ക്രൂര കൊലപാതകം വെള്ളിയാഴ്ച വൈകിട്ട് 5നും 5.30നുമിടയിൽ;   
കൃത്യം നടത്തിയത് അസ്ഫാക് ഒറ്റയ്ക്കെന്ന നിഗമനത്തിൽ പോലീസ്

ക്രൂര കൊലപാതകം വെള്ളിയാഴ്ച വൈകിട്ട് 5നും 5.30നുമിടയിൽ; കൃത്യം നടത്തിയത് അസ്ഫാക് ഒറ്റയ്ക്കെന്ന നിഗമനത്തിൽ പോലീസ്

കുട്ടിയുടെ സംസ്കാരം ഇന്ന് 10 മണിക്ക് കീഴ്മാട് ശ്മശാനത്തിൽ

നാടിനെ നടുക്കിയ ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ കൂടുതൽവിവരങ്ങൾ പുറത്ത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കും 5.30നും ഇടയിലാണ് കൊല നടത്തിയതെന്ന് പ്രതി അസ്ഫാക് ആലം പോലീസിന് മൊഴി നൽകി. കൃത്യം നടത്തിയത് അസ്ഫാക് തനിച്ചാണെന്നാണ് പോലീസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇയാൾക്ക് പങ്കില്ലെന്നാണ് പോലീസ് കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ പലപ്പോഴും അസ്ഫാക് പോലീസുമായി സഹകരിക്കാത്തതിനാൽ ഇക്കാര്യം പൂർണമായി ഉറപ്പാക്കാനായിട്ടില്ല.

വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. ഇരുവരും 3.15ന് ആലുവ മാര്‍ക്കറ്റില്‍ എത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞിരുന്നു. 5.30ഓടെ അസ്ഫാക് ഒറ്റയ്ക്ക് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ച് വരുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

കുട്ടിയുടെ സ്വകാര്യഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവേറ്റിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണെന്നാണ് നിഗമനം.

പുഴയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്തേക്കാണ് പ്രതിയായ അസ്ഫാക് ആലം കുട്ടിയെ കൂട്ടികൊണ്ടുപോയത്. ഇവിടെവച്ച് ഇയാള്‍ കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഇയാളെ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് കണ്ടെത്തിയെങ്കിലും മദ്യ ലഹരിയില്‍ ആയിരുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചില്ല.

ശനിയാഴ്ച രാവിലെ നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി സക്കീര്‍ എന്ന വ്യക്തിയ്ക്ക് കുട്ടിയെ വിലയ്ക്ക് വിറ്റെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാല്‍ വാർത്തകളുടെ അടിസ്ഥാനത്തിൽ ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി അസ്ഫാകിനെയും കുട്ടിയെയും തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. വെള്ളിയാഴ്ച മൂന്ന് മണിക്ക് ശേഷം ഇരുവരേയും മാർക്കറ്റിൽ കണ്ടിരുന്നതായി ഇയാൾ പോലീസിനെ വിളിച്ചറിയിച്ചു. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കുട്ടിയുമായി അസ്ഫാക് എത്തിയത് വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

അസ്ഫാക് ആലമിനെ പോലീസ് ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തും. തെളുവെടുപ്പിനായി ശനിയാഴ്ച പ്രതിയെ മാര്‍ക്കറ്റിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധം കാരണം പുറത്തേയ്ക്ക് ഇറക്കാന്‍ സാധിച്ചിരുന്നില്ല.

logo
The Fourth
www.thefourthnews.in