ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകൻ കെ പി യോഹന്നാൻ അന്തരിച്ചു

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകൻ കെ പി യോഹന്നാൻ അന്തരിച്ചു

വാഹനാപകടത്തെത്തുടർന്ന് അമേരിക്കയിൽ ചികിത്സയിലിരിക്കയായിരുന്നു അന്ത്യം
Updated on
2 min read

ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ എന്ന കെ പി യോഹന്നാൻ (74) അന്തരിച്ചു. യുഎസിലെ ടെക്‌സാസില്‍ വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകുന്നേരം 5.25 ഓടെയായിരുന്നു അപകടം. പ്രഭാതസവാരിക്കിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.

തിരുവല്ലയ്ക്കടുത്ത് നിരണത്ത് 1950-ലാണ് ജനനം. കാപ്പലാരില്‍ പുന്നൂസ് യോഹന്നാന്‍ എന്നാണ് മുഴുവന്‍ പേര്. കുടുംബം മാര്‍ത്തോമ വിശ്വാസികളായിരുന്നു. കുട്ടിക്കാലത്ത് കുടുംബത്തൊഴിലായ താറാവ് കൃഷി നടത്തി. കൗമാരത്തില്‍ ബൈബിള്‍ പ്രഭാഷണത്തിലേക്കു തിരിഞ്ഞതാണ് ജീവിതം മാറ്റിമറിച്ചത്.

ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന തിയോളജിക്കല്‍ സംഘടനയില്‍ പതിനാറാം വയസ്സില്‍ അംഗത്വമെടുത്തു. ഡബ്ല്യൂ എ ക്രിസ്വല്‍ എന്ന അമേരിക്കക്കാരനെ പരിചയപ്പെട്ടു. ആ സൗഹൃദം ജീവിതം മാറ്റിമറിച്ചു. പുതിയ സുഹൃത്തിനൊപ്പം അമേരിക്കയിലേക്കുപോയ യോഹന്നാന്‍, അവിടെവെച്ചാണ് വൈദികപഠനം നടത്തിയത്. സംഘടനാപ്രവര്‍ത്തനത്തിലൂടെ പരിചയപ്പെട്ട ജര്‍മന്‍ സ്വദേശിനിയായ ഗിസല്ലയെ ജീവിത പങ്കാളിയാക്കി.

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകൻ കെ പി യോഹന്നാൻ അന്തരിച്ചു
സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

1978-ല്‍ ഭാര്യയുമായി ചേര്‍ന്ന് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സംഘടനയ്ക്ക് അമേരിക്കയിലെ ടെക്‌സാസില്‍ തുടക്കമിട്ടു. 1983-യില്‍ സംഘടനയുടെ ആസ്ഥാനം തിരുവല്ല മാഞ്ഞാടിയില്‍ സ്ഥാപിച്ചു. ആത്മീയയാത്ര എന്ന റേഡിയോ പരിപാടിയിലൂടെ വ്യത്യസ്ത ശൈലിയിലുള്ള സുവിശേഷത്തിലൂടെ അനുയായികളെ കൂട്ടി. പിന്നീട് ഞൊടിയിടയിലുള്ള വളര്‍ച്ചയുടെ കാലം. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിനു തുടക്കം കുറിച്ചു. യോഹന്നാന് അനുയായികളും ആസ്തിയും ഒരുപോലെ കൂടി.

2003-ല്‍ ബിലീവേഴ്‌സ് ചര്‍ച്ച് എപ്പിസ്‌കോപ്പല്‍ സഭയായി. സഭയുടെ ബിഷപ്പായി സ്വയം പ്രഖ്യാപനം. കെ പി യോഹന്നാന്‍ എന്ന പേര് ഉപേക്ഷിച്ച് മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത പ്രഥമനായി. ഇതോടെ മെത്രാഭിഷേകം വ്യാജമെന്ന് ആരോപിച്ച് മറ്റ് സഭകള്‍ രംഗത്തെത്തി. മെത്രാഭിഷേകം നടത്തിയ സിഎസ്‌ഐ സഭ മൊഡറേറ്റര്‍ ബിഷപ്പ് കെജെ സാമുവലിന്റെ രാജിയിലേക്കാണു തുടര്‍ന്നുള്ള വിവാദങ്ങള്‍ നയിച്ചത്.

