ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസ്: വിധി അൽപ്പ സമയത്തിനകം

ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസ്: വിധി അൽപ്പ സമയത്തിനകം

മുൻകൂട്ടി ആലോചിച്ച് നടപ്പാക്കിയ ക്രൂരമായ കൊലപാതകമാണെന്നും പ്രതി ലൈംഗിക താൽപ്പര്യം തീർക്കാൻ വേണ്ടി കുട്ടിയെ ഉപയോഗിച്ചതാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു

ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിന്റെ ശിക്ഷവിധി അല്‍പ്പസമയത്തിനകം. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക. പ്രതിക്കെതിരെ 16 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

സാഹചര്യത്തെളിവുകൾക്ക് പുറമെ ഡിഎൻഎ തെളിവും കുറ്റകൃത്യം നടത്തിയ സ്വഭാവത്തിൻ്റെ ഗൗരവവും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിക്കുക. മുൻകൂട്ടി ആലോചിച്ച് നടപ്പാക്കിയ ക്രൂരമായ കൊലപാതകമാണെന്നും പ്രതി ലൈംഗിക താൽപ്പര്യം തീർക്കാൻ കുട്ടിയെ ഉപയോഗിച്ചതാണെന്നുമാണ് പ്രോസിക്യൂഷൻ വാദം.

വിധി കേള്‍ക്കാനായി പ്രതിയെ രാവിലെ തന്നെ ആലുവ സബ് ജയിലില്‍നിന്ന് കോടതിയിലെത്തിച്ചു. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളും എത്തിയിട്ടുണ്ട്. രാവിലെ ഒൻപതരയോടെ കോടതിയിലെത്തിയ ജഡ്ജി ക്യത്യം 11ന് തന്നെ വിധി പ്രസ്താവിക്കും.

സമാന കുറ്റകൃത്യം നേരത്തെയും ചെയ്തതിനാൽ പ്രതി പീഡോഫീലിക്കാണെന്നും ഒരുതരത്തിലും മാനസാന്തരത്തിന് സാധ്യതയില്ലാത്ത ക്രൂരനായ കൊലയാളിയാണെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. കുട്ടിയുടെ നിഷ്കളങ്കത സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വലിയ അളവിൽ മദ്യം നൽകിയതിനാൽ കുട്ടിക്ക് കരയാൻ പോലും കഴിഞ്ഞില്ല. കുട്ടിയുടെ ജനനേന്ദ്രിയം തകർത്തു, മുഖം മാലിന്യത്തിൽ താഴ്ത്തി, മാലിന്യം നിക്ഷേപിക്കാൻ പോകുന്ന ലാഘവത്തോടെയാണ് മാർക്കറ്റിൽനിന്ന് പ്രതി ക്രൂരമായ കുറ്റക്യത്യം നടത്തി ഇറങ്ങി വന്നത്. ക്രൂരമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അനുകൂലമായ ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ആവർത്തിച്ചുള്ള ഇത്തരം കുറ്റകൃത്യങ്ങൾ കാരണം കുട്ടികളെ സ്വതന്ത്രമായി കളിക്കാൻ വിടാൻ പോലും മാതാപിതാക്കൾ ഭയപ്പെടുകയാണ്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഒാരോ രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നതാണ്. കൊല്ലപ്പെട്ട പെൺകുട്ടിയെയും കുടുംബത്തെയും മാത്രമല്ല അസ്ഫാക് ആലത്തിന്റെ ക്രൂരമായ കുറ്റകൃത്യം ആഴത്തിൽ ബാധിച്ചിരിക്കുന്നത്. തങ്ങളുടെ മകൾക്ക് ഈ അവസ്ഥ ഉണ്ടായാൽ നിയമം എങ്ങനെ പരിഗണിക്കുമെന്ന വലിയ ആശങ്കയും ഭയവും രാജ്യത്തെ ഓരോ രക്ഷിതാവിനുമുണ്ട്. കുട്ടിയുടെ കുടുംബത്തിനുണ്ടായ നഷ്ടം പരിഗണിക്കാതിരിക്കാൻ കഴിയില്ലെന്നും കുട്ടികൾക്ക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുന്നതാണ് ഇത്തരം ക്രൂരകൃത്യങ്ങളെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പ്രതിയുടെ പ്രായം, മാനസാന്തര സാധ്യത എന്നിവ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. നവീകരണ സിദ്ധാന്തമാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നതല്ലെന്നും പ്രതിഭാഗം വാദമുന്നയിച്ചിരുന്നു. പ്രതി സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ആളാണ്. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും അതിനാൽ വധശിക്ഷ നൽകരുതെന്നുമായിരുന്നു പ്രതിഭാഗത്തിന്ർറെ നിലപാട്. പ്രതിക്ക് മാനസിക സ്ഥിരത ഇല്ലാത്തതുകൊണ്ടാണ് കാര്യങ്ങൾ ഒന്നും പറയാതിരുന്നതെന്ന് പ്രതിഭാഗം അറിയിച്ചിരുന്നു.

മലയാളം അറിയില്ലെന്ന് പറഞ്ഞ് പ്രതി അസ്ഫാക് ആലം അന്വേഷണ ഘട്ടത്തിൽ പോലീസിനെയും വിചാരണഘട്ടത്തിൽ കോടതിയെയും തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ജൂലൈ 27 നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ആലുവ മാർക്കറ്റിന് പിന്നിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ അതിവേഗം പൂർത്തിയാക്കിയത്.ഇക്കഴിഞ്ഞ നാലിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in