'കുട്ടിയുടെ നിഷ്‌കളങ്കത പ്രതി ചൂഷണം ചെയ്തു', വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍; മാനസിക സ്ഥിരതയില്ലെന്ന് പ്രതിഭാഗം

'കുട്ടിയുടെ നിഷ്‌കളങ്കത പ്രതി ചൂഷണം ചെയ്തു', വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍; മാനസിക സ്ഥിരതയില്ലെന്ന് പ്രതിഭാഗം

ലൈംഗിക താല്‍പ്പര്യം തീര്‍ക്കാന്‍ വേണ്ടി കുഞ്ഞിനെ ഉപയോഗിച്ചുവെന്നും മാനസാന്തരസാധ്യത പ്രതിക്കില്ലെന്നും പ്രോസിക്യൂഷൻ

ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ശിക്ഷ ശിശുദിനമായ നവംബര്‍ 14 ന് വിധിക്കുമ്പോള്‍ ഇന്ന് നടന്ന വാദം നിര്‍ണായകമാകും. ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദം എറണാകുളം പോക്‌സോ കോടതിയില്‍ പൂര്‍ത്തിയായി. പ്രതി  അസ്ഫാഖ് ആലത്തിനെതിരെ 16 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെങ്കിലും ശിക്ഷ 13 വകുപ്പുകളിലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

സമൂഹത്തിന്റെ സംരക്ഷണമാണ് പ്രധാനമെന്നും കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കണമെന്നും അതിനാണ് ശിക്ഷ നല്‍കേണ്ടത്. ഡല്‍ഹി നിര്‍ഭയ കേസില്‍ പറയുന്നത് ഇതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സുപ്രീം കോടതി പറയുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നതിന്റെ എല്ലാ മാനദണ്ഡങ്ങളും ഈ കേസില്‍ വരുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷൻ വാദം

പ്രതി മുന്‍കൂട്ടി ആലോചിച്ച് നടപ്പാക്കിയ ക്രൂരമായ കൊലപാതകമാണ്. പ്രതി ലൈംഗിക താല്‍പ്പര്യം തീര്‍ക്കാന്‍ വേണ്ടി കുഞ്ഞിനെ ഉപയോഗിച്ചു. മാനസാന്തര സാധ്യത ഇല്ല. പ്രതിക്ക് 29 വയസാണ് പ്രായം. വധശിക്ഷ നല്‍കാന്‍ പ്രായം ഒരു ഘടകമല്ല. പ്രതി കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. പീഡോഫിലിക്കായ പ്രതി സമാന കുറ്റകൃത്യം നേരത്തെയും ചെയ്തിട്ടുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയം പ്രധാനമാണ്. പകല്‍ വെളിച്ചത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തിരഞ്ഞെടുത്ത സമയം പ്രധാനമാണ്. കുട്ടിയുടെ നിഷ്‌കളങ്കത സി സി ടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. കുട്ടിക്ക് കരയാന്‍ പോലും കഴിയാത്തത്ര വലിയ അളവില്‍ മദ്യം നല്‍കി. സമാനതകളില്ലാത്ത ലൈംഗിക അതിക്രമം - ക്രൂരതയാണ് പ്രതി ചെയ്തത്.

കുട്ടിയുടെ നിഷ്‌കളങ്കത പ്രതി ചൂഷണം ചെയ്യുകയായിരുന്നു. കുട്ടിയുടെ ജനനേന്ദ്രിയം തകര്‍ത്തു. മുഖം മാലിന്യത്തില്‍ താഴ്ത്തി. ഇത് അതിക്രൂരതയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മാലിന്യം നിക്ഷേപിക്കാന്‍ പോകുന്ന ലാഘവത്തോടെയാണ് മാര്‍ക്കറ്റില്‍നിന്ന് പ്രതി ഇറങ്ങി വന്നത്. പ്രതിക്ക് അനുകൂലമായ ഒരു സാഹചര്യവും ഇല്ല.

ഏഴ് സാഹചര്യങ്ങള്‍ ബച്ചന്‍ സിങ് കേസില്‍ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അതെല്ലാം ഈ കേസില്‍ ബാധകമാണ്. സാഹചര്യത്തെളിവുകള്‍ സുപ്രധാനമാണ്. മാത്രമല്ല ഡിഎന്‍എ തെളിവുമുണ്ട്. കുറ്റകൃത്യം നടത്തിയ സ്വഭാവം, കുഞ്ഞിന്റെ ശരീരത്തോട് കാണിച്ച ക്രൂരത എന്നിവ മാത്രം മതി വധശിക്ഷ നല്‍കാന്‍.

കുറ്റകൃത്യത്തിന്റെ സ്വഭാവം സാമൂഹിക വിരുദ്ധ സ്വഭാവം വ്യക്തമാകുന്നു. കുട്ടികള്‍ക്ക് വളരാനുള്ള സാഹചര്യം നഷ്ടപ്പെടും. കുട്ടികളെ സ്വതന്ത്രമായി കളിക്കാന്‍ വിടാന്‍ പോലും മാതാപിതാക്കള്‍ ഭയപ്പെടും. കുട്ടിയുടെ കുടുംബത്തിന് ഉണ്ടായ നഷ്ടം പരിഗണിക്കാതിരിക്കാന്‍ കഴിയില്ല.

