കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതിക്കായി സി-ഡാക് സാങ്കേതികവിദ്യ; അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കും

കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതിക്കായി സി-ഡാക് സാങ്കേതികവിദ്യ; അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കും

ടോടെക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത് ആത്യന്തികമായി സ്വകാര്യ വത്ക്കരണത്തിന് ഇടയാക്കുമെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് നടപടി

സ്മാർട്ട് മീറ്റർ പദ്ധതിക്കായി സി-ഡാകിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച വിഷയങ്ങൾ പഠിക്കാൻ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവിറക്കി. വിദഗ്ധ സമിതിയുടെ അഭിപ്രായത്തിന്മേൽ കെഎസ്ഇബിക്ക് തീരുമാനമെടുക്കാം. ഇതിന് ശേഷം മാത്രമേ പദ്ധതി ടെണ്ടറിന്മേൽ അന്തിമ നടപടികൾ സ്വീകരിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം (RDSS) പ്രകാരം, സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഘട്ടം ഘട്ടമായി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുവാനുള്ള കെഎസ്ഇബിയുടെ പദ്ധതിക്ക് സി-ഡാകിന്റെ സാങ്കേതികത പ്രയോജനപ്പെടുത്താനാകുമോ എന്ന് പരിശോധിക്കുകയാണ് സംസ്ഥാന സർക്കാർ. ഗുണഭോക്താക്കളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളും പദ്ധതി കെഎസ്ഇബിഎൽ നേരിട്ട് നടപ്പിലാക്കുകയാണെങ്കിൽ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം നഷ്ടപ്പെടുമോ എന്നീ വിഷയങ്ങളും വിദഗ്ധ സമിതി പരിശോധിക്കും. ഈ മാസം 28 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വിദഗ്ധ സമിതിയുടെ അഭിപ്രായത്തിന്മേൽ കെഎസ്ഇബിഎൽ തീരുമാനം എടുത്ത ശേഷം മാത്രമേ ടെണ്ടറിന്മേൽ അന്തിമ നടപടികൾ സ്വീകരിക്കാൻ പാടുള്ളൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ, കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റ്, സ്റ്റാർട്ടപ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കെഎസ്ഇബിഎൽ ഡയറക്ടർ, കെഎസ്ഇബിഎൽ ചീഫ് എഞ്ചിനീയർ എന്നിവരടങ്ങിയതാണ് വിദഗ്ധ സമിതി.

പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജൻസിയായി കേന്ദ്ര സർക്കാർ ഡൽഹി ആസ്ഥാനമായ ആർഇസി പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിയെ തിരഞ്ഞെടുത്തിരുന്നെങ്കിലും ഇതു സംബന്ധിച്ച കരാർ ഒപ്പിട്ടിരുന്നില്ല. ഇതിനിടെ ടോടെക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത് ആത്യന്തികമായി സ്വകാര്യ വത്ക്കരണത്തിന് ഇടയാക്കുമെന്നും സംസ്ഥാന താത്പര്യം മുൻനിർത്തി പദ്ധതി നടത്തിപ്പിന് പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജൻസിയെ നിയമിച്ച് നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇടത് തൊഴിലാളി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധമുയർത്തിയിരുന്നു. ഇതിന്റെ കൂടി സാഹചര്യത്തിലാണ് വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം.

logo
The Fourth
www.thefourthnews.in