ബിനോയ് വിശ്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ താത്‌കാലിക ചുമതല; തീരുമാനം സിപിഐ  സംസ്ഥാന എക്‌സിക്യൂട്ടീവില്‍

ബിനോയ് വിശ്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ താത്‌കാലിക ചുമതല; തീരുമാനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്

ബിനോയ് വിശ്വം എംപിക്ക് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബിനോയ് വിശ്വത്തിന് ചുമതല നല്‍കിയത്. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ് അദ്ദേഹം.

യോഗത്തിന് ശേഷം, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാണ് പ്രഖ്യാപനം നടത്തിയത്. യോഗം ഐകകണ്‌ഠേനയാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തതെന്ന് ഡി രാജ പറഞ്ഞു. 28ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ചര്‍ച്ച ചെയ്യും.

ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല നല്‍കണമെന്ന് നേരത്തെ ചികിത്സയ്ക്കുവേണ്ടി അവധിക്ക് അപേക്ഷിച്ച സമയത്ത് കാനം രാജേന്ദ്രന്‍ സിപിഐ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു.

ബിനോയ് വിശ്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ താത്‌കാലിക ചുമതല; തീരുമാനം സിപിഐ  സംസ്ഥാന എക്‌സിക്യൂട്ടീവില്‍
കാനത്തിന് വിടനല്‍കി കേരളം; സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കോട്ടയം കാനത്തിലെ സ്വവസതിയില്‍ കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഇതിന് പിന്നാലെ പതിമൂന്നംഗം സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുകയായിരുന്നു. 2006-11 കാലയളവില്‍ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്നു ബിനോയ് വിശ്വം.

logo
The Fourth
www.thefourthnews.in