ബിനോയ് വിശ്വം തന്നെ സെക്രട്ടറി; തീരുമാനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍

ബിനോയ് വിശ്വം തന്നെ സെക്രട്ടറി; തീരുമാനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍

നാളെ ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ പേര് നിര്‍ദേശിക്കും

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ പേര് നിര്‍ദേശിക്കും. ജനറല്‍ സെക്രട്ടറി ഡി രാജ പങ്കെടുത്ത സംസ്ഥാന എക്‌സിക്യൂട്ടീവില്‍, ബിനോയ് വിശ്വം തന്നെ തുടരണമെന്ന നിര്‍ദേശം കേന്ദ്രനേതൃത്വം മുന്നോട്ടുവയ്ക്കുകയായിരുന്നു.

കാനം രാജേന്ദ്രന്റെ മരണത്തിന് തൊട്ടുപിന്നാലെ, ബിനോയ് വിശ്വത്തിന് താത്കാലിക ചുമതല നല്‍കിയതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ദേശീയ നേതൃത്വം യോഗത്തില്‍ വിശദീകരിച്ചു. ഇതിന് വിരുദ്ധമായ അഭിപ്രായങ്ങളൊന്നും സംസ്ഥാന എക്‌സിക്യൂട്ടീവിലുണ്ടായില്ല.

നേരത്തെ, ബിനോയ് വിശ്വത്തെ താത്കാലിക സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെ വിമര്‍ശനവുമായി കെ ഇ ഇസ്മായില്‍ രംഗത്തുവന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിന്തുടര്‍ച്ചാവകാശമില്ലെന്നും കാനത്തിന്റെ മരണത്തിന് പിന്നാലെ ഉടനടി താത്കാലിക സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യമില്ലെന്നും ഇസ്മായില്‍ വിമര്‍ശിച്ചിരുന്നു.

ബിനോയ് വിശ്വം തന്നെ സെക്രട്ടറി; തീരുമാനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍
ദേശീയ ഘടകവുമായുള്ള ബന്ധം അവസാനിപ്പിച്ച് കേരള ജെഡിഎസ്; സി കെ നാണുവിനൊപ്പവുമില്ല, മറ്റു പാര്‍ട്ടികളുമായി ലയന നീക്കം

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിക്ക് അപേക്ഷിച്ച കത്തില്‍, ബിനോയ് വിശ്വത്തിന് പകരം ചുമതല നല്‍കണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വത്തിന് ചുമതല നല്‍കാന്‍ കോട്ടയത്ത് ചേര്‍ന്ന അടിയന്തര സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേന്ദ്രനേതൃത്വം നിര്‍ദേശം മുന്നോട്ടുവച്ചത്.

logo
The Fourth
www.thefourthnews.in