പുതുപ്പള്ളി:  വസ്തുതാവിരുദ്ധമായ ഒന്നും പറഞ്ഞിട്ടില്ല; സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ഔദ്യോഗിക ഗ്രൂപ്പുകൾ- സി പാർവതി

പുതുപ്പള്ളി: വസ്തുതാവിരുദ്ധമായ ഒന്നും പറഞ്ഞിട്ടില്ല; സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ഔദ്യോഗിക ഗ്രൂപ്പുകൾ- സി പാർവതി

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അധിക്ഷേപങ്ങളാണധികവും

'അവര്‍ ചെയ്ത പോലെ മോര്‍ഫ് ചെയ്ത ചിത്രങ്ങളോ വസ്തുതാവിരുദ്ധമായ വാര്‍ത്തകളോ പ്രചരിപ്പിച്ചിട്ടില്ല. സത്യം മാത്രം വിളിച്ച് പറഞ്ഞതിനാണ് കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്'

സി പാർവതി - ടി 21 ഓണ്‍ലൈന്‍ ചാനല്‍ അവതാരക

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ടി 21എന്ന ഓണ്‍ലൈന്‍ ചാനലിലെ അവതാരക സി പാർവതി നേരിട്ടത് സമാനതകളില്ലാത്ത സൈബര്‍ ആക്രമണമായിരുന്നു. പുതുപ്പള്ളിയില്‍ വികസനമെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചാനലില്‍ പങ്കുവച്ച വീഡിയോയുടെ പശ്ചാത്തലത്തിലായിരുന്നു സൈബറിടങ്ങളില്‍ യുവതി കടന്നാക്രമണത്തിന് വിധേയയായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അധിക്ഷേപങ്ങളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളായുള്ളത്. പുരുഷന്മാര്‍ക്ക് പുറമേ സത്രീ പേരുകളുള്ള അക്കൗണ്ടുകളില്‍ നിന്നും അധിക്ഷേപം വ്യാപകമായിരുന്നു.

തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല സൈബര്‍ ഗ്രൂപ്പുകളാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരിക്കുകയാണ് സി പാര്‍വതി. ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്നുള്‍പ്പെടെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു എന്നാണ് പാര്‍വതിയുടെ ആരോപണം. ഔദ്യോഗികമായി കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ നിന്ന് തന്നെയാണ് ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ക്കുള്ള പദ്ധതികള്‍ തയാറാക്കിയതെന്ന് ഉറപ്പാണെന്നും പാര്‍വതി പറയുന്നു. പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട പ്രൊഫൈലുകളുടെയും പേജ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പോലീസില്‍ പാര്‍വതി പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ പാര്‍വതിക്ക് പിന്തുണയുമായി മന്ത്രി വീണാ ജോര്‍ജുള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് തെളിയിക്കുന്ന ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് തന്നെയാണ് ഇത്തരം കമന്റുകൾ വന്നിട്ടുള്ളത്

സി പാർവതി

ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് വൈകീട്ടോടെയാണ് സമൂഹമാധ്യമങ്ങളില്‍ പാര്‍വതിക്കെതിരെയുള്ള ലൈഗിംകാധിക്ഷേപം രൂക്ഷമാകുന്നത്. അതിഭീകരമായ സൈബര്‍ ആക്രമണത്തിന് വിധേയമായിട്ടും തനിക്കെതിരായ പ്രചാരണങ്ങളോട് പ്രതികരിക്കാന്‍ കേരളത്തിലെ മുഖ്യധാരമാധ്യമങ്ങൾ തയ്യാറാകാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും പാർവതി പറയുന്നു. താന്‍ നേരിടുന്ന സൈബർ ആക്രമണത്തെപ്പറ്റിയും ഈ വിഷയത്തില്‍ മാധ്യമങ്ങൾ പാലിക്കുന്ന മൗനത്തെക്കുറിച്ചും ദ ഫോർത്തിനോട് പ്രതികരിക്കുകയായിരുന്നു പാർവതി.

