അട്ടപ്പാടി ഭൂമി കൈയേറ്റം റിപ്പോര്‍ട്ട് ചെയ്തതിനെതിരേ കേസ്‌; നേരിടുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആര്‍ സുനില്‍

അട്ടപ്പാടി ഭൂമി കൈയേറ്റം റിപ്പോര്‍ട്ട് ചെയ്തതിനെതിരേ കേസ്‌; നേരിടുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആര്‍ സുനില്‍

ഗായിക നഞ്ചിയമ്മയുടെ ഭൂമി കയ്യേറിയ കേസിലും ജോസഫ് കുര്യനെതിരെ കേസ് ഉണ്ടായിരുന്നു

അട്ടപ്പാടിയിൽ നടന്ന ആദിവാസി ഭൂമി കയ്യേറ്റം റിപ്പോർട്ട് ചെയ്‌ത 'മാധ്യമം' ലേഖകൻ ആർ സുനിലിനെതിരെ കേസ്. നെല്ലിപ്പതി സ്വദേശിയായ ജോസഫ് കുര്യൻ നൽകിയ പരാതിയിലാണ് അഗളി പോലീസ് കേസെടുത്തിരിക്കുന്നത്. കുടുംബഭൂമി കൈയേറിയത് സംബന്ധിച്ച് അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട ചന്ദ്രമോഹൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി സുനിൽ വർത്തയാക്കിയിരുന്നു. ഈ കേസിലെ പ്രതിയായ ജോസഫ് കുര്യനാണ് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുനിലിനെതിരെ കേസ് നൽകിയിരിക്കുന്നത്.

പരാതിയുമായി ആദ്യം അഗളി ഡിവൈഎസ്പിയെ ജോസഫ് സമീപിച്ചെങ്കിലും കേസെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അഗളി പോലീസ് സുനിലിനെതിരെ കേസെടുത്തത്. എന്നാൽ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള ആദ്യ കേസ് അല്ല ജോസഫിന്റെ പേരിലുള്ളതെന്നും ഇയാളുടെ പേരിലുള്ള ഭൂമി കയ്യേറ്റം വാർത്തയാക്കിയതിന് മുൻപും ജോസഫ് തനിക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്നും അതിനാൽ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മാധ്യമ പ്രവർത്തകൻ ആർ സുനിൽ 'ദ ഫോർത്തിനോട് ' പ്രതികരിച്ചു.

''ഗായിക നഞ്ചിയമ്മയുടെ പേരിലുള്ള ഭൂമിയുടെ വ്യാജ രേഖ ഉണ്ടാക്കിയ കേസിൽ ഞാൻ ആദ്യം ഇടപ്പെട്ടപ്പോഴാണ് ജോസഫ് കുര്യന്റെ വക്കീൽ നോട്ടീസ് എനിക്ക് ലഭിക്കുന്നത്. കന്തസാമി, ജോസഫ് കുര്യൻ എന്നിവർ വ്യാജ രേഖയുണ്ടാക്കി നഞ്ചിയമ്മയുടെ പേരിലുള്ള ഭൂമി തട്ടിയെടുക്കുകയായിരുന്നു. കാട് വെട്ടി തെളിക്കാനായി ജോസഫ് ഭൂമിയിൽ എത്തിയപ്പോഴാണ് നഞ്ചിയമ്മ പോലും ഈ കാര്യം അറിയുന്നത്. പിന്നീട് ആ ഭൂമിയിൽ പെട്രോൾ പമ്പ് ഉണ്ടാക്കാനുള്ള അനുമതിയും ഇയാൾ നേടിയെടുത്തിരുന്നു.

മാധ്യമത്തിൽ ജോസഫ് കുര്യനെതിരെ ഞാൻ ആദ്യമായി ചെയ്ത വാർത്തയാണിത്. ഈ കേസുമായി ബന്ധപ്പെട്ടാണ് ജോസഫ് കുര്യൻ എനിക്കെതിരെ ആദ്യമായി വക്കീൽ നോട്ടീസയക്കുന്നത്. തുടർന്ന് ലേഖനം ചർച്ചയായതോടെ നഞ്ചിയമ്മയുടെ കേസടക്കം ആദിവാസി ഭൂമിയിൽ നടന്ന കയ്യേറ്റങ്ങൾ കെ കെ രമ നിയമസഭയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നഞ്ചിയമ്മയുടെ കേസ് മാത്രമാണ് റവന്യൂ വകുപ്പ് അന്വേഷിച്ചത്. പിന്നീട് രേഖകൾ വ്യാജമാണെന്നു തെളിഞ്ഞതിനെ തുടർന്ന് എനിക്കെതിരായ കേസ് അവിടെ അവസാനിച്ചു.

പിന്നീട് ഭൂമി കയ്യേറിയെന്ന പരാതിയുമായി ചന്ദ്രമോഹൻ എന്ന വ്യക്തി എന്നെ ഇങ്ങോട്ട് ബന്ധപ്പെട്ടു. ആധാരം കൈവശമുണ്ടെന്ന് പറഞ്ഞ് ജോസഫ് കുര്യൻ ചന്ദ്രമോഹനെ സമീപിക്കുകയായിരുന്നു. ചന്ദ്രമോഹൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും അത് തഹസീൽദാർക്ക് കൈമാറുകയും ചെയ്തു. ആ സംഭവമാണ് ജോസഫിനെതിരായി ഞാൻ രണ്ടാമത് റിപ്പോർട്ട് ചെയ്തത്. എന്നാൽ ജോസഫിനെ ഞാൻ അപമാനിച്ചു എന്ന് കാണിച്ച് എനിക്കെതിരെയും അട്ടപ്പാടി സംരക്ഷണ സമിതിയിലുള്ള സുകുമാരനെതിരെയും അയാൾ കോടതിയിൽ പരാതി നൽകി. എന്തായാലും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്'', ആർ സുനിൽ ഫോർത്തിനോട് പറഞ്ഞു.

ചന്ദ്രമോഹന്റെ മുത്തച്ഛനായ രങ്കന്റെ പേരിൽ 1413/1, 1412/1 എന്നീ സർവേ നമ്പരിലുള്ള 12 ഏക്കർ ഭൂമിയിൽനിന്ന് കുടിയിറങ്ങണമെന്ന് ആവശ്യപ്പെട്ട് ജോസഫ് കുര്യൻ എന്നയാൾ വീട്ടിലെത്തി ഭീഷണി മുഴക്കിയതായാണ് പരാതി. ഭൂമി ഒഴിഞ്ഞു പോയില്ലെങ്കിൽ ഒഴിപ്പിക്കാനുള്ള മാർഗം സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചന്ദ്രമോഹന്റെ പരാതിയിൽ പറയുന്നു. എന്നാൽ ഭൂമി പണം കൊടുത്തു വാങ്ങിയെന്നാണ് ജോസഫിന്റെ അവകാശ വാദം.

logo
The Fourth
www.thefourthnews.in