സമസ്തയ്ക്ക് ഇടത് പ്രേമമോ? ബഹാവുദ്ദീൻ നദ്‌വിയെ സുപ്രഭാതം ചീഫ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യത

സമസ്തയ്ക്ക് ഇടത് പ്രേമമോ? ബഹാവുദ്ദീൻ നദ്‌വിയെ സുപ്രഭാതം ചീഫ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യത

സമസ്തയിലെ ചിലർ ഇടതുപക്ഷത്തോട് അടുക്കുകയാണെന്നുമുള്ള ബഹാവുദ്ദീൻ നദ്‌വിയുടെ പ്രസ്താവനയാണ് സമസ്തയ്ക്കുള്ളിലെ ഒളിപ്പോരിനെ തുറന്നപോരിലേക്ക് നയിച്ചത്

സുപ്രഭാതം ദിനപത്രം ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിനുപിന്നാലെ സമസ്തയ്ക്കുള്ളിലെ വിവാദങ്ങൾ കൂടുതൽ ചൂടുപിടിക്കുകയാണ്. മുഖപത്രമായ സുപ്രഭാതത്തിന്റെ നയത്തിൽ മാറ്റംവന്നെന്നും സമസ്തയിലെ ചിലർ ഇടതുപക്ഷത്തോട് അടുക്കുകയാണെന്നുമുള്ള ബഹാവുദ്ദീൻ നദ്‌വിയുടെ പ്രസ്താവനയാണ് സമസ്തയ്ക്കുള്ളിലെ ഒളിപ്പോരിനെ തുറന്നപോരിലേക്ക് നയിച്ചത്. സുപ്രഭാതം ചീഫ് എഡിറ്ററും സമസ്ത മുശാവറ അംഗവുമായ ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി ഇത്തരമൊരു പ്രസ്താവന നടത്തിയതിനുപിന്നിൽ അദ്ദേഹത്തിന്റെ ലീഗ് പ്രേമമെന്നാണ് സമസ്തയിലെ ലീഗ് വിരുദ്ധരുടെ വിമർശനം.

അതേസമയം, ബഹാവുദ്ദീൻ നദ്‌വിയെ ലീഗ് വിരുദ്ധരിൽനിന്ന് സംരക്ഷിക്കുന്ന തരത്തിലുള്ള പ്രസ്താവനകളുമായി ലീഗ് അണികളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ലീഗ് വിരുദ്ധരും ലീഗ് അനുകൂലികളും ഉൾക്കൊള്ളുന്നതാണ് സുപ്രഭാതത്തിന്റെ നേതൃത്വം. ഇവർ തമ്മിൽ കൂടിയാണ് ഇപ്പോഴത്തെ യുദ്ധം.

ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി
ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചതു മുതലാണ് സമസ്തയിലെ ഭിന്നത രൂക്ഷമാവുന്നത്. സുപ്രഭാതം മാനേജിങ് ഡയറക്ടർ ഹമീദ് ഫൈസി അമ്പലക്കടവ് ലീഗിനെ വിമർശിച്ച് ലേഖനം എഴുതിയതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചു. ആ അരിശം ചന്ദ്രികയിലെ മറുപടി ലേഖനത്തിൽ മാത്രം ഒതുങ്ങിയില്ല. സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനം ലീഗ് നേതാക്കൾ ബഹിഷ്കരിക്കുന്നതിലേക്കു വരെ അത് നീണ്ടു. ചീഫ് എഡിറ്ററായ ബഹാവുദ്ധീൻ നദ്‌വിക്കു സുപ്രഭാതത്തിൽ കാര്യമായ ചുമതലകളൊന്നും ഇല്ലെന്നത് കുറേക്കൂടെ വ്യക്തമാക്കുന്നതായിരുന്നു ഹമീദ് ഫൈസി അമ്പലക്കടവിന്റെ ലേഖനം.

