യൂത്ത് കോണ്‍ഗ്രസില്‍ പിരിവിന് പേഴ്സണല്‍ അക്കൗണ്ട്‌, വിവാദം; തുക വകമാറ്റുമെന്ന് ചില ഭാരവാഹികള്‍

യൂത്ത് കോണ്‍ഗ്രസില്‍ പിരിവിന് പേഴ്സണല്‍ അക്കൗണ്ട്‌, വിവാദം; തുക വകമാറ്റുമെന്ന് ചില ഭാരവാഹികള്‍

ജനപ്രതിനിധികളടക്കമുള്ള കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അടക്കമുള്ളവരും പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ട്

സംസ്ഥാന സമ്മേളനത്തിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് 'നമ്മുടെ സമ്മേളനത്തിന് എന്റെ വിഹിതം' എന്ന പേരില്‍ പിരിച്ചെടുക്കുന്ന പണം മുഴുവന്‍ എത്തുന്നത് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബിന്റെ ബാങ്ക് അക്കൗണ്ടിൽ. പണം ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്ററുകളില്‍ നല്‍കിയിരിക്കുന്ന ഗൂഗിള്‍ പേ നമ്പരും ജോബിന്‍ ജേക്കബിന്റേതാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചില്‍ അക്കൗണ്ട്‌ ഉണ്ടായിരിക്കവെയാണ് വ്യക്തിപരമായ അക്കൗണ്ടിലൂടെയുള്ള പണപ്പിരിവ്.

സംഘടനയക്ക് വരുന്ന ഫണ്ടില്‍ തിരിമറി നടത്തുന്നതിന് വേണ്ടിയാണ് വ്യക്തിയുടെ അക്കൗണ്ട്‌ വഴി പിരിവ് നടത്തുന്നതെന്ന് ആക്ഷേപം

ഒരു വിഭാഗം ഭാരവാഹികള്‍ ഇത് ചോദ്യം ചെയ്തെങ്കിലും അത് കണ്ടില്ലെന്ന് നടിച്ച് പണം പേഴ്സണല്‍ അക്കൗണ്ടിലൂടെ സ്വീകരിക്കാന്‍ സംസ്ഥാന കമ്മിറ്റി അനുമതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളന നടത്തിപ്പിലേക്ക് 100 രൂപ ആവശ്യപ്പെട്ടാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രചാരണം. ജനപ്രതിനിധികളടക്കമുള്ള കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അടക്കമുള്ളവരും പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ട്. 100 രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും അതിലധികം തുക പലരും നല്‍കിയതായി സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ നിന്ന് മനസ്സിലാക്കാം. ഇങ്ങനെ ലക്ഷക്കണക്കിന് രൂപ ജോബിന്‍ ജേക്കബിന്റെ അക്കൗണ്ടിലേക്ക് സംഭാവനയായി വരും. സംഘടനയക്ക് വരുന്ന ഫണ്ടില്‍ തിരിമറി നടത്തുന്നതിന് വേണ്ടിയാണ് വ്യക്തിയുടെ അക്കൗണ്ട്‌ വഴി പിരിവ് നടത്തുന്നതെന്നാണ് എതിര്‍ക്കുന്ന സംസ്ഥാന ഭാരവാഹികളുടെ ആക്ഷേപം.

സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ട്‌ വഴി പണം പിരിച്ചാല്‍ ഗൂഗിള്‍ പേ വഴി പണം സ്വീകരിക്കാന്‍ സാങ്കേതിക തടസ്സമുണ്ട്

ജോബിന്‍ ജേക്കബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

എന്നാല്‍, സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ട്‌ വഴി പണം പിരിച്ചാല്‍ ഗൂഗിള്‍ പേ വഴി പണം സ്വീകരിക്കാന്‍ സാങ്കേതിക തടസ്സമുണ്ടെന്ന് ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് 'ദ ഫോര്‍ത്തി'നോട് വ്യക്തമാക്കി. അതുകൊണ്ടാണ് വ്യക്തിപരമായ അക്കൗണ്ട്‌ വഴി പണം പിരിയ്ക്കാന്‍ തീരുമാനിച്ചത്. ഫണ്ട് വരുന്ന അക്കൗണ്ട്‌ സ്ഥിരമായി ഉപയോഗിക്കുന്ന അക്കൗണ്ട്‌ അല്ലെന്നും പണപ്പിരിവിന് വേണ്ടി മാത്രം താത്ക്കാലികമായി എടുത്തതാണെന്നും ജോബിന്‍ വിശദീകരിച്ചു. മെയ് 26ന് സംസ്ഥാന സമ്മേളനം തീരുന്നതിന് പിന്നാലെ ത്യശ്ശൂര്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിലെ മിഷന്‍ ക്വാര്‍ട്ടേഴ്സ് ബ്രാഞ്ചില്‍ തുടങ്ങിയ അക്കൗണ്ട്‌ ക്ലോസ് ചെയ്യുമെന്നും ജോബിന്‍ പറയുന്നു.

logo
The Fourth
www.thefourthnews.in