കത്തിയെരിയുന്നത് അഴിമതിയുടെ തെളിവുകള്‍ ? തുടര്‍ച്ചയായ അഗ്നിബാധയില്‍ സംശയമുയരുന്നു

കത്തിയെരിയുന്നത് അഴിമതിയുടെ തെളിവുകള്‍ ? തുടര്‍ച്ചയായ അഗ്നിബാധയില്‍ സംശയമുയരുന്നു

കോവിഡ് കാലത്ത് വാങ്ങിക്കൂട്ടിയ മരുന്നുകളുടെയും മറ്റ് ഉപകരണങ്ങളുടെയും കണക്കുകളില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നുള്ള ആരോപണം ഉയരുന്നതിനിടെയാണ് അഗ്നിബാധ തുടര്‍ക്കഥയാകുന്നത്.

ആദ്യം കൊല്ലം ഉളിയക്കോവില്‍, പിന്നീട് തിരുവനന്തപുരം തുമ്പ, ഇപ്പോള്‍ ആലപ്പുഴ വണ്ടാനം... ഇനി കത്തുന്നത് എവിടെയായിരിക്കും. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കെട്ടിടങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അഗ്നിബാധ സംശയാസ്പദമാകുകയാണ്. കോവിഡ് കാലത്ത് വാങ്ങിക്കൂട്ടിയ മരുന്നുകളുടെയും മറ്റ് ഉപകരണങ്ങളുടെയും അവശ്യ വസ്തുക്കളുടെയും കണക്കുകളില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കോടികള്‍ വെട്ടിച്ചിട്ടുണ്ടെന്നുമുള്ള ആരോപണം ഉയരുന്നതിനിടെയാണ് അഗ്നിബാധ തുടര്‍ക്കഥയാകുന്നത്.

കോവിഡിന്റെ മറവില്‍ നടന്ന അഴിമതികളുടെ തെളിവുകളാണ് കത്തിച്ചു കളയുന്നതെന്നാണ് പ്രധാന ആരോപണം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തു നിന്ന് 500-ലേറെ പ്രധാന ഫയലുകള്‍ കാണാതായത് അടുത്തിടെയാണ്. ഇതു വിവാദമായതിനു പിന്നാലെയാണ് കെ.എം.എസ്.സി.എല്ലിന്റെ കെട്ടിടങ്ങള്‍ക്കു തീപിടിക്കാന്‍ തുടങ്ങിയതെന്നും ശ്രദ്ധേയമാണ്.

കോവിഡ് സമയത്ത് ടെന്‍ഡര്‍ ക്ഷണിക്കാതെ കോടികളുടെ മരുന്നുകളും ഉപകരണങ്ങളും വാങ്ങിക്കൂട്ടിയത് പിന്നീട് വലിയ വിവാദമായിരുന്നു. ഇതില്‍ പ്രതിപക്ഷത്തുനിന്ന് ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പടെ ആവശ്യമുയര്‍ന്നിരുന്നു. പിന്നീട് പരാതി ലഭിച്ചതോടെ ലോകായുക്തയും സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യപരിശോധനാ വിഭാഗവും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പ് ആസ്ഥാനത്തു നിന്ന് 500-ലേറെ പ്രധാന ഫയലുകള്‍ കാണാതായത് അടുത്തിടെയാണ്.

അന്വേഷണത്തിന്റെ ഭാഗമായി ലോകായുക്ത തെളിവെടുപ്പ് നടത്താനിരിക്കെയാണ് ആരോഗ്യവകുപ്പ് ആസ്ഥാനത്തു നിന്ന് ഫയലുകള്‍ അപ്രത്യക്ഷമായത്. ഫയലുകള്‍ കാണാനില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് അധികം താമസിയാതെ തന്നെ ആദ്യ തീപിടുത്തമുണ്ടായി. കൊല്ലം ഉളിയക്കോവിലിലെ പ്രധാന മരുന്നു സംഭരണശാലയ്ക്കാണ് ഈ മാസം 16-ന് രാത്രി തീപിടിച്ചത്. അഗ്നിബാധയില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. കോവിഡ് സമയത്ത് വാങ്ങിയ മരുന്നുകളും സാനിറ്റൈസറുകളും മറ്റുമായിരുന്നു പ്രധാനമായും ഇവിടെ സൂക്ഷിച്ചിരുന്നത്. അത് പൂര്‍ണമായും അഗ്നിക്കിരയായി.

ഇടിമിന്നലുണ്ടായപ്പോള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചെന്നായിരുന്നു സുരക്ഷാ ജീവനക്കാര്‍ മൊഴിനല്‍കിയത്. ബ്ലീച്ചിങ് പൗഡര്‍ അത്തരത്തില്‍ തീപിടിക്കുന്ന വസ്തുവാണെന്നും അലക്ഷ്യമായി സൂക്ഷിച്ചതാണ് അപകടത്തിനു കാരണമെന്നും പിന്നീട് വിശദീകരണമുണ്ടായി. ആ അപകടം നടന്ന് രണ്ടാഴ്ചയ്ക്കകം ഇന്നു പുലര്‍ച്ചെ വണ്ടാനത്ത് അഗ്നിബാധ ഉണ്ടാകുമ്പോഴും ബ്ലീച്ചിങ് പൗഡര്‍ തന്നെയാണ് വില്ലനാകുന്നത്.

വണ്ടാനത്തെ തീപിടുത്തത്തിനും സുരക്ഷാ ജീവനക്കാര്‍ ആദ്യം നല്‍കിയ വിശദീകരണം ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്നിടത്ത് അഗ്നിബാധയുണ്ടായെന്നാണ്. ഒരു തവണ സംഭവിച്ച പിഴവ് വീണ്ടും ആവര്‍ത്തിക്കുന്നത് മനപ്പൂര്‍വമല്ലേയെന്നാണ് ചോദ്യമുയരുന്നത്.

കത്തിയെരിയുന്നത് അഴിമതിയുടെ തെളിവുകള്‍ ? തുടര്‍ച്ചയായ അഗ്നിബാധയില്‍ സംശയമുയരുന്നു
തിരുവനന്തപുരം കിൻഫ്രയിൽ വൻ തീപിടിത്തം; തീയണയ്ക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം

ഇതിനിടെ തിരുവനന്തപുരം തുമ്പയിലെ സംഭരണ ശാലയ്ക്കും തീപിടിച്ചിരുന്നു. പേവിഷത്തിനും പാമ്പ് വിഷത്തിനുമെതിരായ മരുന്നുകള്‍ വാങ്ങിയതിലെ ക്രമക്കേട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു തുമ്പയില്‍ തീപിടിച്ചത്. രണ്ടരക്കോടി രൂപയുടെ അഴിമതിയാണ് മരുന്ന് ഇടപാടില്‍ ആരോപിക്കപ്പെട്ടിരുന്നത്. ആ മരുന്നുകളാണ് തുമ്പയില്‍ കത്തിനശിച്ചത്. സുരക്ഷാ മേല്‍നോട്ടമുള്ള ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരും അറിഞ്ഞുള്ള അഗ്നിബാധയാണ് തുടര്‍ച്ചയായി കെ.എം.എസ്.സിഎല്ലിന്റെ ഗോഡൗണുകളില്‍ നടക്കുന്നതെന്നും അതിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ടെന്നുമാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.

logo
The Fourth
www.thefourthnews.in