തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍
തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍

'സ്ലീവ്ലെസ് വേണ്ട, മാന്യമായ വസ്ത്രം ധരിക്കണം'; സദാചാര ഡ്രസ്കോഡുമായി തിരുവനന്തപുരം ബാർ അസോസിയേഷൻ

അഭിഭാഷകര്‍ ഇങ്ങനെ മാത്രമേ വരാവൂ എന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാനാകില്ലെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ

വസ്ത്രധാരണം സംബന്ധിച്ച് ചര്‍ച്ചകള്‍ പലപ്പോഴും വലിയ നിയമ പോരാട്ടങ്ങള്‍ക്ക് വഴിവച്ചവയാണ്. എന്നാല്‍, ഇപ്പോള്‍ ചര്‍ച്ചയാവുന്നത് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ജൂനിയര്‍ വനിതാ അഭിഭാഷകര്‍ക്കായി പുറത്തിറക്കിയ ഡ്രസ് കോഡ് സംബന്ധിച്ച നോട്ടീസാണ്. വസ്ത്രങ്ങള്‍ സഭ്യതയുടെ പരിധി വിടരുത് എന്നാണ് അസോസിയേഷന്‍ നോട്ടീസ് പറയുന്നത്. സ്ലീവ്‌ലസ് ഉള്‍പ്പെടെ ചില വസ്ത്രങ്ങളെ പേരെടുത്ത് പറഞ്ഞാണ് നോട്ടീസ്. വസ്ത്രം അടിച്ചേൽപ്പിക്കാൻ ബാർ അസോസിയേഷന് അവകാശമില്ലെന്ന് വനിത അഭിഭാഷകരും പറയുന്നു.

ബാര്‍ അസോസിയേഷന്റെ നിര്‍ദേശത്തിന് എതിരെ ഇതിനോടകം അഭിഭാഷകര്‍ക്കിടയില്‍ നിന്നും, സമുഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉര്‍ന്നിട്ടുണ്ട്. നോട്ടീസ് പുരുഷാധിപത്യ സാദാചാരം അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണെന്ന വിമർശനമാണ് പ്രധാനമായി ഉയരുന്നത്.

എന്നാല്‍ യുവ അഭിഭാഷകര്‍ക്കിടയില്‍ അച്ചടക്കം ഉറപ്പാക്കുക എന്നതാണ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത് എന്ന് ഭാരവാഹികളും വ്യക്തമാക്കുന്നു.

ജൂനിയര്‍ അഭിഭാഷകരില്‍ ഒരുവിഭാഗം മുതിര്‍ന്നവരോട് അനാദരവ് കാണിക്കുന്നുണ്ടെന്നും, കോടതിയിലെത്തുമ്പോള്‍ ത്രീഫോര്‍ത്ത്, സ്ലീവ്ലെസ് ബ്ലൗസ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് അനുവദിക്കാനാകില്ലെന്നും ഇവര്‍ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. കോളറുള്ള ബ്ലൗസ്, സാരി, ചുരിദാര്‍, പാന്റ്, ടോപ്പ് എന്നിവ ധരിച്ച് കോടതിയിലെത്തുന്നതാണ് ഉചിതമെന്നാണ് ബാര്‍ അസോസിയേഷന്റെ നിലപാട്. അഭിഭാഷകര്‍ ശരിയായ യൂണിഫോം ധരിച്ചില്ലെങ്കില്‍ അത്തരക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

വിവാദ നോട്ടീസ്
വിവാദ നോട്ടീസ്

'അഭിഭാഷകര്‍ക്കുള്ള അഡ്വക്കേറ്റ്‌സ് ആക്റ്റില്‍ നിഷ്‌കര്‍ഷിക്കുന്ന വസ്ത്രധാരണത്തിന് വിരുദ്ധമായി കോടതിയില്‍ വസ്ത്രം ധരിച്ചെത്തിയാല്‍ വിലക്കേണ്ടത് കോടതിയാണെന്നാണ് നോട്ടീസിനെ എതിര്‍ക്കുന്നവരുടെ നിലപാട്. കോടതിക്ക് അപ്പുറത്ത് അസോസിയേഷന് ഇതില്‍ കൈ കടത്താനാകില്ലെന്നും മുതിര്‍ന്ന അഭിഭാഷക ജെ സന്ധ്യ ദി ഫോര്‍ത്തിനോട് പ്രതികരിച്ചു.

"ഇന്ത്യയിലുടനീളമുള്ള കോടതികളില്‍ സ്ലീവ്‌ലെസ് ബ്ലൗസുകള്‍ക്ക് അനുമതിയുണ്ട്, വസ്ത്ര ധാരണം കോടതി വിരുദ്ധമാണെങ്കില്‍ സബ്മിഷന്‍ നല്‍കുന്ന ഘട്ടത്തില്‍ കോടതി തന്നെ വിലക്കിയ സംഭവമുണ്ടായിട്ടുണ്ട്''. ജെ സന്ധ്യ ചൂണ്ടിക്കാട്ടുന്നു.

