മന്ത്രി നേരിട്ട വിവേചനം കേരളത്തിന് നാണക്കേടെന്ന് ഭരണ - പ്രതിപക്ഷ നേതാക്കള്‍; പ്രതിഷേധം ശക്തമാകുന്നു

മന്ത്രി നേരിട്ട വിവേചനം കേരളത്തിന് നാണക്കേടെന്ന് ഭരണ - പ്രതിപക്ഷ നേതാക്കള്‍; പ്രതിഷേധം ശക്തമാകുന്നു

ഇക്കഴിഞ്ഞ ജനുവരി 27ന് പയ്യന്നൂർ നമ്പ്യാത്ര കോവ്വൽ ശിവക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങിനിടയിലാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിടേണ്ടി വന്നത്, മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണിത്

കേരളത്തിലെ പൊതു സമൂഹത്തിലെ ജാതി വിവേചനം സംബന്ധിച്ച ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രതികരണം. വടക്കന്‍ കേരളത്തിലെ ഒരു ശിവക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങിനിടയില്‍ തനിക്ക് നേരിട്ട ദുരനുഭവം മന്ത്രി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമായത്. വിഷയത്തില്‍ കര്‍ശന നടപടി വേണമെന്ന് വിവിധ, പ്രതിപക്ഷ- ഭരണപക്ഷ, സമുദായ നേതാക്കള്‍ പ്രതികരിച്ചു. ഏത് ക്ഷേത്രത്തില്‍ വച്ചാണ് ഇത്തരം ഒരു സംഭവം ഉണ്ടായത് എന്ന് വെളപ്പെടുത്താന്‍ തയ്യാറായില്ലെങ്കിലും പയ്യന്നൂർ നമ്പ്യാത്ര കോവ്വൽ ശിവക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങിനിടയിലാണ് സംഭവമെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനം കേരളത്തിലെ ജനങ്ങൾക്ക് നേരെ

മന്ത്രി വി ശിവൻകുട്ടി

മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ഏത് ക്ഷേത്രത്തില്‍ വച്ചാണ് ഇത്തരം ഒരു സംഭവം ഉണ്ടായത് എന്ന് മന്ത്രി വ്യക്തമാക്കണം. സംഭവം കേരളത്തിന് നാണക്കേടാണെന്നും, വിഷയത്തില്‍ നടപടി ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനം കേരളത്തിലെ ജനങ്ങൾക്ക് നേരെയുള്ളതാണെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. പൊറുക്കാൻ കഴിയുന്ന കാര്യങ്ങളല്ല സംഭവിച്ചിട്ടുള്ളത്. ജാതീയമായ വേർതിരിവ് വീണ്ടും കൊണ്ടുവരാനുള്ള ചിലരുടെ ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിൽ. സർക്കാർ ഗൗരവമായി വിഷയം പരിശോധിക്കുമെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ജാതി വിവേചനമുണ്ടായ സംഭവത്തിൽ പരിപാടിയുടെ സംഘാടകർക്ക് വീഴ്ചപറ്റിയന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി രംഗത്തെത്തി. പരിപാടി സംഘടിപ്പിച്ചവർക്ക് വലിയ വീഴയുണ്ടായതാണ് ഈ സംഭവത്തിന് കാരണം, ഇനി ഒരിക്കലും ഇത് ആവർത്തിക്കരുതെന്ന് സംഘാടകർക്ക് നിർദ്ദേശം നൽകിയതായും മുരളി വ്യക്തമാക്കി.

മന്ത്രി നേരിട്ട വിവേചനം കേരളത്തിന് നാണക്കേടെന്ന് ഭരണ - പ്രതിപക്ഷ നേതാക്കള്‍; പ്രതിഷേധം ശക്തമാകുന്നു
'അവര്‍ വിളക്ക് നിലത്ത് വച്ചു'; ക്ഷേത്രപരിപാടിയില്‍ ജാതി വിവേചനം നേരിട്ടതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

വിവേചനം സംബന്ധിച്ച വാര്‍ത്തകളോട് രൂക്ഷമായ ഭാഷയിലായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശൻ പ്രതികരിച്ചത്. "സ്വാതന്ത്ര്യം ലഭിച്ച് 76 കൊല്ലം പിന്നിട്ടിട്ടും പിന്നോക്കവിഭാഗക്കാർക്ക് ഇപ്പോഴും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ സംഭവമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. മന്ത്രിയോട് വിവേചനം കാണിച്ചയാളെ പുറത്ത് നിർത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പ്രതികരിച്ചു.

