എകെജി സെന്റര്‍ ആക്രമണം; പ്രതി ജിതിന്റെ ജാമ്യാപേക്ഷ തള്ളി

എകെജി സെന്റര്‍ ആക്രമണം; പ്രതി ജിതിന്റെ ജാമ്യാപേക്ഷ തള്ളി

സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ

എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ജിതിന്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്.

പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് ജിതിന്‍ എകെജി സെന്ററിന് നേരെ എറിഞ്ഞതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. പുറ്റിങ്ങലില്‍ നൂറുകണക്കിന് പേരുടെ ജീവന്‍ നഷ്ടമായത് ഇത്തരം ചെറിയൊരു സ്‌ഫോടനത്തില്‍ നിന്നാണ്. അതുപോലെ വ്യാപ്തിയുള്ള കുറ്റകൃത്യമാണ് ജിതിന്‍ ചെയ്തതെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കഴിഞ്ഞ 22നാണ് എകെജി സെന്റര്‍ ആക്രമണക്കേസില്‍ ജിതിന്‍ പോലീസിന്റെ കസ്റ്റഡിയിലാകുന്നത്. നാല് ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞതിന് ശേഷമാണ് ജിതിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ വന്നത്. കഴിഞ്ഞ ദിവസം വിശദമായ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നതിന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ഒറ്റ വാചകത്തില്‍ തന്നെ ജാമ്യം നിഷേധിക്കുന്നു എന്നാണ് കോടതി അറിയിച്ചത്.

അതേസമയം, ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിതിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in