അക്കാദമിയിൽ ഇരുന്ന് പാടിയതോ  ഞങ്ങൾ ചെയ്ത കുറ്റം? 'ഇറ്റ്‌ഫോക്കിൽ നേരിട്ടത് അധിക്ഷേപവും വിവേചനവുമെന്ന്  നാടക പ്രവർത്തകര്‍

അക്കാദമിയിൽ ഇരുന്ന് പാടിയതോ ഞങ്ങൾ ചെയ്ത കുറ്റം? 'ഇറ്റ്‌ഫോക്കിൽ നേരിട്ടത് അധിക്ഷേപവും വിവേചനവുമെന്ന് നാടക പ്രവർത്തകര്‍

ഇറ്റ്‌ഫോക്കില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ 'പാപ്പിസോറെ' എന്ന മലയാള നാടക പ്രവര്‍ത്തകര്‍ക്കാണ് സംഗീത നാടക അക്കാദമി പരിസരത്ത് അധിക്ഷേപം നേരിട്ടത്

ഇന്റര്‍നാഷണല്‍ തീയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളയ്ക്ക് (ഇറ്റ്‌ഫോക്) എത്തിയ നാടകസംഘത്തിനെ പോലീസും സംഗീത നാടക അക്കാദമിയും അപമാനിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇറ്റ്‌ഫോക്കിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാത്രി തിരികെ പോകാനുള്ള വാഹനം വാരാനുള്ള കാലതാമസത്തിനിടെ സംഗീത നാടക അക്കാദമിക്കുള്ളില്‍ ഇരുന്ന് പാട്ട് പാടിയ നാടക പ്രവര്‍ത്തകരെ പോലീസ് എത്തി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ നിങ്ങളുടെ പരിപാടി കഴിഞ്ഞതല്ലേ എന്നും നിങ്ങള്‍ എങ്ങനെയാണ് ഇങ്ങോട്ട് വന്നതെന്നും പോലീസ് ചോദിക്കുന്നുണ്ട്. ഇതിനെതിരെ നാടക പ്രവര്‍ത്തകര്‍ പ്രതികരിച്ചതോടെ പോലീസും തിരികെ രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയും ഒടുവില്‍ പോലീസ് പിന്‍വാങ്ങുകയുമായിരുന്നു.

ഇറ്റ്‌ഫോക്കില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ 'പാപ്പിസോറെ' എന്ന മലയാള നാടക പ്രവര്‍ത്തകര്‍ക്കാണ് സംഗീത നാടക അക്കാദമി പരിസരത്ത് അധിക്ഷേപം നേരിട്ടത്. ഒരുമിച്ച് പാട്ട് പാടിയിരുന്ന സംഘത്തിന് അടുത്ത് പോലീസ് എത്തുകയും പാട്ട് അവസാനിപ്പിച്ച് പോകാന്‍ ആജ്ഞാപിക്കുകയായിരുന്നെന്നും 'പാപ്പിസോറെ' നാടകത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാളു ആര്‍ ദാസ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

''സംഗീത നാടക അക്കാദമിയുടെ അതിഥികളായിട്ടാണ് ഞാനടക്കമുള്ള നാടക പ്രവര്‍ത്തകര്‍ അവിടെ എത്തിയത്. ഞങ്ങളുടെ നാടകത്തിന്റെ തയ്യാറെടുപ്പുകളും മറ്റുമായി അക്കാദമി ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പ്രൊഫഷണല്‍ ഇടം, കൂടിയാണ്. ഇറ്റ്‌ഫോക്കിന് എത്തിയ ആദ്യ ദിനം മുതല്‍ തന്നെ നാടകത്തിന്റെ റിഹേഴ്‌സലും ഉണ്ടായിരുന്നു ആദ്യ ദിനത്തില്‍ പുലര്‍ച്ചെ ആറ് മണിയോടെയാണ് നാടകത്തിന്റെ റിഹേഴ്‌സല്‍ തീര്‍ന്നത്, രണ്ടാം ദിവസം രാത്രി രണ്ട് മണിയോടെയും അവസാനിച്ചു. ഈ സമയങ്ങളില്‍ എല്ലാം തന്നെ നാടക റിഹേഴ്‌സല്‍ കഴിയുമ്പോളാണ് വണ്ടിയെത്തി ഞങ്ങളെ താമസസ്ഥലത്ത് എത്തിച്ചിരുന്നത്. തുടക്കത്തില്‍ താമസസ്ഥലം സെറ്റാവാന്‍ സമയമെടുത്തിരുന്നു. അക്കാദമിയില്‍ എത്തിയതോടെയാണ് താമസസ്ഥലം റെഡിയായത്. ഒരിക്കല്‍ പോലും എപ്പോഴാണ് പോകേണ്ടത്, അല്ലെങ്കില്‍ ഇത്ര സമയം മാത്രമാണ് വണ്ടി ഉണ്ടാവുകയുള്ളുവെന്നൊന്നും പറഞ്ഞിരുന്നില്ല, മാളു വ്യക്തമാക്കി.

