കൊച്ചിയിൽ യുവതിക്ക് നേരെ വധശ്രമം; വെട്ടേറ്റ് യുവതിയുടെ കൈകൾ അറ്റു

കൊച്ചിയിൽ യുവതിക്ക് നേരെ വധശ്രമം; വെട്ടേറ്റ് യുവതിയുടെ കൈകൾ അറ്റു

പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നു

കൊച്ചി ന​ഗരത്തിൽ യുവതിക്ക് നേരെ വധശ്രമം. കലൂർ ആസാദ് റോഡിൽ രാവിലെ 11 മണിയോടെയാണ് ഇതര സംസ്ഥാനക്കാരിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് യുവതിയുടെ കൈകൾ അറ്റു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

രണ്ട് സ്ത്രീകൾ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ഇരുവരുമായും വാക്കേറ്റത്തിലേർപ്പെടുകയും യുവതിക്ക് നേരെ വാക്കത്തി വീശുകയുമായിരുന്നു. ആക്രണമം നടന്ന സ്ഥലത്തിന് അടുത്തുതന്നെയാണ് പെൺകുട്ടികൾ താമസിക്കുന്നത്. സമീപത്തെ ബ്യൂട്ടിപാർലറിലാണ് ഇരുവരും ജോലി ചെയ്യുന്നത്. രാവിലെ ജോലിയ്ക്ക് പോകുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടികൾ സ്ഥിരം നടന്നുപോകുന്ന വഴിയാണിതെന്നും എന്നാൽ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കണ്ട് പരിചയം ഇല്ലെന്നും സമീപവാസികൾ പറഞ്ഞു.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ആൺ സുഹൃത്താണ് കൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. വെട്ടാൻ ഉപയോഗിച്ച വാക്കത്തി സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.

logo
The Fourth
www.thefourthnews.in