'എന്നെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ മിഷനറിമാർ ശ്രമിച്ചു': വെളിപ്പെടുത്തലുമായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി

'എന്നെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ മിഷനറിമാർ ശ്രമിച്ചു': വെളിപ്പെടുത്തലുമായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി

നരേന്ദ്ര മോദിയുടെ കാലത്ത് ലോകത്ത് ഇന്ത്യയുടെ പ്രാധാന്യം ഉയർന്നെന്ന് ഗൗരി ലക്ഷ്മി ബായി

രാജഭരണകാലം, ജനാധിപത്യത്തിലേക്കുള്ള മാറ്റം, പത്മനാഭസ്വാമി ക്ഷേത്രം, മോദി സർക്കാർ തുടങ്ങി വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയും വെളിപ്പെടുത്തലുകൾ നടത്തിയും തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് ഗൗരി ലക്ഷ്മി ബായി തുറന്നുസംസാരിച്ചത്.

മിഷനറിമാര്‍ വിദ്യാഭ്യാസത്തിനും ആരോഗ്യരംഗത്തെ വികസനത്തിനും മുന്‍ഗണന നല്‍കിയിരുന്നെങ്കിലും യഥാര്‍ത്ഥ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നു എന്നതിൽ സംശയമില്ല

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി

തന്നെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്താനായി ശ്രമം നടന്നിട്ടുണ്ടെന്നാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ വെളിപ്പെടുത്തൽ. ''എന്റെ പ്രൊഫസറായിരുന്ന ഒരു മിഷനറി പ്രവർത്തക ഇത്തരത്തിൽ സമീപിച്ചിരുന്നു. അവര്‍ ബൈബിള്‍ അയച്ചുതരുമായിരുന്നു. ആ സമയത്ത് അവരുമായി ഞാന്‍ വളരെ അടുപ്പത്തിലുമായിരുന്നു. പക്ഷേ അവസാനം എനിക്ക് വളരെ കര്‍ക്കശമായി തന്നെ നിലപാട് പറയേണ്ടി വന്നിട്ടുണ്ട്' - ഗൗരി ലക്ഷ്മി ബായി പറഞ്ഞു. മിഷനറിമാര്‍ വിദ്യാഭ്യാസത്തിനും ആരോഗ്യരംഗത്തെ വികസനത്തിനും മുന്‍ഗണന നല്‍കിയിരുന്നെങ്കിലും യഥാര്‍ത്ഥ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നു എന്നതിൽ സംശയമില്ലെന്നും അവർ വ്യക്തമാക്കി. പുരോഗമന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയതിൽ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും മിഷനറിമാരുടെയും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെയും പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.

കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ കുറിച്ച് വലിയ ആശങ്കയുണ്ടെന്നും ഗൗരി ലക്ഷ്മി ബായി പറഞ്ഞു. ''സ്‌കൂളുകളില്‍ ശിവാജിയെയും അബേംദ്കറെപ്പറ്റിയും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ സംസ്ഥാനത്തെ യഥാര്‍ത്ഥ നായകന്മാരെപ്പറ്റി പഠിപ്പിക്കുന്നില്ല. ചരിത്രത്തില്‍ വഴിത്തിരിവായ കുളച്ചല്‍ യുദ്ധത്തെപ്പറ്റി ഇന്ന് എത്ര പേര്‍ക്ക് അറിയാം?''- ഗൗരി ലക്ഷമി ബായി ചോദിച്ചു.

മനു എസ് പിള്ളയുടെ പുസ്തകം വ്യാജമാണെന്ന് പറയുന്നില്ല. പക്ഷേ പുസ്‌കത്തിലുള്ളവ പൂര്‍ണമായും ശരിയല്ല

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പശ്ചാത്തലത്തില്‍ മനു എസ് പിള്ള രചിച്ച 'ദ ഐവറി ത്രോണ്‍' എന്ന പുസ്തകത്തിലുള്ളതൊന്നും പൂര്‍ണമായും ശരിയല്ലെന്നും അവർ പറഞ്ഞു. പുസ്തകം വായിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഏതാനും ചില പേജുകള്‍ മാത്രമേ വായിച്ചിട്ടുള്ളു എന്നായിരുന്നു മറുപടി. ''മനു എസ് പിള്ളയുടെ പുസ്തകം വ്യാജമാണെന്ന് പറയുന്നില്ല. പക്ഷേ പുസ്‌കത്തിലുള്ളവ പൂര്‍ണമായും ശരിയല്ല. ധാര്‍മികമായ ഒന്നും അതില്‍ ഇല്ല'' - ഗൗരി ലക്ഷ്മി ബായി പറഞ്ഞു. പുസ്തകം വസ്തുതാപരമായി ശരിയല്ലെങ്കില്‍ നിയമപരമായി നേരിടാമായിരുന്നില്ലേ എന്ന ചോദ്യത്തിന്, എന്തിനാണ് ആ പുസ്തകത്തിന് വെറുതേ ഇത്ര പ്രചാരം നല്‍കുന്നതെന്നായിരുന്നു മറുപടി. അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

'ഹിസ്റ്ററി ലിബറേറ്റഡ് ദി ശ്രീ ചിത്തിര സാഗ' എന്ന തന്റെ രചന ഒരുപരിധിവരെ ആ പുസ്തകത്തിനുള്ള മറുപടിയാണ്. മനു എസ് പിള്ളുടെ പുസ്തകമാണ് ശരിയെന്ന് വിശ്വസിക്കുന്നവര്‍ അത് വിശ്വസിക്കട്ടെ. അതില്‍ പ്രശ്‌നങ്ങളൊന്നുമില്ല' - രാജകുടുംബാംഗം പറഞ്ഞു.

അന്താരാഷ്ട്ര വേദികളില്‍ മോദിക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. അതിലൂടെ ഇന്ത്യയുടെ പ്രശസ്തി വളരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലത്ത് ലോകത്ത് ഇന്ത്യയുടെ പ്രാധാന്യം ഉയർന്നെന്ന് ഗൗരി ലക്ഷ്മി ബായി വ്യക്തമാക്കി. അന്താരാഷ്ട്ര വേദികളില്‍ മോദിക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണെന്നും അതിലൂടെ ഇന്ത്യയുടെ പ്രശസ്തി വളരുകയാണെന്നും അവര്‍ പറഞ്ഞു.

കേരളത്തിനകത്തും പുറത്തും രാജകുടുംബത്തിന് ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചെന്ന ആരോപണങ്ങളുണ്ടാകുമോ എന്ന് ഭയന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

രാജകുടുംബം , തമ്പുരാട്ടി എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതിൽ തെറ്റില്ലെന്നും അവർ പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് നടക്കുമ്പോൾ സുപ്രീംകോടതി പോലും അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്. രാജാവിന്റെ സ്വകാര്യ ചെലവിന് നല്‍കുന്ന ആനൂകൂല്യം മാത്രമാണ് അന്ന് നിര്‍ത്തലാക്കിയതെന്നും രാജകുടുംബം എന്ന പദവി ഒഴിവാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു.

logo
The Fourth
www.thefourthnews.in