'ഒറ്റയ്ക്ക് വളർന്ന മരം, മലയാള നാടിന്റെ മന്നൻ'; കാരണഭൂതനു പിന്നാലെ മറ്റൊരു പിണറായി സ്തുതി, സമൂഹമാധ്യമങ്ങളിൽ പരിഹാസം

'ഒറ്റയ്ക്ക് വളർന്ന മരം, മലയാള നാടിന്റെ മന്നൻ'; കാരണഭൂതനു പിന്നാലെ മറ്റൊരു പിണറായി സ്തുതി, സമൂഹമാധ്യമങ്ങളിൽ പരിഹാസം

നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടിന്റെ വരികൾ കൗതുകവും ചിരിയുമുണര്‍ത്തുന്നതുമാണ്

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ നടത്തിയ നവകേരള സദസ് യാത്ര സൃഷ്ടിച്ച വിവാദം കെട്ടടങ്ങുന്നതിനു മുൻപ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുന്ന ഗാനം. പിണറായി വിജയനെ സിംഹം പോലെ ഗർജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളർന്ന മരമായും വാഴ്ത്തി ചിത്രീകരിച്ച ഗാനം 'കേരള സിഎം' എന്ന തലക്കെട്ടോടെയാണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.

നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടിന്റെ വരികൾ കൗതുകവും ചിരിയുമുണര്‍ത്തുന്നതുമാണ്. ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ് എന്നാണ് ഗാനത്തിൽ പിണറായിക്കുള്ള മറ്റൊരു വിശേഷണം.

''പിണറായി വിജയന്‍...നാടിന്റെ അജയ്യന്‍...

നാട്ടാർക്കെല്ലാം സുപരിചിതന്‍...

തീയില്‍ കുരുത്തൊരു കുതിരയെ...

കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ...

മണ്ണില്‍ മുളച്ചൊരു സൂര്യനെ...മലയാള നാടിന്‍ മന്നനെ..."

എന്നിങ്ങനെയാണ് ഗാനത്തിന്റെ വരികള്‍ പോകുന്നത്. നിഷാന്ത് നിളയാണ് വരികളും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് പേജിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. ഗാനത്തിന് പിന്നില്‍ സിപിഎമ്മിന്റെ കൈകളുണ്ടോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

വീഡിയോ ഗാനത്തില്‍നിന്ന്
വീഡിയോ ഗാനത്തില്‍നിന്ന്

വീഡിയോയുടെ തുടക്കത്തില്‍, സ്വർണക്കടത്ത് കേസ് വിവാദം ഉള്‍പ്പടെ സർക്കാരിനെതിരായ നീക്കം ആസൂത്രിതമാണെന്ന് കാണിക്കാനുള്ള ശ്രമങ്ങളുമുണ്ട്. വെള്ളപ്പൊക്കവും കോവിഡുമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പിണറായിയുടെ മുന്നേറ്റത്തിന് തുണയായതായും വീഡിയോയില്‍ പറയുന്നു. എട്ട് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോയില്‍ പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെ ആവിഷ്കരിക്കുന്നതാണ്. യൂട്യൂബിൽ വീഡിയോയ്ക്ക് വലിയ വിമർശവുമാണ് പരിഹാസവുമാണ് ഉയരുന്നത്.

വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍
വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍

ഇതിന് മുന്‍പ് 2022-ല്‍ തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള മെഗാതിരുവാതിര വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെയായിരുന്നു 500 പേർ പങ്കെടുത്ത തിരുവാതിര. ഈ പാട്ടിലെ കാരണഭൂതൻ എന്ന പരാമർശം പിന്നീട് രാഷ്ട്രീയ പ്രയോഗമായി തന്നെ രാഷ്ട്രീയ പ്രതിയോഗികൾ ഏറ്റെടുത്തിരുന്നു.

''ഭൂലോകമെമ്പാടും കേളി കൊട്ടി...

മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി..

ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന

സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ.

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ

പിണറായി വിജയനെന്ന സഖാവ് തന്നെ..

എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം

അടിപതറാതെ പോരാടിയ ധീര സഖാവാണ് ’’

എന്നിങ്ങനെയായിരുന്നു മെഗാതിരുവാതിരയുടെ വരികള്‍. ഈ വരികൾ വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയതിനൊപ്പം പാർട്ടിക്കുള്ളില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. എന്നാൽ പാട്ടിനും നൃത്താവിഷ്കാരണത്തിനും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയിലേക്ക് സിപിഎം കടന്നില്ല.

വീഡിയോ ഗാനത്തില്‍ നിന്ന്
വീഡിയോ ഗാനത്തില്‍ നിന്ന്

നേർ വിപരീതമായിരുന്നു സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി ജയരാജനെ സ്തുതിച്ചുകൊണ്ടുള്ള ഗാനം പുറത്തുവന്നപ്പോഴത്തെ സ്ഥിതി. പിജെ ആർമി എന്ന സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രചരിച്ച വീഡിയോയുടെ പേരില്‍ പാർട്ടിക്കുള്ളില്‍ തന്നെ വലിയ വിമർശനമുണ്ടായിരുന്നു. വ്യക്തിപൂജ ആരോപിച്ച് അന്ന് സിപിഎം നടപടിയെടുക്കുകയും ചെയ്തു.

വീഡിയോ ഗാനത്തില്‍ നിന്ന്
വീഡിയോ ഗാനത്തില്‍ നിന്ന്

ജയരാജൻ സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി സിപിഎം. ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. കമ്മീഷന്റെ റിപ്പോർട്ട് ജയരാജന് അനുകൂലമായിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു പാർട്ടി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ തയാറായത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in