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

ഒടുവിൽ നദ്‌വി തുറന്നടിച്ചപ്പോൾ പത്രത്തിന്റെ സിഇഒ മുസ്തഫ മുണ്ടുപാറ തന്നെ ബഹാവുദ്ദീൻ നദ്‌വിക്ക് മറുപടിയുമായി രംഗത്തെത്തി. സുപ്രഭാതത്തിന് നയവ്യതിയാനം ഉണ്ടായിട്ടില്ലെന്നും വാർത്തകളിലും പരസ്യങ്ങളിലും എല്ലാ വിഭാഗത്തെയും പരിഗണിക്കണമെന്നതു നേരത്തെ തന്നെയുള്ള തീരുമാനമാണെന്നും വ്യക്തമാക്കുന്നതാണ് ലേഖനം. നദ്‌വി സമസ്ത നേതൃത്വത്തിനു നൽകുന്ന വിശദീകരണം സംബന്ധിച്ചുള്ള കാര്യവും അടുത്ത മുശാവറ യോഗത്തിൽ ചർച്ചയാകും. ബഹാവുദ്ദീൻ നദ്‌വിയെ ചീഫ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റാനും സാധ്യതയുണ്ട്.

പോര് മുതലെടുക്കാൻ ലീഗ്

സമസ്തയിലെ ഉൾപ്പോര് മുതലെടുക്കകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യം. സമസ്തയിലെ ലീഗ് വിരുദ്ധരും ലീഗ് അനുകൂലികളും തമ്മിൽ കൊമ്പുകോർക്കുന്നതോടെ സമസ്തയിലെ ഒരു വിഭാഗത്തെ കൂടെനിർത്താൻ ലീഗിന് സാധിക്കും. ഹമീദ് ഫൈസി അമ്പലക്കടവ്, ഉമർഫൈസി മുക്കം തുടങ്ങിയവരുമായി ലീഗ് ഇടഞ്ഞുനിൽക്കാനുമാണ് സാധ്യത. സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന ആരോപണം കൂടുതൽ ശക്തമാവുകയാണെങ്കിൽ ഭൂരിഭാഗം വരുന്ന സമസ്തയിലെ ലീഗ് അനുകൂലികളെയും തന്റെ നിലപാടിനൊപ്പം നിർത്തേണ്ടത് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ ഉത്തരവാദിത്വമാവും. ബഹാവുദ്ദീൻ നദ്‌വിയുടെ പ്രസ്താവന ഏറ്റെടുക്കുന്ന രീതിയിലുള്ള ശബ്ദം സമസ്തയ്ക്കുള്ളിൽനിന്ന് ഉയരാതിക്കാനായിരിക്കും നേതൃത്വം ശ്രമിക്കുക. ബഹാവുദ്ദീൻ നദ്‌വിയെ കൂടുതൽ ഒറ്റപ്പെടുത്തുന്ന രീതിയിലേക്കാണു സമസ്ത നേതൃത്വം പോവുന്നതെങ്കിൽ നദ്‌വിക്കു പിന്തുണയുമായി ലീഗ് ശക്തമായി രംഗത്തിറങ്ങാനും സാധ്യതയുണ്ട്. എന്നാൽ സമസ്തയിൽ കൂടുതൽ ആശയക്കുഴപ്പമുണ്ടാവുമെന്നതിനാൽ നദ്‌വിക്കെതിരെ വലിയ നടപടികളിലേക്ക് സമസ്ത നേതൃത്വം പോവില്ല.

