ശബരിമലയിലെ അരവണ; ഏലയ്ക്ക പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ശബരിമലയിലെ അരവണ; ഏലയ്ക്ക പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ഏലയ്ക്കയില്‍ കീടനാശിനിയുടെ അംശം അടങ്ങിയിട്ടുണ്ടന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു

ശബരിമലയിലെ അരവണ പ്രസാദ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്ക പരിശോധിക്കണമെന്ന് ഹൈക്കോടതി. ഏലയ്ക്ക ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചി ലാബില്‍ പരിശോധിക്കണം. തിങ്കളാഴ്ച പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഏലയ്ക്കയില്‍ കീടനാശിനിയുടെ അംശം അടങ്ങിയിട്ടുണ്ടന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണ് ഉപയോഗിക്കുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെയും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെയും ഹര്‍ജിയില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഏലയ്ക്കയുടെ ഗുണ നിലവാരം സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ട് മുമ്പ് ശബരിമലയില്‍ ഏലയ്ക്ക വിതരണം ചെയ്തിരുന്ന അയ്യപ്പ സ്‌പൈസസ് കമ്പനി ഉടമ എസ് പ്രകാശാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഹൈക്കോടതി ഏലയ്ക്ക ലാബില്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഫിപ്രോനില്‍, ടെബ്യുകണസോള്‍, ഇമിഡക്‌ളോപ്രിഡ് എന്നീ കീടനാശിനികളുടെ സുരക്ഷിതമല്ലാത്ത വിധത്തിലുള്ള സാന്നിധ്യം ഏലയ്ക്കയിലുണ്ടെന്ന് തിരുവനന്തപുരം അനലിറ്റിക്കല്‍ ലാബ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in