ക്രിമിനല്‍ പശ്ചാത്തലം: ഇന്‍സ്പെക്ടര്‍ പി ആർ സുനുവിനെ പിരിച്ചുവിട്ടു;  നടപടി പോലീസ് ആക്ട് 86ാം  വകുപ്പ് പ്രകാരം

ക്രിമിനല്‍ പശ്ചാത്തലം: ഇന്‍സ്പെക്ടര്‍ പി ആർ സുനുവിനെ പിരിച്ചുവിട്ടു; നടപടി പോലീസ് ആക്ട് 86ാം വകുപ്പ് പ്രകാരം

സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിയിരുന്നു

ക്രിമിനല്‍ കേസ് പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി ഐ പി ആർ സുനുവിനെ സേനയില്‍ നിന്നും പിരിച്ചുവിട്ടു. സംസ്ഥാന പോലീസ് മേധാവിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ബലാത്സംഗം അടക്കം 9 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുനു. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന, ബലാത്സംഗം ഉൾപ്പടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിക്ക് പോലീസ് സേനയിൽ തുടരാൻ യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്നുന്നതാണ് ഡിജിപിയുടെ പുറത്താക്കല്‍ ഉത്തരവ്. പോലീസ് ആക്ടിലെ 86 ആം വകുപ്പ് പ്രകാരമാണ് നടപടി. ഈ വകുപ്പ് പ്രകാരം ആദ്യമായാണ് ഒരു ഉദ്യോഗസ്ഥനെ സേനയിൽ നിന്ന് പിരിച്ചുവിടുന്നത്.

തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന, ബലാത്സംഗം ഉൾപ്പടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിക്ക് പോലീസ് സേനയിൽ തുടരാൻ യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്നുന്നതാണ് ഡിജിപിയുടെ പുറത്താക്കല്‍ ഉത്തരവ്.

15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്പെൻഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ ആണ് പി ആർ സുനുവിന് അവസാനമായി സസ്പെൻഷൻ ലഭിച്ചത്. കൊച്ചി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ നടപടി. ഈ കേസിൽ എഫ്ഐആറിൽ പ്രതിയായിരിക്കെ സുനു ജോലിക്കെത്തിയത് വിവാദമായിരുന്നു. എറണാകുളം സ്വദേശിയായ യുവതിയായിരുന്നു പരാതിക്കാരി. പത്ത് പേരെ പരാതിയിൽ പ്രതി ചേർത്തിട്ടുണ്ട്. അതിൽ മൂന്നാം പ്രതിയാണ് സുനു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാനും ഡിജിപി ഉത്തരവിട്ടിരുന്നു.

നടപടികളുടെ ഭാഗമായി ഡിജിപിക്ക് മുന്നിൽ ഹാജരാവാൻ നേരത്തെ സുനുവിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോ​ഗ്യപ്രശ്നങ്ങളാൽ ചികിത്സയിലാണെന്നും നേരിട്ട് ഹാജരാവാൻ സമയം അനുവദിക്കണമെന്നും കാണിച്ച് സുനു ഡിജിപിക്ക് മെയിൽ അയച്ചു. ഇത് മുഖവിലക്കെടുക്കാതെ നടപടികളുമായി ഡിജിപി മുന്നോട്ട് പോവുകയായിരുന്നു. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്കും റിപ്പോര്‍ട്ട് നല്‍കിയിയിരുന്നു.

പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാനായി നേരത്തെ ഡിജിപി ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതോടെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പക്ഷേ ഡി ജി പിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്ന കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 31 ന് സുനു മറുപടി നൽകി. ഈ മറുപടി പരിശോധിച്ചാണ് ഡി ജി പി നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാൻ വീണ്ടും നോട്ടീസ് നൽകിയത്. ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. സുനു ഈ കേസിൽ നിയമനടപടി നേരിട്ടിരുന്നു.

logo
The Fourth
www.thefourthnews.in