ലാഭം സിപിഎമ്മിന്

സമസ്ത ഇടതുപക്ഷത്തിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന വസ്തുത തന്നെയാണ് ലീഗ്-സമസ്ത തർക്കങ്ങളിലെ പ്രധാന കാരണവും. അന്തരിച്ച ഹൈദരലി തങ്ങൾ ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലം കുറേക്കൂടെ സൗഹൃദത്തിലായിരുന്നു പാണക്കാട് കുടുംബവും സമസ്ത നേതൃത്വവും. ജിഫ്രി തങ്ങൾ പാണക്കാട്ടെ ഇടയ്ക്കിടക്കുള്ള സന്ദർശകനുമായിരുന്നു. ആ ബന്ധം കാരണം ലീഗിനും സമസ്തയ്ക്കുമിടയിലെ ഒരുപാട് പ്രശ്നങ്ങളെ വേഗത്തിൽ പരിഹരിക്കാനും സാധിച്ചിരുന്നു. സാദിഖലി തങ്ങൾ ലീഗ് സംസ്ഥാന പ്രസിഡന്റായശേഷമാണ് ജിഫ്രി തങ്ങളുമായി അഭിപ്രായ വ്യതാസങ്ങൾ തുടങ്ങുന്നത്. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നുവെന്ന തീരുമാനമെടുക്കാൻ സർക്കാർ തുനിഞ്ഞപ്പോൾ മുതൽ സമസ്തയും ലീഗും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത നേതൃത്വത്തെ ചർച്ചയ്ക്കു വിളിച്ചത് സമസ്തയ്ക്കും ലീഗിനുമിടയിൽ ഭിന്നത വർധിപ്പിച്ചു.

 ജിഫ്രി മുത്തുക്കോയ തങ്ങൾ
ജിഫ്രി മുത്തുക്കോയ തങ്ങൾ

വഖഫ് ബോർഡ് വിഷയം ഉയർത്തിക്കൊണ്ടുവന്നത് ലീഗിൽനിന്ന് സമസ്തയെ അകറ്റാനുള്ള സിപിഎം തന്ത്രം കൂടിയായിരുന്നു. ഇതിൽ സമസ്തയും ലീഗും വെവ്വേറെ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. പതിനായിരക്കണക്കിനു പ്രവർത്തകരെ അണിനിരത്തി പ്രതിഷേധ സദസ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ചാണ് ലീഗ് അവരുടെ ശക്തി തെളിയിച്ചത്. തൊട്ടടുത്ത ദിവസം പുറത്തിറങ്ങിയ ചന്ദ്രികയുടെ ഒന്നാം പേജിലാണ് സമസ്തയ്ക്കുള്ള മറുപടി ലീഗ് നൽകിയത്. ഒടുവിൽ നിയമസഭ സമ്മേളനത്തിൽ നിയമനങ്ങൾ പിഎസ്‌സിക്കു വിടുന്ന തീരുമാനം സർക്കാർ റദ്ദാക്കി. അത് സമസ്തയുടെ വിജയമായി ഇടതുപക്ഷം പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്നും പല കാര്യങ്ങളിലും സിപിഎം സമസ്തയെ കൈയിലെടുക്കും വിധമുള്ള തന്ത്രങ്ങൾ പയറ്റിപ്പോന്നിട്ടുണ്ട്.

ദേശാഭിമാനി പുറത്തിറക്കിയ 'മിഥ്യയും യാഥാർഥ്യവും' എന്ന പുസ്തപ്രകാശനച്ചടങ്ങിൽ പിണറായി വിജയൻ തൊണ്ണൂറുകളിലെ ലീഗ് - സിപിഎം ബന്ധം ഓർമിപ്പിച്ചത് വലിയ ചർച്ചയായിരുന്നു. സമസ്തയിൽനിന്നുള്ള വലിയൊരു വിഭാഗത്തെ തങ്ങൾക്കൊപ്പം ചേർക്കാമെന്ന ആത്മവിശ്വാസം സിപിഎമ്മിനുണ്ട്. അതായത്, സമസ്തയിലെ ചിലർ ഇടതുപക്ഷവുമായി അടുക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നതിൽ സിപിഎം ഏറെക്കുറെ വിജയിച്ച മട്ടാണ്. ജൂൺ നാലിന് ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നാൽ സമസ്തയ്ക്കും മുസ്ലിം ലീഗിനുമിടയിലെ രാഷ്ട്രീയ പ്രശ്നങ്ങൾ അന്തരീക്ഷത്തിൽ കൂടുതൽ ശക്തമായി ഉയർന്നുകേൾക്കാനാണ് സാധ്യത. ആർക്കൊപ്പം നിന്നാലാണ് കാര്യങ്ങൾ എളുപ്പമാവുകയെന്ന ചോദ്യം ലീഗിനും സമസ്തക്കുമിടയിൽ ശക്തമായി നിലനിൽക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in