര്‍മാര്‍ സേനയില്‍ ഇല്ലെന്നും 1160 ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്നും ചൂണ്ടിക്കാട്ടി മുന്‍പ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ വിഷയം പരിഗണിച്ച സര്‍ക്കാര്‍ കേവലം 400 തസ്തികകള്‍ മാത്രമാണ് 2017ല്‍ സൃഷ്ടിച്ചത്. ശേഷിക്കുന്ന 760തസ്തികള്‍ കൂടി ഉടന്‍ അനുവദിക്കണമെന്നാണ് പഠനറിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

ഈ 760 നിയമനങ്ങള്‍ നടത്തിയാല്‍ പോലുംകൊണ്ട് പോലും വകുപ്പിലെ ഡ്രൈവര്‍മാരുടെ കുറവ് പൂര്‍ണമായി നികത്താനാകില്ല. 2719 എസ് യു വികള്‍, 328 ഹെവി മോട്ടോര്‍ വാഹനങ്ങള്‍, 203 മീഡിയം മോട്ടോര്‍ വാഹനങ്ങള്‍, 158 ജീപ്പുകള്‍, 132 കാറുകള്‍ ഉള്‍പ്പെടെ 3610 വാഹനങ്ങളാണ് സേനയ്ക്ക് സ്വന്തമായി ഉള്ളത്. എന്നാല്‍ പോലീസ് വകുപ്പില്‍ സ്ഥിരം ഡ്രൈവര്‍മാരായി 3128 പേര്‍ മാത്രമാണുള്ളത്. ആവശ്യത്തിന് ഡ്രൈവര്‍മാര്‍ ഇല്ലാത്തതുകൊണ്ട് ഡ്രൈവര്‍ ചുമതലയോടൊപ്പം തന്നെ സ്‌റ്റേഷനുകളിലെ ദൈനംദിന ജോലികളും പോലീസ് ഡ്രൈവര്‍മാര്‍ക്ക് ചെയ്യേണ്ടതായിവരുന്നുണ്ട്. നിലവില്‍ ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നില്ലെന്നും 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നു എന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഡ്യൂട്ടി ചെയ്യുന്നത് ഡ്രൈവറുടെ ആരോഗ്യത്തിനും വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കും വെല്ലുവിളിയാണെന്ന വിലയിരുത്തലില്‍ ഡ്രൈവര്‍മാരുടെ ജോലി സമയം 12 മണിക്കൂറായി പരിമിതപ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഒഴികെ പോലീസ് ഡ്രൈവര്‍മാരെ മറ്റ് ഡ്യൂട്ടികള്‍ക്കായി നിയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

3610 വാഹനങ്ങളാണ് സേനയ്ക്ക് സ്വന്തമായി ഉള്ളത്. സ്ഥിരം ഡ്രൈവര്‍മാരായി 3128 പേര്‍ മാത്രം

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിഐപികള്‍ക്കും വിവിഐപികള്‍ക്കും എസ്‌കോര്‍ട്ട് പോകുന്ന പൈലറ്റ് വാഹനങ്ങളെകുറിച്ചും ഗൗരവകരമായ നിരീക്ഷണം റിപ്പോര്‍ട്ടിലുണ്ട്. കൂടുതല്‍ ഭാരവും ഉയര്‍ന്ന വേഗതയും കൈവരിക്കാന്‍ ആകുന്ന ഇന്നോവ ക്രിസ്റ്റ പോലുള്ള വാഹനങ്ങളാണ് വിഐപികളും മറ്റും ഉപയോഗിക്കുന്നത്. എന്നാല്‍ ബോലേറോ ഉള്‍പ്പെടെയുള്ള പൈലറ്റ് എസ്‌കോട്ട് വാഹനങ്ങള്‍ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പിക്കപ്പും സ്പീഡും കുറവാണെന്നും ഇത്തരം വാഹനങ്ങള്‍ എസ്‌കോര്‍ട്ട് പോകുന്നത് സുരക്ഷിതമല്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതിനാല്‍ എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളില്‍ എസ്‌കോര്‍ട്ട് ജോലികള്‍ക്കായി ഇന്നോവ ശ്രേണിയിലുള്ള വാഹനങ്ങള്‍ വാങ്ങണമെന്നും എസ്‌കോര്‍ട്ട് ആവശ്യങ്ങള്‍ക്ക് മാത്രമായി ഈ വാഹനങ്ങള്‍ മാറ്റിവയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ഡ്രൈവര്‍മാര്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ലൈറ്റ് മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ ജോലിക്കായി നിയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ വാഹനം ശരിയായ രീതിയില്‍ പരിപാലിക്കുന്നില്ല. അതിനാല്‍ വാഹനം പെട്ടെന്ന് തകരാറിലാകുന്നു എന്നും പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഡ്രൈവര്‍മാര്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ലൈറ്റ് മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ ജോലിക്കായി നിയോഗിക്കുന്നു

വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതും താത്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നതും സേനയുടെ രഹസ്യസ്വഭാവത്തെ ബാധിക്കും

24 മണിക്കൂറും ഓടിക്കൊണ്ടിരിക്കേണ്ട ആവശ്യമുള്ളതിനാല്‍ പെട്രോളിങ് വാഹനങ്ങളുടെ കാര്യത്തില്‍ ഒരു വാഹനത്തിന് മൂന്ന് ഡ്രൈവര്‍മാര്‍ എന്ന കണക്കില്‍ ഡ്രൈവര്‍മാരെ നിയമിക്കണം എന്നാണ് നിര്‍ദേശം. സ്റ്റേഷന്‍ ആവശ്യത്തിനായും അത്യാവശ്യഘട്ടങ്ങളില്‍ രാത്രി സമയത്ത് പോലും ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ അധികമായി വേണം. രാത്രി സമയങ്ങളില്‍ ഒരു ഡ്രൈവര്‍ എങ്കിലും സ്റ്റേഷനില്‍ ഉണ്ടാകണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു പോലീസ് സ്റ്റേഷനില്‍ ഒരു വാഹനം മാത്രമേ ഉള്ളൂവെങ്കില്‍ രണ്ട് ഡ്രൈവര്‍മാരെയും രണ്ടോ അതില്‍ കൂടുതലോ വാഹനങ്ങളുണ്ടെങ്കില്‍ ഒരു വാഹനത്തിന് ഒരു ഡ്രൈവര്‍ എന്ന കണക്കിലും അനുവദിക്കേണ്ടതാണെന്ന് പഠന സംഘത്തിന്റെ വിലയിരുത്തല്‍.

വാഹനങ്ങളുടെ ലോഗ് ബുക്ക് ഡിജിറ്റല്‍ ആക്കുക, എല്ലാ വാഹനത്തിലും ജിപിഎസ് ഘടിപ്പിക്കുക, വാഹനം ഓടിക്കുന്ന ആളുടെ കൈവിരല്‍ പതിച്ച് രേഖപ്പെടുത്താവുന്ന സോഫ്റ്റ്വെയര്‍ വികസിപ്പിക്കുക, ഉപയോഗശൂന്യമായ വാഹനങ്ങളെ ഇ -ലേലത്തിലുടെ വിറ്റഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പഠന റിപ്പോര്‍ട്ടിലുണ്ട്.

പോലീസിനായി വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതും താത്കാലിക ഡ്രൈവറെ നിയമിക്കുന്നതും സേനയുടെ രഹസ്യസ്വഭാവമുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഡ്രൈവര്‍മാരുടെ സുരക്ഷയെക്കൂടി മുന്‍നിര്‍ത്തി ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതും താത്കാലിക ഡ്രൈവറെ നിയമിക്കുന്നതും പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ബൊലേറോ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവ് സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 10 വര്‍ഷത്തെ ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ സര്‍ക്കാരിന് ലാഭകരമായി വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനാകും എന്നും പഠനസംഘം നിരീക്ഷിച്ചു. ഓരോ സ്ഥലത്തിനും അനുയോജ്യമായ വാഹനങ്ങള്‍ വാങ്ങണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. പിങ്ക് പോലീസിന് പുറമേ പോലീസ് ഡ്രൈവര്‍ തസ്തികകളിലേക്കും സ്ത്രീകളെ നിയമിക്കണമെന്നും പഠനസംഘം ശുപാര്‍ശ ചെയ്തു.

logo
The Fourth
www.thefourthnews.in