മാളു ആര്‍ ദാസ്
മാളു ആര്‍ ദാസ്

''ഇറ്റ്‌ഫോക്ക് അവസാനിച്ച ദിവസം പോകുന്നതിനായി വണ്ടി വിളിച്ചപ്പോള്‍ അവിടെയുള്ള എല്ലാ വണ്ടികളും 'ഫോറിനേഴ്‌സിനെ' കൊണ്ടുപോയിരിക്കുകയാണ് എന്നാണ് പറഞ്ഞത്.  പിന്നീടാണ് വണ്ടിവരുന്നതും കാത്ത് അക്കാദമിക്ക് അകത്ത് ഇരുന്ന് പാട്ടുപാടിയത്. വലിയ രീതിയില്‍ ഉള്ള റിഹേഴ്‌സലുകള്‍ എടുത്തതിനാലും ഗര്‍ഭിണി ആയതിനാലും ഞാന്‍ ക്ഷീണിതയായിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ സൈഡില്‍ മാറിയിരുന്നു . അപ്പോഴാണ് രണ്ട് മൂന്ന് പോലീസുകാര്‍ എത്തി അക്കാദമിയില്‍ ഇരുന്ന് പാടരുത്, തിരികെ പോകണമെന്ന് പറഞ്ഞത്. വണ്ടി കാത്തിരിക്കുകയാണെന്നും പാടാതിരിക്കാന്‍ പറ്റില്ലെന്നും അക്കാദമിയില്‍ ഇരുന്നാണ് പാടിയതെന്നും മറുപടി പറയുകയും ചെയ്തു. ഏതാണ്ട് ഒന്നരയോട് കൂടിയാണ് ഒരു എസ് ഐ നാലഞ്ച് വണ്ടി നിറയെ ഉദ്യോഗസ്ഥരും ലാത്തിയുമായി വന്നാണ് ഭീഷണി മുഴക്കിയത്,'' മാളു കൂട്ടിച്ചേർത്തു.

''അക്കാദമി ഏര്‍പ്പെടുത്തി തരേണ്ടിയിരുന്ന വാഹന സൗകര്യം ലഭ്യമാകാത്തതിനെ പറ്റി സംസാരിച്ചപ്പോള്‍, അവര് വണ്ടി തന്നില്ലെങ്കില്‍ കിട്ടിയ വണ്ടിക്ക് സ്ഥലം വിട്ടൊളണം എന്നാണ് അദ്ദേഹം ഗര്‍ഭിണിയായ എന്റെ നേരെ ആക്രോശിച്ചത്. അദ്ദേഹം പറഞ്ഞതെല്ലാം ആ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്, എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം? അക്കാദമിയില്‍ ഇരുന്ന് പാട്ടു പാടിയതോ..? അത് പറ്റില്ലെങ്കില്‍ പിന്നെന്തിനാണ് 'സംഗീത നാടക' അക്കാദമിയും ഈ ഫെസ്റ്റിവലും?,'' മാളു ചോദിക്കുന്നു.

