'നന്ദകുമാറിന്റെ അമ്മയാണെന്ന് അറിഞ്ഞിരുന്നില്ല, ചില മാധ്യമങ്ങൾ വ്യക്തിഹത്യ ചെയ്യുന്നു': ഇ പി ജയരാജൻ
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനിടെ, മറ്റൊരു പരിപാടിയിൽ പങ്കെടുത്തതില്‍ വിശദീകരണവുമായി ഇ പി ജയരാജൻ. കൊച്ചിയിൽ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുത്തെന്ന ആരോപണം വളച്ചൊടിച്ചതാണെന്ന് ഇ പി വ്യക്തമാക്കി. നന്ദകുമാറിന്റെ അമ്മയെയാണ് ആദരിക്കുന്നതെന്ന് അറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനായാണ് കൊച്ചിയില്‍ പോയതെന്ന് ഇ പി ജയരാജന്‍ വിശദീകരിക്കുന്നു '' ആശുപത്രിയില്‍ നിന്ന് മടങ്ങും വഴി, കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിലേക്ക് ക്ഷണിച്ചു. അവിടെ വയോജനങ്ങളെ ആദരിക്കുന്ന ചടങ്ങുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിക്കുകയായിരുന്നു. നന്ദകുമാറിന്‍റെ അമ്മയെയാണ് ആദരിച്ചതെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. സംഭവത്തെ മനഃപൂര്‍വ്വം വിവാദമാക്കുകായിരുന്നു'' - ഇ പി ജയരാജന്‍ വിശദീകരിച്ചു. ചില മാധ്യമങ്ങൾ ചടങ്ങിന്റെ ദൃശ്യങ്ങളുപയോഗിച്ച് വ്യക്തിഹത്യ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരെത്തിയത്. ഇതിൽ നിന്നും ഇ പി ജയരാജൻ മനഃപൂർവം വിട്ടുനിന്നതാണെന്നും അദ്ദേഹം മറ്റ് പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വാർത്തകൾ പ്രചരിച്ചത്. എന്നാല്‍ കൊച്ചിയിലെ ചടങ്ങില്‍ ഇ പി പങ്കെടുത്തത് ജാഥ തുടങ്ങുന്നതിന് തൊട്ടുമുന്‍പത്തെ ദിവസമാണ്.
ഇ പി ജയരാജൻ ജാഥയിൽ നിന്നും വിട്ടുനിന്നത് ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്നാണ് പാർട്ടി നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇ പിക്ക് ആരോഗ്യപ്രശ്ങ്ങളില്ലായിരുന്നുവെന്നും പാർട്ടിയിലെ ഭിന്നതയാണ് പരിപാടിയിൽ പങ്കെടുക്കാത്തതിന് കാരണമെന്നുമുള്ള ആരോപണം ശക്തിപ്പെട്ടു. വിവാദം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിശദീകരണം. എൽഡിഎഫ് കൺവീനർക്ക് ജാഥയിൽ ഏത് സമയത്തും പങ്കെടുക്കാമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
ഇ പി യുമായി വർഷങ്ങളുടെ സൗഹൃദമുണ്ടെന്ന് ദല്ലാൾ നന്ദകുമാര്‍ പ്രതികരിച്ചു. താൻ ഭാരവാഹിയായ ക്ഷേത്രത്തിലെ ഉത്സവമായിരുന്നു അത്. ജനുവരി 21 അമ്മയുടെ പിറന്നാളിന് മുഖ്യമന്ത്രിയെ അടക്കമുള്ള മിക്ക നേതാക്കളെയും പരിപാടിക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ഇ പി ക്കു വരാൻ കഴിഞ്ഞില്ല. അങ്ങനെയാണ് കൊച്ചിയിൽ എത്തിയപ്പോൾ അമ്മയെ കാണാൻ ഇ പി ജയരാജൻ വന്നത്. എം വി ഗോവിന്ദന്‍റെ യാത്ര തുടങ്ങുന്നതിന മുമ്പാണ് ഇ പി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.