ഒഎൻവി സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്ണന്

ഒഎൻവി സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്ണന്

ഒ എൻ വി ജന്മ ദിനമായ മെയ് 27 നു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമര്‍പ്പിക്കും

2023 ലെ ഒഎൻവി സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ഏർപ്പെടുത്തിയ പുരസ്‌കാരം.

ഒഎൻവി യുവ സാഹിത്യപുരസ്കാരം നീതു സി സുബ്രഹ്മണ്യനും രാഖി ആർ ആചാരിക്കും സമ്മാനിക്കും. 50000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് യുവസാഹിത്യ പുരസ്‌കാരം. ഒഎൻവി കുറുപ്പിന്റെ ജന്മദിനമായ മെയ് 27 നു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമര്‍പ്പിക്കും.

വള്ളുവനാടൻ ഗ്രാമവും നഗരവും ഇദ്ദേഹത്തിന്റെ കൃതികളുടെ സ്ഥിരം പശ്ചാത്തലങ്ങളാണ്

സി രാധാകൃഷ്ണന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വിവാദമായ നോവലുകളിൽ ഒന്നായിരുന്നു നക്സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച 'മുൻപേ പറക്കുന്ന പക്ഷികൾ'.

വള്ളുവനാടൻ ഗ്രാമവും നഗരവും ഇദ്ദേഹത്തിന്റെ കൃതികളുടെ മാറിമാറി വരുന്ന സ്ഥിരം പശ്ചാത്തലങ്ങളാണ്. കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്.

മലയാള മനോരമ, വീക്ഷണം, മാധ്യമം ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ലേഖകനും പത്രാധിപരുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പേട്രിയട്ട്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളിലും ജോലിചെയ്തു.

ദേശീയ ചലച്ചിത്ര മേളയുടെ അവാർഡ് കമ്മിറ്റിയിലും ഇന്ത്യൻ പനോരമ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗമായിരുന്നു. കേന്ദ്ര സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in