ചാണ്ടി ഉമ്മൻ, യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, പിസി വിഷ്ണുനാഥ് എന്നിവര്‍ നടത്തുന്ന പ്രചാരണങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പാര്‍വതി വിമര്‍ശനങ്ങള്‍ നടത്തിയത്. മാത്രമല്ല പുതുപ്പള്ളിയില്‍ ബസ് കയറാത്ത ബസ് സ്റ്റാന്റുണ്ടെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം വികസനമെത്തിക്കുന്ന പ്രതീതി കോണ്‍ഗ്രസുണ്ടാക്കുന്നു എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പാര്‍വതി ടി 21 എന്ന ചാനലില്‍ വീഡിയോ പങ്കുവച്ചത്. ചാണ്ടി ഉമ്മന്റെ വിവാദമായ പല പരാമര്‍ശങ്ങളെയും പാര്‍വതി വിമര്‍ശിച്ചിരുന്നു.

ഔദ്യോഗികമായി കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ നിന്ന് തന്നെയാണ് ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ക്കുള്ള പദ്ധതികള്‍ തയാറാക്കിയതെന്ന് ഉറപ്പാണ്

സി പാർവതി

'പുതുപ്പള്ളി തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവിട്ട വീഡിയോകളുടെ ചുവടെയാണ് ഇപ്പോള്‍ അധിക്ഷേപങ്ങള്‍ ഉയര്‍ന്നുവരുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഗ്രൂപ്പുകളില്‍ നിന്നും പ്രൈവറ്റ് ഗ്രൂപ്പുകളില്‍ നിന്നും നേതാക്കളും വാര്‍ഡ് കൗണ്‍സിലര്‍മാരും സാധാരണ പ്രവര്‍ത്തകരും വരെ ലൈംഗികമായി അധിക്ഷേപിച്ച് കമന്റുകള്‍ ഇട്ടിട്ടുണ്ട്. ഔദ്യോഗികമായി കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ നിന്ന് തന്നെയാണ് ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ക്കുള്ള പദ്ധതികള്‍ തയാറാക്കിയതെന്ന് ഉറപ്പാണ്. പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് നേതാക്കളാരും ഈ ആക്രമണത്തെ അപലപിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നുള്ളതും അത്ഭുതപ്പെടുത്തുന്നുണ്ട്'. പാർവതി പറഞ്ഞു.

' ടി 21 എന്ന ഓണ്‍ലൈന്‍ ചാനലിനെതിരെ ഇതിന് മുന്‍പും ഇത്തരത്തിലുള്ള വേട്ടയാടലുകള്‍ ഉണ്ടായിട്ടുണ്ട്. ടി 21 ഇടത് രാഷ്ട്രീയം പറയുന്ന ഒരു ചാനലാണ്. കൃത്യമായി രാഷ്ട്രീയം പറഞ്ഞ് ഒന്നും മറച്ച് വയ്ക്കാതെയാണ് ഇത്രയും കാലം വാര്‍ത്തകള്‍ ചെയ്തിട്ടുള്ളത്'. ഇടതുപക്ഷ അനുഭാവം വെളിപ്പെടുത്തികൊണ്ട് തന്നെയാണ് പുതുപ്പള്ളിയിലെ വാര്‍ത്തകളും ചെയ്തതെന്നും പാർവതി വ്യക്തമാക്കി.

ഒരുപാട് മോശം കമന്റുകള്‍ ഇതിന് മുന്‍പും വീഡിയോകള്‍ക്ക് താഴെ വന്നിട്ടുണ്ടെന്നും അതിനെയൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ലെന്നും പാർവതി പറയുന്നു. എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ ഗ്രൂപ്പുകളില്‍ നിന്ന് പോലും പ്രചരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രതികരിക്കാന്‍ തുടങ്ങിയത്. ഇതിന് പിന്നില്‍ ഔദ്യോഗിക അജണ്ടയുണ്ടെന്ന് ഇതിനകം തന്നെ ബോധ്യപ്പെട്ടെന്നും പാർവതി വ്യക്തമാക്കി. കമന്റുകളിലെ വ്യക്തിഅധിക്ഷേപങ്ങള്‍ക്ക് പുറമേ പരസ്യമായ വെല്ലുവിളികളും നേരിട്ട് കൊണ്ടിരിക്കുകയാണ് പാർവതി.

പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട പ്രൊഫൈലുകളുടെയും പേജ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

'ഇത്തരം ഗുരുതരമായ ലൈംഗിക അധിക്ഷേപങ്ങളെ, ഭീഷണികളെ പാടേ അവഗണിക്കുന്ന മനോഭാവമാണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. പ്രത്യേക പരിഗണന ലഭിക്കുന്ന പ്രിവിലേജ്ഡ് ആയ ആളുകളെ മാത്രം സംരക്ഷിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് എന്നെപ്പോലൊരു പ്രിവിലേജ്ഡ് അല്ലാത്ത പെണ്‍കുട്ടി സൈബര്‍ ആക്രമണം നേരിടുമ്പോള്‍ അത് വലിയ പ്രശ്‌നമാകാതിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇതിനെ നിയമപരമായി നേരിടാന്‍ തീരുമാനിച്ചത്. പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട പ്രൊഫൈലുകളുടെയും പേജ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്റെ സുഹൃത്തുക്കളും മാതാപിതാക്കളുമാണ് എനിക്കെതിരെയുള്ള വ്യക്തി അധിക്ഷേപങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്. അത് അവരെ വേദനിപ്പിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഇതിനെ നിയമപരമായി നേരിടാന്‍ തീരുമാനിച്ചത്'. പാർവതി പറയുന്നു.

'ഒരു പ്രമുഖ അല്ലാത്തത് കൊണ്ട് എന്റെ അവകാശങ്ങളൊന്നും അവകാശങ്ങളാകാതിരിക്കുന്നില്ല. പ്രമുഖ അല്ലാത്തത് കൊണ്ട് ഈ നാട്ടില്‍ ജീവിക്കാനുള്ള അവകാശവും ഇല്ലാതാകുന്നില്ല. അവര്‍ ചെയ്ത പോലെ മോര്‍ഫ് ചെയ്ത ചിത്രങ്ങളോ വസ്തുതാ വിരുദ്ധമായ വാര്‍ത്തകളോ പ്രചരിപ്പിച്ചിട്ടില്ല. സത്യം മാത്രം വിളിച്ചു പറഞ്ഞതിനാണ് കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ഇരയായികൊണ്ടിരിക്കുന്നത്. ഞങ്ങള്‍ ചെയ്ത വിഡീയോകളിലെ ഉള്ളടക്കങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ട്. ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു എന്നതുകൊണ്ട് പുതുപ്പള്ളിയിലെ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതാകുന്നില്ല. ആ പ്രശ്‌നങ്ങള്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചതിന് ശേഷം മാറ്റാന്‍ പറ്റുകയാണെങ്കില്‍ മാറ്റട്ടെ'. പാർവതി കൂട്ടിച്ചേർത്തു. പാർവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് മന്ത്രി വീണാ ജോർജുൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.

സമീപകാലത്ത് ഒരു സ്ത്രീയും നേരിടേണ്ടി വന്നിട്ടില്ലാത്ത സൈബര്‍ ആക്രമണമാണ് വെറും ഇരുപത്തിയൊന്നോ ഇരുപത്തി രണ്ടോ വയസ്സുള്ള പെണ്‍കുട്ടി നേരിട്ട് കൊണ്ടിരിക്കുന്നതെന്നായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം. പ്രിവിലേജ്ഡ് അല്ലാത്ത പാവം പെണ്‍കുട്ടിയെ സൈബര്‍ ഇടത്തില്‍ ഇത്ര ക്രൂരമായി അപമാനിക്കുന്നത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കിൽ കുറിച്ചു.

logo
The Fourth
www.thefourthnews.in