33 തടവുകാരെ മോചിപ്പിക്കാൻ ശുപാർശ; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

33 തടവുകാരെ മോചിപ്പിക്കാൻ ശുപാർശ; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

റിപ്പബ്ലിക് ദിന പരേഡില്‍ ഗവർണർ സല്യൂട്ട് സ്വീകരിക്കും

ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന 33 തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ട‍യയ്ക്കാൻ ശുപാര്‍ശ. ഭരണഘടനയുടെ 161ാം അനുച്ഛേദം നൽകുന്ന അധികാരം ഉപേയാ​ഗിച്ച് അകാല വിടുതൽ അനുവദിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയില്‍ വകുപ്പ് മേധാവി എന്നിവര്‍ അടങ്ങുന്ന സമിതി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. 34 പേരെ വിട്ടയക്കാനായിരുന്നു ശുപാര്‍ശ. എന്നാല്‍ ഇതില്‍ ഒരാളെ ഒഴിവാക്കുകയായിരുന്നു

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ

  • റിപ്പബ്ലിക് ദിന പരേഡില്‍ ഗവർണർ സല്യൂട്ട് സ്വീകരിക്കും

2023 ലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിക്കും. ഗവർണറോടൊപ്പം മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും.

  • ഉത്തരവാദിത്വ ടൂറിസം മിഷൻ ഇനി സൊസൈറ്റി രൂപത്തിൽ പ്രവർത്തിക്കും

സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷൻ ഇനി സൊസൈറ്റി രൂപത്തിൽ പ്രവർത്തിക്കും. സൊസൈറ്റി ആയി രൂപീകരിക്കുന്നതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂൾസ് ആൻഡ് റെഗുലേഷൻസും മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ പ്രാദേശിക ജനവിഭാഗങ്ങൾക്ക് ടൂറിസം മേഖലയിൽ വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പരിശീലനം, മാർക്കറ്റിങ്, മറ്റ് പിന്തുണാ സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പുനൽകുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി ഉത്തരവാദിത്വ ടൂറിസം മാറും. ടൂറിസം മന്ത്രി ചെയർമാനും ടൂറിസം സെക്രട്ടറി വൈസ് ചെയർമാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്വ മിഷൻ കോർഡിനേറ്റർ സിഇഒയുമായി പ്രവർത്തിക്കുന്ന രൂപത്തിലായിരിക്കും സൊസൈറ്റിയുടെ ഘടന

  • ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്റെ മകള്‍ക്ക് സർക്കാർ ജോലി

26.04.2000ൽ സൈനിക സേവനത്തിനിടെ ജമ്മുകാശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലാൻസ് നായിക്ക് സൈമൺ ജെയുടെ മകൾ സൗമ്യക്ക് സർക്കാർ സർവീസിൽ ജോലി നൽകാൻ തീരുമാനിച്ചു. ആർമി ഓഫീസിൽ നിന്ന് ആട്രിബ്യുട്ടബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ 21വർഷം വൈകി എന്ന സൗമ്യയുടെ അപേക്ഷ അം​ഗീകരിച്ച് പ്രത്യേക കേസായി പരി​ഗണിച്ചാണ് നിയമനം.

റീജിയണൽ ക്യാൻസർ സെൻറർ, മലബാർ ക്യാൻസർ സെൻറർ എന്നിവിടങ്ങളിൽ 60 കോടി രൂപ ചെലവിൽ റോബോട്ടിക് സർജറി സംവിധാനം സ്ഥാപിക്കും. രണ്ടിടത്തും 18.87 കോടി രൂപ ചെലവിൽ ഡിജിറ്റൽ പാത്തോളജി മികവിന്റെ കേന്ദ്രങ്ങളും സ്ഥാപിക്കും. റീബിൽഡ് കേരള ഇനിഷ്യേറ്റിവിന് കീഴിൽ നടപ്പാക്കാൻ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദേശങ്ങൾക്കക്കും തത്വത്തിൽ അം​ഗീകാരം നല്‍കി. എറണാകുളം ജില്ലയിലെ എളംകുളത്ത് പുതുതായി പൂർത്തീകരിച്ച 5 MLD സ്വീവറേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിനോട് അനുബന്ധിച്ച് കൊച്ചി കോർപ്പറേഷനിലെ 54-ാം ഡിവിഷനിൽ ഭൂഗർഭ സ്വീവറേജ് ശൃഖലയുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണം അംഗീകരിച്ചു. 63.91 കോടി രൂപയാണ് ചെലവ്.

logo
The Fourth
www.thefourthnews.in