'ആരാണ് പറഞ്ഞത്, ഞാൻ ഒന്നുംകേട്ടില്ല'; വനിതാ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചോദ്യത്തോട് പി കെ ശ്രീമതി

'ആരാണ് പറഞ്ഞത്, ഞാൻ ഒന്നുംകേട്ടില്ല'; വനിതാ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചോദ്യത്തോട് പി കെ ശ്രീമതി

സിപിഎമ്മിൽ സ്ത്രീകളെ പരിഗണിക്കുന്നില്ല എന്നതിനോടും പി കെ ശ്രീമതി വിയോജിച്ചു. മുൻ കാലങ്ങളിൽ അത് ശരിയായിരിക്കാം എന്നാൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു

കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെന്ന ആവശ്യം ചര്‍ച്ചയായി ഉയർന്നതായി കേട്ടിട്ടില്ലെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ പി കെ ശ്രീമതി. ആരാണ് അങ്ങനെ പറഞ്ഞതെന്നും താൻ അങ്ങനെയൊന്നും കേട്ടിട്ടില്ലെന്നും പി കെ ശ്രീമതി പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ശൈലജ ടീച്ചറുടെ പേരും ഉയർന്നു കേട്ടിരുന്നു എന്നതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീമതി ടീച്ചർ. മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പികെ ശ്രീമതിയുടെ പ്രതികരണം.

കഴിഞ്ഞ 15 വർഷത്തോളം ഒരു സ്ത്രീയും പ്രധാന പോസ്റ്റുകളിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് ആയിരക്കണക്കിന് പാർട്ടി ബ്രാഞ്ചുകളുടെ സെക്രട്ടറി സ്ത്രീകളാണ്, ലോക്കൽ സെക്രട്ടറിമാരുമുണ്ട്. അതിനിയും കൂടി വരും
പികെ ശ്രീമതി

ഏതെങ്കിലും ഒരു വ്യക്തിയെ ചൂണ്ടിക്കാട്ടി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മറുപടി പറയാൻ കഴിയില്ല. കഴിവുള്ളവർ ഉയർന്നു വരിക തന്നെ ചെയ്യും. പാർട്ടി അതിനുള്ള അവസരം നൽകുകയും ചെയ്യുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ പറഞ്ഞു. സിപിഎമ്മിൽ സ്ത്രീകളെ പരിഗണിക്കുന്നില്ല എന്നതിനോടും പി കെ ശ്രീമതി വിയോജിച്ചു. മുൻ കാലങ്ങളിൽ അത് ശരിയായിരിക്കാം എന്നാൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു.

"കഴിഞ്ഞ 15 വർഷത്തോളം ഒരു സ്ത്രീയും പ്രധാന പോസ്റ്റുകളിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് ആയിരക്കണക്കിന് പാർട്ടി ബ്രാഞ്ചുകളുടെ സെക്രട്ടറി സ്ത്രീകളാണ്, ലോക്കൽ സെക്രട്ടറിമാരുമുണ്ട്. അതിനിയും കൂടി വരും" സ്ത്രീകൾക്ക് മുൻഗണന കൊടുക്കണമെന്നത് പാർട്ടി 25 മുൻപ് തന്നെ തീരുമാനമെടുത്തതാണ്. കൂടാതെ പാർട്ടി ഭാരവാഹിത്വം ഏറ്റെടുക്കാൻ സ്ത്രീകൾ സ്വയമേവ മുന്നോട്ട് വരണമെന്നും പി കെ ശ്രീമതി അഭിമുഖത്തിൽ പറഞ്ഞു.

പാർട്ടികമ്മിറ്റികളിൽ 50 ശതമാനം വേണമെന്നല്ല, അർഹിക്കുന്ന എല്ലാവർക്കും മതിയായ സ്ഥാനം നൽകുകയാണ് വേണ്ടത്. ഭരണത്തിൽ കഴിവുള്ളവർ വരട്ടെയെന്നും അതവർ പ്രവർത്തിച്ചു തന്നെ വരണമെന്നും പി കെ ശ്രീമതി പറഞ്ഞു. തുല്യത ഉണ്ടാകുന്നത് ജനാധിപത്യത്തിലൂടെയാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിച്ചതുകൊണ്ട് മാത്രം തുല്യത വന്നു എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അതിന് വേണ്ടത് അടിസ്ഥാനപരമായ മാറ്റം ഉണ്ടാകണമെന്നുമാണ് താന്‍ വിശ്വസിക്കുന്നത് എന്നും പികെ ശ്രീമതി വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in