ഇൻഡോർ ക്ഷേത്രക്കിണർ ദുരന്തം: അനധികൃത നിർമാണം
പൊളിച്ചുനീക്കി മുനിസിപ്പാലിറ്റി

ഇൻഡോർ ക്ഷേത്രക്കിണർ ദുരന്തം: അനധികൃത നിർമാണം പൊളിച്ചുനീക്കി മുനിസിപ്പാലിറ്റി

36 പേർ മരിക്കാനിടയായ ബാലേശ്വർ മഹാദേവ് ക്ഷേത്രത്തിലെ പടിക്കിണറിന്റെ മേൽക്കൂര അനധികൃതമായി പണിതതാണെന്ന് മുൻസിപ്പാലിറ്റി

മധ്യപ്രദേശ് ഇൻഡോറിലെ ബാലേശ്വർ മഹാദേവ് ക്ഷേത്രത്തിലെ പടിക്കിണറിനു മുകളിലെ അനധികൃത നിർമാണം മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചുനീക്കി . കിണറി​ന്റെ സ്ലാബ് തകർന്നുവീണ് 36 പേർ മരിക്കാനിടയായതിനു പിന്നാലെയാണ് മുനിസിപ്പാലിറ്റിയുടെ നീക്കം.

അഞ്ച് ബുൾഡോസറുകളെത്തിച്ചാണ് ക്ഷേത്രത്തിലെത്തി കിണറിനു മുകളിലെ നിർമാണം പൊളിച്ചുമാറ്റിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ക്ഷേത്രത്തിന് സമീപം പോലീസിനെ വിന്യസിച്ചിരുന്നു. ഡെപ്യൂട്ടി മുൻസിപ്പൽ കമ്മിഷണർ, ജില്ലാ മജിസ്ട്രേറ്റ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി. കിണറിന്റെ മേൽക്കൂര അനധികൃതമായി പണിതതാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

അനധികൃത നിർമാണം ചൂണ്ടിക്കാട്ടി ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷന് സമീപവാസികൾ നേരത്തെ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ മുനിസിപ്പാലിറ്റി കൃത്യമായി നടപടി സ്വീകരിച്ചിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ദേശീയ മാധ്യമമായ എന്‍ഡിടിവി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. അനധികൃതമായി നിർമിച്ച കിണർ മേൽക്കൂര നേരത്തെ ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷൻ പൊളിക്കാനായി പദ്ധതിയിട്ടിരുന്നു. എന്നാൽ മത വികാരം വ്രണപ്പെടുത്തുന്ന നടപടിയാകുമെന്ന ക്ഷേത്ര അധികൃതരുടെ മുന്നറിയിപ്പിനെത്തുടർന്ന് പിന്മാറുകയായിരുന്നു.

ഇൻഡോറിലെ ഏറ്റവും പഴയ റെസിഡൻഷ്യൽ കോളനികളിലൊന്നായ സ്‌നേഹ് നഗറിലാണ് സ്വകാര്യ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ 200 വർഷം പഴക്കമുള്ള പടി കിണറിലാണ് അപകടം നടന്നത്. ആചാരത്തിന്റെ ഭാഗമായി രാമനവമി ആഘോഷത്തിനിടെ കയറാവുന്നതിലധികം ആളുകൾ കിണറിന് മുകളിലെ സ്ലാബിൽ കയറി നിന്നതാണ് അപകടത്തിനിടയാക്കിയത്. തങ്ങൾ നിൽക്കുന്നത് കിണറിനു മുകളിലാണെന്ന് ആളുകൾക്ക് പലർക്കും അറിയില്ലായിരുന്നു.

സ്ലാബ് തകർന്ന് കിണറിലേക്ക് വീണ് 36 പേരാണ് മരിച്ചത്.സംഭവത്തിൽ ക്ഷേത്ര ട്രസ്റ്റി ഭാരവാഹികൾക്കെതിരെ കേസെടുക്കുകയും അനധികൃത നിർമാണം പൊളിച്ചുമാറ്റാത്തതിൽ രണ്ട് മുൻസിപ്പൽ ഉദ്യോഗസ്ഥരെ സസ്​പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇത്തരം അപകടങ്ങൾ സംസ്ഥാനത്ത് ഒരിടത്തും ആവർത്തിക്കാതിരിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കലക്ടറുമാർക്ക് നിർദേശം നൽകി. നാട്ടിലെ മുതിർന്ന വ്യക്തികളോട് സംസാരിച്ച് ഓരോ ജില്ലയിലെയിലെയും പരമ്പരാഗത, പുരാതന കിണറുകൾ കണ്ടെത്തി പട്ടിക തയ്യാറാക്കണം. ശാസ്ത്രീയമായ രീതിയിൽ നികത്താതെ മൂടിയ കിണറുകളുടെ കാര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സർക്കാർ ഭൂമിയിൽ തുറന്ന കുഴൽക്കിണർ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ജീവനക്കാരനുമെതിരെ നടപടിയെടുക്കാനും നിർദേശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശിൽ നടപടിക്രമങ്ങൾ ആരംഭിച്ചു. ഇൻഡോറിലെ 629 ജലാശയങ്ങളിലും ഐഎംസി ഉദ്യോഗസ്ഥർ സർവേ നടത്തും.

logo
The Fourth
www.thefourthnews.in