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയാണ് നടന്നത്. സമൂഹത്തിന്റെ മനസ്സിലും മുറിവേറ്റു. എന്റെ മകള്‍ക്ക് ഈ അവസ്ഥ ഉണ്ടായാല്‍ നിയമം എങ്ങനെ പരിഗണിക്കുമെന്ന ആശങ്ക സമൂഹത്തിനുണ്ടാകും. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്താലും വധശിക്ഷ നല്‍കണമെന്നാണ് നിയമ നിര്‍മാണ സഭ നിയമഭേദഗതി വഴി ഉദ്ദേശിച്ചത്. കുഞ്ഞിന്റെ നിഷ്‌കളങ്കതയും വിശ്വാസവും ലംഘിക്കപ്പെട്ടു. പ്രതിക്ക് മാനസിക പരിവര്‍ത്തനം ഉണ്ടാകുമെന്ന് കരുതി വധശിക്ഷ നല്‍കാതിരുന്നാല്‍ അവസ്ഥ എന്താകും? ഈ സാഹചര്യത്തില്‍ വധശിക്ഷ നല്‍കണം. നിയമത്തോട് ബഹുമാനം ഇല്ലാത്ത ആളാണ് പ്രതിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതസമയം, പ്രതിയുടെ പ്രായം, മാനസാന്തര സാധ്യത എന്നിവ പരിഗണിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. നവീകരണ സിദ്ധാന്തമാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നതല്ലെന്നും പ്രതിഭാഷകൻ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

പ്രതിഭാഗം വാദം

അസഫാക് ആലമിനെക്കാള്‍ കുറഞ്ഞ പ്രായത്തിലുള്ള പ്രതികള്‍ക്ക് വധശിക്ഷ ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. പ്രതി സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക അവസ്ഥയിലുള്ള ആളാണ്. അതിനാല്‍ വധശിക്ഷ നല്‍കരുതെന്നും പ്രതിക്ക് മാനസിക സ്ഥിരത ഇല്ലെന്നും പ്രതിഭാഗം വാദിച്ചു.

അതുകൊണ്ടാണോ പോലീസ് ചോദിച്ചിട്ട് ഒരു കാര്യവും പറയാതിരുന്നതെന്നും ജയില്‍ സൂപ്രണ്ടിനോട് കഴിഞ്ഞ ദിവസം മലയാളത്തില്‍ സംസാരിച്ചതെന്നും കോടതി ചോദിച്ചു. മാനസിക സ്ഥിരത ഇല്ലെന്നാണോ ഉണ്ടെന്നാണോ ഇതില്‍നിന്ന് മനസ്സിലാക്കുന്നത്? ഒരു കാര്യവും ഇതുവരെ തുറന്ന് പറയാതിരുന്നത് മാനസിക സ്ഥിരത ഇല്ലാത്തത് കൊണ്ടാണോയെന്നും കോടതി ചോദിച്ചു.

'കുട്ടിയുടെ നിഷ്‌കളങ്കത പ്രതി ചൂഷണം ചെയ്തു', വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍; മാനസിക സ്ഥിരതയില്ലെന്ന് പ്രതിഭാഗം
ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം: ശിക്ഷാവിധി ശിശുദിനമായ നവംബർ 14 ന്

പ്രതിക്ക് നാലാം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസം. കുടുംബ സാഹചര്യവും മോശമാണ്. പ്രതിക്ക് മാനസിക സ്ഥിരത ഇല്ലാത്തതുകൊണ്ടാണ് കാര്യങ്ങള്‍ ഒന്നും പറയാതിരുന്നതെന്ന് പ്രതിഭാഗം അറിയിച്ചു.

നാല് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് വേണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മുദ്രവച്ച കവറില്‍ ലഭിച്ച രേഖകളില്‍നിന്ന് കേസിന്റെ തെളിവ് സാഹചര്യം ഉയരുന്നില്ല. അതിനാല്‍ പകര്‍പ്പ് ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മലയാളം അറിയാമെന്നാണ് ജില്ലാ പ്രൊബേഷണറി ഓഫിസറുടെ റിപ്പോര്‍ട്ട്. ജയില്‍ അധികൃതര്‍ മലയാളത്തിലാണ് പ്രതിയോട് സംസാരിച്ചതെന്നും കോടതി വ്യക്തമാക്കി.

റിപ്പോര്‍ട്ടുകള്‍ പ്രതിഭാഗത്തിന് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോടതി പറഞ്ഞു. റിപ്പോര്‍ട്ടുകളുടെ അസ്സൽ പ്രതിഭാഗം അഭിഭാഷകന് നല്‍കി.

logo
The Fourth
www.thefourthnews.in