നിയമപോരാട്ടത്തിനൊടുവിൽ വിജയം; അച്ഛന് കരൾ പകുത്ത് നൽകി ദേവനന്ദ

നിയമപോരാട്ടത്തിനൊടുവിൽ വിജയം; അച്ഛന് കരൾ പകുത്ത് നൽകി ദേവനന്ദ

രാജ്യത്ത് ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരാൾ അവയവ ദാതാവാകുന്നത്.
Updated on
1 min read

നിയമപോരാട്ടത്തിനൊടുവിൽ കരൾ രോഗിയായ അച്ഛന് കരൾ പകുത്ത് നൽകി ദേവനന്ദ. പതിനേഴുകാരിയായ ദേവനന്ദയ്ക്ക് അവയവമാറ്റത്തിന് നിയമം തടസ്സമായി നിന്നപ്പോഴായിരുന്നു നിയമപോരാട്ടത്തിലേക്ക് കാര്യങ്ങൾ നയിച്ചത്. അവയവമാറ്റവുമായി ബന്ധപ്പെട്ട് 1994ലെ നിയമ പ്രകാരം 18 വയസ്സ് പൂർത്തിയാകാത്തവർക്ക് അവയവ ദാനം നടത്താൻ കഴിയില്ല. എന്നാൽ അവിടെയും ദേവനന്ദ തളർന്നില്ല. നിയമത്തിന്റെ എല്ലാ സാധ്യതകളെയും കുറിച്ച് അന്വേഷിച്ചറിയുകയും സമാനമായ കേസിൽ കോടതിയിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അവയവ ദാനത്തിന് അനുമതി ലഭിച്ച ഉത്തരവ് ദേവനന്ദ കണ്ടെത്തിയതുമാണ് ഹൈക്കോടതിയിൽ നിന്നുള്ള അനുകൂലവിധിയിലേക്ക് എത്തിച്ചത്.

രാജ്യത്ത് ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരാൾ അവയവ ദാതാവാകുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷവും, പ്രതീഷിന് ചേരുന്ന ദാതാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് തൃശൂർ കോലഴി സ്വദേശിയായ മകൾ ദേവനന്ദ കരൾ നൽകാൻ മുന്നോട്ട് വന്നത്. എന്നാൽ, ഒട്ടേറെ എതിർപ്പുകൾ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഭാ​ഗത്ത് നിന്നും ഉയർന്നുവെങ്കിലും ​ദേവനന്ദ പിന്മാറിയില്ല. ഒടുവിൽ അവളുടെ നിശ്ചയ​ദാർഢ്യത്തിനൊപ്പം അമ്മയും ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരും കൂടെ നിന്നു.

അഡ്വ.പി എൻ ഷാജിയാണ് ദേവനന്ദയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ വാദിച്ചത്. ഹൈക്കോടതി രൂപീകരിച്ച മെഡിക്കൽ ബോർഡിന് മുന്നിൽ എല്ലാ രേഖകളും ഹാജരാക്കി. ഒട്ടേറെ എതിർപ്പുകൾ ഉണ്ടായിട്ടും, അതിനെയെല്ലാം മറികടന്ന് പോരാടിയ ദേവനന്ദയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു അവയവ മാറ്റത്തിന് ജസ്റ്റീസ് വി ജി അരുണിൻ്റെ ഉത്തരവ്. പിന്നെ കൃത്യമായ ഭക്ഷണക്രവും, ചിട്ടയായ വ്യായാമവുമായി ദേവനന്ദ ശസ്ത്രക്രിയക്കായി ഒരുങ്ങി. ആലുവ രാജഗിരി ആശുപത്രിയിലെ കരൾ മാറ്റിവെക്കൽ വിദ്ഗദൻ ഡോ.രാമചന്ദ്ര നാരായണ മേനോൻ്റെ നേതൃത്വത്തിൽ ഈ മാസം 9നായിരുന്നു ശസ്ത്രക്രിയ.

ശസ്ത്രക്രിയക്കായി ദേവനന്ദ കാട്ടിയ ഇച്ഛാശക്തിയെ രാജഗിരി ആശുപത്രി മാനേജ്മെന്റും അഭിനന്ദിച്ചു. കൂടാതെ, ദേവനന്ദയുടെ മുഴുവൻ ചികിത്സാ ചിലവും ആശുപത്രി മാനേജ്മെന്റ് ഏറ്റെടുത്തിരുന്നു. അവയവ ദാനത്തിൽ ലോകത്തിന് തന്നെ മാതൃകയാണ് ദേവനന്ദയെന്നായിരുന്നു ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിളളി പ്രതികരിച്ചത്. കൂടുതൽ പേർക്ക് പ്രചോദനവും, ധൈര്യവും നൽകുന്നതാണ് ദേവനന്ദയുടെ പ്രവർത്തിയെന്ന് ഡോ.രാമചന്ദ്രനും കൂട്ടിച്ചേർത്തു.

തൃശൂരിൽ കഫെ നടത്തി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനിടെയാണ് 48കാരനായ പ്രതീഷിൻ്റെ ജീവിതം മാറി മറിയുന്നത്. കാലിൽ ചെറിയ രീതിയിൽ നീര് വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതീഷിൻ്റെ കരളിൽ ക്യാൻസറെന്ന് കണ്ടെത്തുകയായിരുന്നു. കരൾ മാറ്റി വയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെയാണ് ദാതാവിനെ തേടി കുടുംബം അലയുന്നത്. കരൾ മാറ്റത്തെയും സാധ്യതകളെയും കുറിച്ച് മനസിലാക്കിയ ദേവനന്ദ ഒടുവിൽ അച്ഛന് കരൾ നൽകാൻ മുന്നോട്ട് വരികയായിരുന്നു.

അച്ഛനോടുളള ഇഷ്ടം തന്നെയാണ് കരൾ പകുത്ത് നൽകുന്നതിലേക്ക് തന്നെ നയിച്ചതെന്ന് ദേവനന്ദ പറയുന്നു.തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെൻ്റ് സ്കൂളിലെ വിദ്യാർത്ഥിനിയായ ദേവനന്ദ ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്.

logo
The Fourth
www.thefourthnews.in