കള്ളനോട്ട് കേസ്: ആലപ്പുഴയില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കള്ളനോട്ട് കേസ്: ആലപ്പുഴയില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

എടത്വയില്‍ കൃഷി ഓഫീസറായ എം ജിഷമോളെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. എടത്വയില്‍ കൃഷി ഓഫീസറായ എം ജിഷമോളാണ് സസ്‌പെന്‍ഷനിലായത്. കഴിഞ്ഞ ദിവസമാണ് കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ജിഷയെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നു ലഭിച്ച ഏഴ് വ്യാജനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് വിവരം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ജിഷമോളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഷമോളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കള്ളനോട്ടുകളുടെ ഉറവിടം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴ് കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. നോട്ടുകള്‍ പിടിക്കപ്പെട്ടപ്പോള്‍ കൃഷി ഓഫീസറായ ജിഷമോള്‍ നല്‍കിയതാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇവ കള്ളനോട്ടുകളാണെന്ന് ഇയാൾക്ക് അറിയില്ലായിരുന്നു. ആലപ്പുഴ കളരിക്കലില്‍ വാടക വീട്ടിലാണ് ജിഷമോളുടെ താമസം. നേരത്തെ, വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചെന്നും മുന്‍പ് ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു.

കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് കായംകുളത്ത് ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അഖില്‍ ജോര്‍ജ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒൻപതാം പ്രതിയായ സനീറിനൊപ്പം ബെംഗളൂരുവില്‍ നിന്ന് 30 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ വാങ്ങി പലര്‍ക്കായി വിതരണം ചെയ്തവരില്‍ ഒരാളാണ് അഖില്‍ ജോര്‍ജ്. എറണാകുളത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. ഈ കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. കേസില്‍ ഒന്നു മുതല്‍ ഒൻപത് വരെയുള്ള പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.

logo
The Fourth
www.thefourthnews.in