തട്ടം വിവാദം: ജലീലിനുപിന്നാലെ അനില്‍കുമാറിനെ തള്ളി എഎം ആരിഫും

തട്ടം വിവാദം: ജലീലിനുപിന്നാലെ അനില്‍കുമാറിനെ തള്ളി എഎം ആരിഫും

അനില്‍കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരേ മുന്‍ എംഎല്‍എ കെടി ജലീല്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് കുറിപ്പിട്ടിരുന്നു

തട്ടം വിവാദത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാറിന്റെ വിവാദ പ്രസ്താവന തള്ളി സിപിഎം എംപി എഎം ആരിഫും. അനില്‍കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം മുന്‍ എംഎല്‍എ കെടി ജലീല്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇത് പങ്കുവച്ചാണ് ആരിഫ് നിലപാട് വ്യക്തമാക്കിയത്.

തട്ടം തലയിലടാന്‍ പറഞ്ഞാല്‍ അതു പറ്റില്ലെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തില്‍ വന്നതുകൊണ്ടാണെന്നായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം. എന്നാല്‍ അനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായി കാണണമെന്നും അതു പാര്‍ട്ടി ആശയമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് വിഡ്ഡിത്തരമാണെന്നായിരുന്നു ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ജലീലിന്റെ പോസ്റ്റില്‍ ആരിഫിനെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. ''എന്റെ സുഹൃത്തും സിപിഐ(എം) ആലപ്പുഴ ജില്ലാക്കമ്മിറ്റി അംഗവുമായ എഎം ആരിഫ് എംപിയുടെ വന്ദ്യ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരൃന്നൃ. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കള്‍ ഉള്ള നാടാണ് കേരളം. ബഹുജന പാര്‍ട്ടിയാണ് സിപിഐ(എം). അത് മറന്ന് ചില തല്‍പര കക്ഷികള്‍ അനില്‍കുമാറിന്റെ നിരീക്ഷണം സിപിഐഎമ്മിന്റേതാണെന്ന് വരുത്തിത്തീര്‍ത്ത് വിശ്വാസികളായ മുസ്ലീം വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കുന്നത് മാന്യതയ്ക്ക് ചേര്‍ന്നതല്ല'' -എന്നായിരുന്നു ജലീലിന്റെ കുറിപ്പ്.

അതേസമയം അനില്‍കുമാറിന്റെ പരാമര്‍ശത്തിനെതിരേ സമസ്ത ഉള്‍പ്പടെ വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തു വന്നു. സിപിഎം മതനിഷേധകരുടെ പാര്‍ട്ടിയാണെന്നും അനില്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ സിപിഎം ആശയമാണെന്നും സമസ്ത നേതാവ് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ആളുകളില്‍ മതനിഷേധം ഉണ്ടാക്കി പ്രസ്ഥാനത്തെ വളര്‍ത്തുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വശാസ്ത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

''മതനിയമങ്ങള്‍ പാലിച്ച് ജീവിക്കുന്നവരെ അതില്‍ നിന്ന് അടര്‍ത്തിയെടുക്കുമ്പോഴാണ് മതനിഷേധം വളരുന്നത്. മതനിഷേധം തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. അനില്‍കുമാര്‍ അത് തുറന്ന് പറഞ്ഞത് തെറ്റല്ല''-അബ്ദുസമദ് പറഞ്ഞു. എന്നാല്‍ ആ വസ്തുതകളെല്ലാം മറച്ചുവച്ച് മതസംഘടനകളെ കൂട്ടുപിടിക്കാനും വോട്ടു രാഷ്ട്രീയത്തിനും വേണ്ടി സിപിഎം പുതിയരീതികള്‍ സ്വീകരിക്കുകയാണ്. ആ കാപഠ്യത്തെയാണ് എല്ലാവരും എതിര്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in