'സ്വര്‍ണം പൊട്ടിക്കലും അധോലോകവും, കണ്ണൂരിൽനിന്നുള്ള വാര്‍ത്തകൾ ചെങ്കൊടിക്ക് അപമാനം'; രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം

'സ്വര്‍ണം പൊട്ടിക്കലും അധോലോകവും, കണ്ണൂരിൽനിന്നുള്ള വാര്‍ത്തകൾ ചെങ്കൊടിക്ക് അപമാനം'; രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം

ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

കണ്ണൂര്‍ സിപിഎമ്മിലെ വിവാദങ്ങളില്‍ ഇടപെട്ട് സിപിഐ. കണ്ണൂരില്‍ നിന്നു കേള്‍ക്കുന്ന വാര്‍ത്തകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്‌. സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക പ്രവര്‍ത്തനങ്ങളുടെയും കഥകളാണ് കണ്ണൂരില്‍ നിന്നു കേള്‍ക്കുന്നതെന്നും അത് ഇടതുപക്ഷത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷ വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ല. ഇടതുപക്ഷ പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇവരുടെ പങ്ക് ചെറുതല്ല. ഇവരില്‍ നിന്ന് ബോധപൂര്‍വം അകല്‍ച്ച പാലിച്ചാലേ ജനവിശ്വാസം വീണ്ടെടുത്തു മുന്നേറാനാകൂയെന്നും ബിനോയ് വിശ്വം പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.

ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. അവര്‍ക്ക് മാപ്പ് നല്‍കാനാകില്ല. അതു പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ബിനോയ് വിശ്വം പ്രസ്താവനയിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്.

സിപിഎമ്മില്‍ നിന്നു പുറത്തുപോയതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗം മനുതോമസ് കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിനു മറുപടിയെന്നോണം പി ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. അതോടെ വിഷയം വലിയ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന.

logo
The Fourth
www.thefourthnews.in