പല മേഖലകളിലും ഇപ്പോഴും പിന്നോക്കവിഭാഗക്കാർ അവഗണന നേരിടുന്നുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലാണ് ഇത്രയും വിവേചനം നിലനില്‍ക്കുന്നത്. ഇടത് - വലത് പക്ഷങ്ങള്‍ മാറിമാറി ഭരിച്ചിട്ടും സംവിധാനങ്ങളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പോലും സവർണ്ണ വിഭാഗക്കാർ മാത്രമാണുള്ളത്. ശാന്തിയായി നിയമനം നടത്തിയാൽ പോലും അദ്ദേത്തെ കൊണ്ട് പൂജ നടത്തിക്കുന്നില്ല. ഏതു സർക്കാർ വന്നാലും ഇതിന് മാറ്റം വരുന്നില്ല. ഇത്രയധികം അവസ്ഥാവിശേഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു വിവേചനം മന്ത്രിക്ക് തന്നെ നേരിടേണ്ടി വന്നത് അങ്ങേയറ്റം വേദനാജനമാണ്. സമൂഹത്തിൽ സവർണ്ണ മേധാവിത്തം പല മേഖലകളിലും കൊടികുത്തി വാഴുകയാണ്, അതിനെ നിയന്ത്രിക്കാനും നിരോധിക്കാനും ഒരു സർക്കാരിനും ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോൾ നിലകൊള്ളുന്ന മതാധിപത്യത്തെ അവസാനിപ്പിക്കാൻ ഇപ്പോഴുള്ള പിണറായി സർക്കാർ നിയമങ്ങൾ കൊണ്ട് വരണം''. എന്നും വെള്ളാപ്പള്ളി നിർദേശിച്ചു.

സ്വാതന്ത്ര്യം ലഭിച്ച് 76 കൊല്ലം പിന്നിട്ടിട്ടും പിന്നോക്കവിഭാഗക്കാർക്ക് ഇപ്പോഴും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല

വെള്ളാപ്പള്ളി നടേശന്‍

പയ്യന്നൂരിൽ ദേവസ്വം മന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷേത്ര ശാന്തി സ്വീകരിച്ച നടപടി അംഗീകരിക്കാനാകാത്തതാനെന്ന് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനൻ എംഎൽഎ പ്രതികരിച്ചു. "താനും പരിപാടിയിൽ പങ്കെടുത്തിരുന്നു, ഒറ്റപ്പെട്ടതാണെങ്കിലും ഒട്ടും അംഗീകരിക്കാൻ കഴിയാത്ത സംഭവമാണിത്, പയ്യന്നൂർ പോലൊരു പ്രദേശത്ത് സംഭവിക്കാൻ പാടില്ലായിരുന്നു" - അദ്ദേഹം പറഞ്ഞു.

സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും, മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ പരാതി അറിഞ്ഞതെന്നുമാണ് പയ്യന്നൂർ ശിവക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിയുടെ പ്രതികരണം. "എനിക്ക് ആ സാഹചര്യം നോക്കിയിട്ടെ പറയാൻ സാധിക്കുള്ളു. ഞാൻ അവിടെ ഇല്ല, അതുകൊണ്ട് എന്താണ് അവിടത്തെ പരിതസ്ഥിതി എന്നെനിക്കറിയില്ല. തന്ത്രി എന്ന നിലയിൽ എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പത്രത്തിലൂടെയാണ് ഞാൻ കാര്യങ്ങൾ അറിയുന്നത്". ജാതിവിവേചനം നിലനിൽക്കുന്നു എന്ന് പറയാനാകില്ല. പരാതി തന്റെ ശ്രദ്ധയിൽ പെടുത്താമായിരുന്നെന്നുമാണ് തന്ത്രിയുടെ പ്രീതികരണം.

പ്രതികരണങ്ങൾക്ക് പുറകെ, "ജാതി വ്യവസ്ഥ മനസ്സിൽ പിടിച്ച കറയാണെന്നും, അത് പെട്ടെന്ന് മാറ്റാൻ കഴിയില്ലന്നും", മന്ത്രി കെ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാതെ മാറി നിൽക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് ജാതി, മത ചിന്തകൾ വരുമ്പോഴാണ്. പൊതു സമൂഹം ജാതി വ്യവസ്ഥക്കെതിരാണ്, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്, എന്നാൽ മിക്കവരുടെയും മനസ്സിൽ നിന്ന് ഇപ്പോഴും ജാതി ചിന്തകൾ മാറിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in