അഡ്വക്കേറ്റ്‌സ് ആക്റ്റില്‍ നിഷ്‌കര്‍ഷിക്കുന്ന വസ്ത്രധാരണത്തിന് വിരുദ്ധമായി കോടതിയില്‍ വസ്ത്രം ധരിച്ചെത്തിയാല്‍ വിലക്കേണ്ടത് കോടതി
അഡ്വ. ജെ സന്ധ്യ

ഈ നിലപാടിനെ ശരിവെയ്ക്കുകയാണ് കേരള ഹൈക്കോടതിയിലെ ന്യായാധിപനായിരുന്ന ജസ്റ്റീസ് കെമാൽ പാഷ.

''കോടതി മുറിക്കകത്താണ് അഭിഭാഷകര്‍ അഡ്വക്കേറ്റ്‌സ് ആക്റ്റില്‍ വ്യക്തമാക്കുന്ന ഡ്രസ് കോഡ് പാലിക്കേണ്ടത്. അല്ലാതെ അഭിഭാഷകര്‍ ഇങ്ങനെ മാത്രമേ വരാവൂ എന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാനാകില്ല. അതുകൊണ്ട് തന്നെ ബാര്‍ അസോസിയേഷന്റെ നോട്ടീസിന് ആര്‍ക്ക് മേലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ല''. വിവാദ നോട്ടീസ് വിഷയത്തില്‍ ദി ഫോര്‍ത്തിനോട് പ്രതികരിക്കുകയായിരുന്നു റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ.

Trivandrum District Court
Trivandrum District Court

ജൂനിയര്‍ അഭിഭാഷകര്‍ക്ക് കോളേജ് കാമ്പസ് ജീവിതത്തില്‍ നിന്നുള്ള 'ഹാംഗ് ഓവര്‍' വിട്ടുമാറാത്തതാണ് പ്രശ്നമെന്നാണ് 7000 ത്തിലേറെ അംഗങ്ങളുള്ള തിരുവനന്തപുരം ബാർ അസോസിയേഷൻ്റെ നിലപാട്. അതുകൊണ്ടാണ് 'ഇത്തരം' വസ്ത്രങ്ങള്‍ ധരിച്ച് കോടതിയിലെത്തുന്നതെന്നാണ് തിരുവനന്തപുരത്തെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നിലപാട്. നോട്ടീസിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ആനയറ ഷാജി പറഞ്ഞു

നിലവില്‍ ജൂനിയര്‍ അഭിഭാഷകരില്‍ പലരുടേയും സമീപനം ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും നിരവധി ജുഡീഷ്യല്‍ ഓഫീസര്‍മാരുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ദി ഫോര്‍ത്തിനോട് പ്രതികരിച്ചു.

ജൂനിയര്‍ അഭിഭാഷകര്‍ക്ക് മുതിര്‍ന്ന അഭിഭാഷകരോടുള്ള ബഹുമാനക്കുറവ് പ്രകടമാണെന്നും, അച്ചടക്കം സംബന്ധിച്ച് ജൂനിയര്‍ അഭിഭാഷകര്‍ക്ക് മുതിര്‍ന്നവര്‍ നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ടതായി ഭാരവാഹികള്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

നോട്ടീസിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്

വിഷയത്തില്‍ മുതിര്‍ന്ന വനിതാ അഭിഭാഷകര്‍ക്കിടയിലും ഭിന്നാഭിപ്രായമുണ്ട്. ജൂനിയര്‍ അഭിഭാഷകരില്‍ ഒരുവിഭാഗം വസ്ത്രധാരണത്തിന്റെ കാര്യത്തിലും സമീപനത്തിലും മാറ്റം വരുത്താന്‍ തയ്യാറാകണമെന്നാണ് അവര്‍ പറയുന്നത്. ''കഴിവുള്ളവരാണ് ഇപ്പോള്‍ പഠിച്ചിറങ്ങുന്നവരില്‍ ഭൂരിഭാഗവും. എന്നാല്‍ കോടതിമുറിയില്‍ ചിലപ്പോള്‍ ഇരിപ്പിടം ഒഴിഞ്ഞു തരാന്‍ പോലും ഇക്കൂട്ടര്‍ തയ്യാറാകില്ല. ഒരിക്കല്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ജൂനിയേഴ്‌സിനെ കോടതി എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയ അനുഭവം ഉണ്ടായിട്ടുണ്ട്''. - അഡ്വക്കേറ്റ് എയ്ഞ്ചല്‍ ആല്‍ബര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ജൂനിയര്‍ അഭിഭാഷകരില്‍ പലരും വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണത്തിനു തയ്യാറായിട്ടില്ല.

logo
The Fourth
www.thefourthnews.in