എന്നാല്‍ നാടകത്തിന് എത്തിയ കലാകാരന്മാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നതായിരുന്നെന്നും ഒരു പരാതി പോലും ഇല്ലാതെയാണ് ഇത്തവണ ഇറ്റ്‌ഫോക്ക് നടന്നതെന്നും അവസാന ദിവസമാണ് ഇത്തരമൊരു പ്രശ്‌നം ഉണ്ടായതെന്നും സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ദ ഫോര്‍ത്തിനോട് പറഞ്ഞു.

''നാടക പ്രവര്‍ത്തകരെ പലപ്പോഴായി തിരികെ പോകുന്നതിന് ഡ്രൈവര്‍ വിളിച്ചെങ്കിലും അവര്‍ വരാന്‍ കൂട്ടാക്കിയില്ല. രാത്രി ഒന്നര - രണ്ട് മണിയായിട്ടും അവര്‍ അവസാനിപ്പിക്കാതെ ആയതോടെയാണ് പോലീസ് പാട്ട് അവസാനിപ്പിക്കാനും തിരികെ പോകാനും പറഞ്ഞത്. എന്നാല്‍ അവര്‍ തിരികെ പോലീസിനോട് സംസാരിക്കുകയും പോലീസ് തിരിച്ച് കയര്‍ത്ത് സംസാരിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഞാന്‍ നേരിട്ട് എത്തി അവരോട് സംസാരിക്കുകയും തൊഴിലാളികള്‍ അടക്കമുളളവര്‍ക്ക് തിരികെ പോകണമെന്നും അതിനാല്‍ പരിപാടികള്‍ അവസാനിപ്പിച്ച് തിരികെ പോകണമെന്നും പറയുകയായിരുന്നു. പോലീസ് ലാത്തിയുമായി എത്തി മര്‍ദ്ദിക്കാന്‍ ചെന്നുവെന്നായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ ലാത്തി പോലീസിന്റെ യൂണിഫോമിന്റെ ഭാഗമാണല്ലോ ?,'' കരിവെള്ളൂര്‍ പറഞ്ഞു.

ടൗണ്‍ ഹാളിലായിരുന്നു പ്രതിഷേധിച്ചവരുടെ നാടകം നടന്നത്. ഇവിടെ നിന്ന് കൂടി പോയാല്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് താമസസ്ഥലം സജീകരിച്ചിരിക്കുന്നതെന്നും കരിവെള്ളൂര്‍ മുരളി പറഞ്ഞു.

നാടകത്തില്‍ നിന്ന്
നാടകത്തില്‍ നിന്ന്

എന്നാല്‍ വണ്ടി തയ്യാറാണെന്ന് അറിയിച്ച് ഡ്രൈവര്‍ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് മാളു ആര്‍ ദാസ് ദ ഫോര്‍ത്തിനോട് പറഞ്ഞു. പോലീസിന്റെ നടപടി സ്വാഭാവികമെന്ന തരത്തിലായിരുന്നു സെക്രട്ടറിയുടെ പ്രതികരണമെന്നും മാളു ആര്‍ ദാസ് പറഞ്ഞു.

''ഞാനൊരു സ്ത്രീയാണ്, ഗര്‍ഭിണിയാണ് എന്നതിനെക്കാളൊക്കെ ഉപരിയായി അക്കാദമി ക്ഷണിച്ച് നാടകം അവതരിപ്പിക്കാനെത്തിയെ കലാകാരന്മാരാണ്. അത്തരത്തിലുള്ള ഞങ്ങളോടാണ് അക്കാദമി വിവേചനങ്ങള്‍ കാണിക്കുകയും ഒടുവില്‍ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഏതെങ്കിലും വണ്ടിക്ക് കയറി പോകാന്‍ ആജ്ഞാപിക്കുകയും ചെയ്തത്,'' മാളു പറഞ്ഞു.

