ആലപ്പുഴയില്‍ സിപിഎം നിയന്ത്രണത്തിലുള്ള പാലിയേറ്റീവ് സൊസൈറ്റിയിൽ ക്രമക്കേടെന്ന് ആരോപണം; നിഷേധിച്ച് എച്ച് സലാം എംഎല്‍എ

ആലപ്പുഴയില്‍ സിപിഎം നിയന്ത്രണത്തിലുള്ള പാലിയേറ്റീവ് സൊസൈറ്റിയിൽ ക്രമക്കേടെന്ന് ആരോപണം; നിഷേധിച്ച് എച്ച് സലാം എംഎല്‍എ

വാര്‍ത്തയുണ്ടാക്കുന്നവര്‍ കണ്ട് ശീലിച്ച ആളുകളുടെ കൂടെ കൂട്ടാന്‍ എന്നെ കിട്ടില്ല

അമ്പലപ്പുഴയിലെ ചേതന പാലിയേറ്റീവ് സൊസൈറ്റിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ സിപിഎമ്മിൽ പുതിയ വിവാദം. സിപിഎം നിയന്ത്രണത്തിനുള്ള പാലിയേറ്റീവ് സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു മാധ്യമവാർത്തകൾ. അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം ആണ് ചേതന പാലിയേറ്റ് സൊസൈറ്റി സെക്രട്ടറി.

സൊസൈറ്റി രൂപീകരിച്ചിട്ട് എട്ടു വര്‍ഷമായിട്ടും കണക്കുകള്‍ അവതരിപ്പിച്ചില്ല. നിയമപരമായി ചേരേണ്ട പൊതുയോഗം അടക്കമുള്ളവ ചേര്‍ന്നില്ല തുടങ്ങിയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. തോട്ടപ്പള്ളി മുൻ ലോക്കൽ സെക്രട്ടറി എസ്. ശ്രീകുമാറാണ് പാർട്ടി, സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നൽകി എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ആരോപണങ്ങള്‍ തള്ളി അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം രംഗത്തെത്തി. അന്വേഷണത്തിനായി പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ്, അന്വേഷണ കമ്മീഷനെ നിശ്ചയിച്ചിട്ടില്ലെന്നും അഴിമതിക്കാര്‍ക്ക് എതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ആളാണ് താനെന്നും എംഎല്‍എ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എച്ച് സലാമിന്റെ പ്രതികരണം.

നിരാലംബരായ നൂറു കണക്കിന് രോഗികള്‍ക്ക് ആശ്വാസമേകുന്ന 'ചേതന' പാലിയേറ്റീവ് അമ്പലപ്പുഴയുടെ ജീവകാരുണ്യ മുഖമായിത്തീര്‍ന്ന പ്രസ്ഥാനമാണ്. 'അനര്‍ഹമായ ഒരു രൂപ പോലും ആരില്‍ നിന്നും വാങ്ങിക്കൂട' എന്ന കാഴ്ചപ്പാടിലായിരുന്നു ഇതുവരെ ജീവിതം. വാര്‍ത്തയുണ്ടാക്കുന്നവര്‍ കണ്ട് ശീലിച്ച ആളുകളുടെ കൂടെ കൂട്ടാന്‍ എന്നെ കിട്ടില്ല. എച്ച് സലാം ഫേസ്ബുക്കില്‍ കുറിച്ചു.

logo
The Fourth
www.thefourthnews.in