'വീട്ടില്‍ പണിക്കാർക്ക് മണ്ണില്‍ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിട്ടുണ്ട്'; അഭിമാനം കൊണ്ട്‌ ബിജെപി നേതാവ് കൃഷ്ണകുമാര്‍

'വീട്ടില്‍ പണിക്കാർക്ക് മണ്ണില്‍ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിട്ടുണ്ട്'; അഭിമാനം കൊണ്ട്‌ ബിജെപി നേതാവ് കൃഷ്ണകുമാര്‍

കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന പരാമർശം നടത്തിയത്

തന്റെ വീട്ടിൽ പണ്ട് കാലത്ത് ആചരിച്ചിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളിൽ അഭിമാനം കണ്ടെത്തി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. വർണാശ്രമ വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെയാണ് വളരെ സ്വാഭാവിക സംഭവമെന്ന മട്ടിൽ കൃഷ്ണകുമാർ അവതരിപ്പിച്ചത്. കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന പരാമർശം നടത്തിയത്.

പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പുകഴ്ത്തി പറയുന്നതിനിടെയാണ് തന്റെ വീട്ടിൽ പണ്ട് പണിക്കാർക്ക് കഞ്ഞി കൊടുത്തിരുന്നത് മണ്ണിൽ കുഴികുത്തിയായിരുന്നു എന്ന കാര്യം ഓർത്തെടുക്കുന്നത്. പണിയെടുത്ത് കുഴഞ്ഞ് വരുന്ന പണിക്കാര്‍ ചേമ്പില വിരിച്ച മണ്ണിലെ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്ന കാഴ്ച ഓർക്കുമ്പോൾ ഇപ്പോഴും കൊതി വരുമെന്നാണ് ബിജെപി നേതാവിന്റെ വാക്കുകൾ. അഞ്ചുമാസം മുൻപുള്ള ദൃശ്യങ്ങൾ ആയിരുന്നെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴാണ് ഇത് ചർച്ചയായത്.

കൊച്ചിയിലെ ഹോട്ടൽ മാരിയറ്റിൽ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോൾ ഉണ്ടായ ഓർമകളെക്കുറിച്ചാണ് കൃഷ്ണകുമാർ വിവരിക്കുന്നത്. മണ്ണിൽ പണിയെടുത്തിരുന്നവർക്ക് കുഴികുത്തി ഭക്ഷണം നൽകിയിരുന്നത് ഇപ്പോഴും വ്ലോഗിനുള്ള കണ്ടന്റ് ആകുന്നതിനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പലരും രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in