'നിയമസഭ വളയും'; സമരം ശക്തമാക്കാനൊരുങ്ങി കെ റെയില്‍ വിരുദ്ധ സമര സമിതി

'നിയമസഭ വളയും'; സമരം ശക്തമാക്കാനൊരുങ്ങി കെ റെയില്‍ വിരുദ്ധ സമര സമിതി

പദ്ധതിക്കെതിരെ ഒരു കോടി ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നൽകും

കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സമരസമിതി. അടുത്ത നിയമസഭാ സമ്മേളന സമയത്ത് കെ റെയില്‍ വിരുദ്ധ സമിതി സഭ വളയും. പദ്ധതിക്കെതിരെ ഒരു കോടി ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നൽകും. എറണാകുളത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.

കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരം വിജയിക്കേണ്ടത് ജനാധിപത്യം നിലനിർത്താൻ അനിവാര്യമാണെന്ന് സമിതി രക്ഷാധികാരി എം പി മത്തായി പറഞ്ഞു. ജനകീയ പ്രതിരോധത്തെ അവഗണിച്ച് പദ്ധതി നടപ്പാക്കാമെന്ന സർക്കാർ വ്യാമോഹം നടക്കില്ല. കേസുകൾ പിൻവലിച്ചില്ലെങ്കിൽ തൃക്കാക്കര തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ആവർത്തിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കി.

"കെ റയിൽ വരില്ല കേട്ടോ, കേരളത്തിൽ തൃക്കാക്കര ആവർത്തിക്കും" എന്ന തലക്കെട്ടോടെ പ്രചാരണം നടത്തും

പദ്ധതിയും സമരക്കാർക്കെതിരെയായ കേസുകളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകരുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തിൽ ഒരു കോടി ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിയ്ക്കും കേന്ദ്ര റെയിൽവേ മന്ത്രിയ്ക്കും നിവേദനം നൽകാനാണ് തീരുമാനം. പദ്ധതിയുമായി മുന്നോട്ടുപോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ ഫലം ആവർത്തിക്കുമെന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് "കെ റയിൽ വരില്ല കേട്ടോ, കേരളത്തിൽ തൃക്കാക്കര ആവർത്തിക്കും" എന്ന തലക്കെട്ടോടെ ശക്തമായ പ്രചാരണം നടത്തുമെന്നും സമിതി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കെ-റെയില്‍ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സഭയിലെ പ്രതികരണം.

logo
The Fourth
www.thefourthnews.in