മനുഷ്യക്കടത്തെന്ന് പോലീസ്; 
കൊല്ലത്ത് പിടിയിലായ ശ്രീലങ്കന്‍ സ്വദേശികള്‍ക്കെതിരെ കേസെടുത്തു

മനുഷ്യക്കടത്തെന്ന് പോലീസ്; കൊല്ലത്ത് പിടിയിലായ ശ്രീലങ്കന്‍ സ്വദേശികള്‍ക്കെതിരെ കേസെടുത്തു

മുഖ്യ ഏജന്റ് കൊളംബോ സ്വദേശി ലക്ഷ്മണൻ

കൊല്ലത്തെ ലോഡ്ജില്‍ നിന്നും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ മനുഷ്യക്കടത്തിന് കേസെടുത്ത് പോലീസ്. 11 പേര്‍ക്കെതിരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. തമിഴ്‌നാട് കാരക്കാട് വഴി ഓസ്ട്രേലിയയിലേക്ക് കടക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ, കൊല്ലം തീരം വഴി പോകാനാണ് ഇവര്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റ് കൊളംബോ സ്വദേശിയായ ലക്ഷ്മണനാണെന്നും പോലീസ് പറഞ്ഞു.

ഓസ്ട്രേലിയയിലേക്ക് കടക്കുന്നതിനായി ഓരോരുത്തരില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതമാണ് ഏജന്റ് വാങ്ങിയത്

യാത്രയ്ക്കായി ചൊവ്വാഴ്ച കൊല്ലം ബീച്ചില്‍ എത്തണമെന്നാണ് ശ്രീലങ്കന്‍ സ്വദേശികളോട് എജന്റ് നിര്‍ദേശിച്ചത്. 45 ദിവസത്തിനുള്ളില്‍ ബോട്ട് മാര്‍ഗം ഓസ്ട്രേലിയയില്‍ എത്താനാകുമെന്നാണ് ഇവരെ അറിയിച്ചിരുന്നത്. കടല്‍ കടക്കാന്‍ ഓരോരുത്തരില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതമാണ് ലക്ഷ്മണന്‍ വാങ്ങിയത്.

കൊല്ലത്ത് പിടിയിലായവരെ കഴിഞ്ഞ ദിവസം തമിഴ്നാട് ക്യൂ ബ്രാഞ്ചും ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം 19 ന് ശ്രീലങ്കയില്‍ നിന്നും രണ്ടുപേര്‍ ചെന്നൈയിലെത്തിയിരുന്നു. ടൂറിസ്റ്റ് വിസയിലെത്തിയ ഇവരെ പിന്നീട് കാണാതായി. തുടര്‍ന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇവര്‍ക്കായുള്ള അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേയ്ക്കടക്കം വ്യാപിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്ത് പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ പിടിയിലാവുന്നത്. ഇതില്‍ രണ്ടുപേര്‍ നേരത്തെ ചെന്നൈയില്‍ നിന്ന് കാണാതായവരാണ്. സമാനമായ രീതിയില്‍ ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ കൂടുതല്‍ പേര്‍ കൊല്ലത്തോ മറ്റ് ജില്ലകളിലോ എത്തിയിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു.

logo
The Fourth
www.thefourthnews.in