''പോലീസിനെ ഉപയോഗിച്ച് അധിക്ഷേപിച്ചതിനെക്കാള്‍ പ്രയാസകരമായി തോന്നിയത് താനടക്കമുള്ള മലയാള നാടക പ്രവര്‍ത്തകരോട് ഉള്ള അക്കാദമിയുടെ വിവേചനമാണെന്നും മാളു പറഞ്ഞു. നാടകത്തിന് എത്തിയപ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും അക്കാദമി മലയാള നാടകങ്ങള്‍ക്കോ നാടക പ്രവര്‍ത്തകര്‍ക്കോ നല്‍കിയിട്ടില്ല. ടൗണ്‍ ഹാളാണ് ഇത്തവണ നാടകത്തിനായി തന്നത്. അത് നാടകത്തിന് വേണ്ടി ഒരുക്കിയത് അല്ല, പ്രസംഗങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും വേണ്ടി ഒരുക്കിയ വേദിയാണ്. അവിടെയാണ് നാടകം അവതരിപ്പിക്കണ്ടി വന്നത്. ഗ്രീന്‍ റൂമില്‍ ഒരു ടിഷ്യുപേപ്പഞ പോലും അക്കാദമി ഒരുക്കിയിരുന്നില്ല. പലപ്പോഴും റിഹേഴ്‌സല്‍ സമയത്ത് ഗ്രീന്‍ റൂമില്‍ വെറും നിലത്ത് കൊതുക് കടിയും കൊണ്ടാണ് ഗര്‍ഭിണിയായ ഞാന്‍ കിടന്നത്. അതേസമയം തൊട്ടടുത്ത് വിദേശത്ത് നിന്നുള്ള നാടക പ്രവര്‍ത്തകര്‍ക്ക് സര്‍വ്വ സന്നാഹങ്ങളും എസി ഗ്രീന്‍ റൂമും ബെഡും അടക്കം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും ഒരേപോലെ നല്‍കിയ സൗകര്യങ്ങളാണ് ഈ തവണ ഇത്തരത്തില്‍ മലയാള നാടക പ്രവര്‍ത്തകരോട് വിവേചനം കാണിച്ചുകൊണ്ട് നല്‍കിയതെന്നും മാളു ചൂണ്ടിക്കാണിച്ചു.

"പത്ത് മണി കഴിയുമ്പോളേക്കും പരിപാടി കഴിഞ്ഞ് പോകാന്‍ ഇതെന്താണ്  എന്തെങ്കിലും ജോലിയാണോ, വര്‍ഷത്തില്‍ ഒരിക്കല്‍ എല്ലാ നാടക പ്രവര്‍ത്തകരും ഒരുമിച്ച് ഒത്തുകൂടുന്ന ഒരു പരിപാടിയാണിത്. ഫെസ്റ്റിവല്‍ എന്ന് ഉദ്ദേശിക്കുന്നത് അത് തന്നെയാണല്ലോ. ഒരു സമയ പരിധി നിശ്ചയിച്ച് അവസാനിപ്പിക്കാവുന്നത് അല്ല ഞങ്ങളുടെ ദിവസം. ഞങ്ങള്‍ കലാകാരന്മാരാണ് അവിടെ നാടകം കണ്ടവരോട് ചോദിച്ചാല്‍ അറിയാം ഞങ്ങളുടെ നാടകത്തിന് എത്രത്തോളും കഷ്ടപ്പെട്ടിട്ടുണ്ടെന്ന്. അതിന്റെ അഭിനന്ദനവും സന്തോഷവും അവസാനിക്കുന്നതിന് മുമ്പാണ് അക്കാദമി സെക്രട്ടറിയും പോലീസും അതൊക്കെ നശിപ്പിച്ചത്," മാളു പറഞ്ഞു.

സംഭവത്തില്‍ നിയമനടപടിക്ക് പറ്റിയ മാനസികാവസ്ഥയില്‍ അല്ല താനെന്നും കലാകാരന്മാര്‍ക്കെതിരെ ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ ഉണ്ടാവരുതെന്നും മാളു ആര്‍ ദാസ്  ദ ഫോര്‍ത്തിനോട് പറഞ്ഞു. 

logo
The Fourth
www.thefourthnews.in