വ്യാജവാർത്ത ആരോപണത്തിൽ   ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്കെതിരെ കേസ്; പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി

വ്യാജവാർത്ത ആരോപണത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്കെതിരെ കേസ്; പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി

പി വി അന്‍വര്‍ എം എല്‍ എയുടെ പരാതിയിലാണ് നടപടി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നൽകിയെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പോലീസ് കേസെടുത്തു. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍, വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, പെണ്‍കുട്ടിയുടെ അമ്മ എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തത്. പോക്സോ (19,21), വ്യാജരേഖ ചമയ്ക്കല്‍ (ഐപിസി 465), ക്രിമിനൽ ഗൂഢാലോചന (120 ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പി വി അന്‍വര്‍ എം എല്‍ എയുടെ പരാതിയിലാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 10 ന് സംപ്രേഷണം ചെയ്ത ' നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്' എന്ന വാർത്താ പരമ്പരയിലെ ഒരു റിപ്പോർട്ടാണ് കേസിനാധാരം. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ 14 വയസുള്ള പെണ്‍കുട്ടിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നും വ്യാജവാര്‍ത്ത ചമച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എയാണ് പോലീസില്‍ പരാതി നല്‍കിയത്.

വിഷയവുമായി ബന്ധപ്പെട്ട് പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്, കെട്ടിചമച്ച വാർത്തയെന്ന പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. എന്നാൽ വ്യാജവാർത്ത നൽകിയെന്ന പ്രചരണം തെറ്റെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കി.

Attachment
PDF
u03905-030323-08-15.pdf
Preview

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ ഏഷ്യാനെറ്റിന്റെ കൊച്ചി ഓഫീസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ബാനറുകളുമായി ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറിയ മുപ്പതോളം പ്രവര്‍ത്തകര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി സ്ഥാപനം പരാതി നല്‍കി. പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തി ശനിയാഴ്ച കീഴടങ്ങി. അതേസമയം എസ്എഫ്ഐ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തി. സംസ്ഥാന വ്യാപകമായി കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചു.

logo
The Fourth
www.thefourthnews.in