ഈ കോലാഹലങ്ങള്‍ പക്ഷേ യോഹന്നാനെ ബാധിച്ചില്ല. ബിലീവേഴ്‌സ് ചര്‍ച്ച് പടര്‍ന്നുപന്തലിച്ചു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശത്തും ശാഖകള്‍. മുപ്പതോളം ബിഷപ്പുകള്‍. പത്തോളം രാജ്യങ്ങളിലായി 35 ലക്ഷത്തോളം വിശ്വാസികളുണ്ടെന്നാണ് അവകാശവാദം.

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകൻ കെ പി യോഹന്നാൻ അന്തരിച്ചു
'ക്രിക്കറ്റ് ടീമില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കും'; വീണ്ടും വിദ്വേഷ പരാമർശവുമായി മോദി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളേജ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ സഭയുടെ കീഴിലുണ്ട്. റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള പല മേഖലകളിലും വന്‍ നിക്ഷേപം. ഗോസ്പല്‍ ഏഷ്യയുടെ പേരില്‍ വിവിധ സ്ഥലങ്ങളിലായി ഔദ്യോഗികമായുള്ളത് ഏഴായിരം ഏക്കറിലധികം ഭൂമി. ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുത്തതിലൂടെ വിവാദമായ ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഇതിലൊന്നാണ്. സംസ്ഥാനത്ത് മാത്രം 20,000 ഏക്കറില്‍ അധികം ഭൂമി വിവിധ ട്രസ്റ്റുകളുടെ പേരില്‍ യോഹന്നാന്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഒട്ടേറെ പരാതികളും കേസുകളും ബിലീവേഴ്‌സ് ചര്‍ച്ചിനും ഗോസ്പല്‍ ഏഷ്യയ്ക്കുമെതിരെ ഉയര്‍ന്നു. വിദേശസഹായം സ്വീകരിക്കുന്നതിനെക്കുറിച്ചായിരുന്നു കൂടുതല്‍ ആരോപണങ്ങള്‍. ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കിയ കോടികള്‍ ദുരുപയോഗം ചെയ്‌തെന്ന പേരില്‍ അമേരിക്കയിലും കേസുകളുണ്ട്. 37 ദശലക്ഷം ഡോളര്‍ നല്‍കി ഈ കേസുകള്‍ യോഹന്നാന്‍ ഒത്തുതീര്‍പ്പാക്കി.

യോഹന്നാന്റെ സ്ഥാപനങ്ങള്‍ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചെന്ന് 2012-ല്‍ പരാതി ഉയര്‍ന്നു. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്ന് 1544 കോടി രൂപ വഴിവിട്ട് സ്വീകരിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ അന്വേഷണത്തിലേക്കു കാര്യങ്ങള്‍ പോയില്ല. പക്ഷേ 2020-ല്‍ മറ്റൊരു പരാതിയില്‍ യോഹന്നാനും സ്ഥാപനങ്ങള്‍ക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മിഷണറി പ്രവര്‍ത്തനത്തിനു വിദേശത്തുനിന്ന് കോടികള്‍ വാങ്ങി സ്വന്തം ആസ്തി വികസനത്തിന് ഉപയോഗിച്ചെന്നായിരുന്നു പരാതി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുപ്പ് റെയ്ഡ് നടത്തി. പതിനാലരക്കോടി രൂപ പിടിച്ചെടുത്തു. അന്വേഷണം ഇപ്പോഴും തുടരുന്നു.

logo
The Fourth
www.thefourthnews.in