അരിക്കൊമ്പന്‍ ദൗത്യം
അരിക്കൊമ്പന്‍ ദൗത്യം

അരിക്കൊമ്പനെ മയക്കുവെടി വച്ചു; ദൗത്യം വിജയത്തിലേക്ക്

സിമന്റുപാലത്തിന് സമീപത്ത് വച്ചാണ് ആദ്യഡോസ് മയക്കുവെടി വച്ചത്

ചിന്നക്കനാലിൽ ഭീതിപടർത്തിയ അരിക്കൊമ്പനെ സാഹസികമായി മയക്കുവെടി വച്ചു. ഒന്നര ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ സിമന്റു പാലത്തിന് സമീപത്ത് വച്ചാണ് ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യഡോസ് മയക്കുവെടി വച്ചത്.

വെടിയേറ്റ ആന വിരണ്ടോടിയതിനാൽ മയങ്ങുന്നുണ്ടോയെന്ന് വെറ്റിനറി ഡോക്ടറുമാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്. ആന മയങ്ങിയില്ലെങ്കിൽ ബൂസ്റ്റർ ഡോസ് അടക്കം ഇനിയും പ്രയോഗിക്കും. അതിനിടെ ദൗത്യ സ്ഥാനത്തേക്ക് അനിമൽ ആംബുലൻസും വഴിതെളിക്കാൻ ജെസിബിയും എത്തിയിട്ടുണ്ട്. കുങ്കിയാനകളേയും സജ്ജരാക്കിയിട്ടുണ്ട്. ചൂട് കൂടുതലായതിനാൽ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ചു.

ഉയർന്ന താപനില ആയതിനാൽ മയക്കുവെടിയുടെ ഫലം നഷ്ടമാകാനും സാധ്യത കൂടുതലാണ്. 2017ൽ പലതവണ മയക്കുവെടി വച്ചെങ്കിലും വിദഗ്ദമായി അരികൊമ്പൻ രക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. എന്നാൽ വൈകുന്നേരം ആറു മണിവരെയും അരിക്കൊമ്പനെ കണ്ടെത്താൻ സംഘത്തിന് സാധിച്ചിരുന്നില്ല. പിന്നീട് അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട്ടിൽ കണ്ടെത്തിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രണ്ടാം ദിവസമായ ഇന്നും ദൗത്യം തുടരുകയായിരുന്നു. ഇന്ന് രാവിലെ ദൗത്യം ആരംഭിക്കുമ്പോൾ ചിന്നക്കനാലിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ശങ്കരപാണ്ഡ്യമേട്ടിൽ നിന്നും ആന നീങ്ങിയിരുന്നു.

തുടർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ ഉദ്യോഗസ്ഥർ അരിക്കൊമ്പനെ സാഹസികമായി നിരീക്ഷിച്ച് വന്നു. 11.55ന് ആദ്യഡോസ് വെടി വയ്‌ക്കുകയായിരുന്നു.

എന്നാല്‍ അരിക്കൊമ്പനെ എവിടേക്ക് മാറ്റുമെന്നത് അടക്കമുള്ള കാര്യങ്ങൾ ഇതുവരെയും വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല. പെരിയാർ ഭാഗത്തുള്ള പോലീസ് സ്റ്റേഷനുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ പെരിയാർ വന്യജീവി സങ്കേതതിലായിരിക്കും അരിക്കൊമ്പനെ എത്തിക്കുകയെന്നാണ് സൂചന.

ചിന്നക്കനാൽ പഞ്ചായത്തിലും സമീപമുള്ള പ്രദേശങ്ങളിലും നിരോധനാജ്ഞ തുടരുകയാണ്. സമീപവാസികളോട് ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്

logo
The Fourth
www.thefourthnews.in