അട്ടപ്പാടിയില്‍ ഗര്‍ഭിണിക്ക് ദുരിതയാത്ര;
ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കെട്ടി ചുമന്ന്

അട്ടപ്പാടിയില്‍ ഗര്‍ഭിണിക്ക് ദുരിതയാത്ര; ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കെട്ടി ചുമന്ന്

പുലര്‍ച്ചെ മൂന്നര കിലോ മീറ്റർ ദൂരമാണ് ഗര്‍ഭിണിയെ ആംബുലന്‍സിന് സമീപമെത്തിക്കാനായി ബന്ധുക്കള്‍ നടന്നത്.

അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ തുണിയില്‍ കെട്ടി ചുമന്ന് ദുരിതയാത്ര. മൂന്നര കിലോ മീറ്റർ ദൂരമാണ് ഗര്‍ഭിണിയെ ആംബുലന്‍സിന് സമീപമെത്തിക്കാനായി ബന്ധുക്കള്‍ നടന്നത്. അട്ടപ്പാടിയിലെ കടുകമണ്ണ ഊരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. സുമതി മുരുകൻ എന്ന യുവതിയെയാണ് കിലോ മീറ്ററുകളോളം തുണിയില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതും ആന ശല്യവുമാണ് തിരിച്ചടിയായത്.

കഴിഞ്ഞ ദിവസം കോട്ടത്തറ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ യുവതി പരിശോധനയ്‌ക്കെത്തിയിരുന്നു. പരിശോധന പൂർത്തിയാക്കി ഊരിലേക്ക് മടങ്ങുകയും ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെ പ്രസവവേദന അനുഭവപ്പെട്ടു. ആംബുലൻസിനായി വിളിച്ചെങ്കിലും ഇവർക്ക് കൃത്യസമയത്ത് സഹായം ലഭിച്ചില്ല. നിരവധി തവണ കോട്ടത്തറ ആശുപത്രിയിലേക്കും 108 നമ്പറിലും ബന്ധപ്പെട്ടെങ്കിലും പുലർച്ചെ മൂന്നു മണിയോടെയാണ് ആംബുലൻസ് എത്തിയത്.

ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ആംബുലൻസ് ആനവായി ഫോറസ്റ്റ് ചെക്‌പോസ്റ്റ് വരെ മാത്രമെ എത്തിയുള്ളൂ. ഇതോടെയാണ് ഗർഭിണിയെ തുണിമഞ്ചലിൽ കെട്ടി ചുമന്ന് നടന്നത്. ആനവായില്‍ എത്തിച്ച് ആംബുലൻസില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അഞ്ചരയോടെയാണ് ആശുപതിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ യുവതി പ്രവസിച്ചു. കുട്ടിയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണ്.

logo
The Fourth
www.thefourthnews.in