'ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെയോ? തെളിയുന്നത് ജനക്ഷേമ മുഖമല്ല': സർക്കാരിനെതിരെ തൃശൂർ അതിരൂപത

'ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെയോ? തെളിയുന്നത് ജനക്ഷേമ മുഖമല്ല': സർക്കാരിനെതിരെ തൃശൂർ അതിരൂപത

ബഫർസോൺ, വിഴിഞ്ഞം, കെ റെയില്‍ വിഷയങ്ങളിലെ സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് അതിരൂപതാ മുഖപ്പത്രം കത്തോലിക്കാ സഭ

സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപതാ മുഖപത്രം കത്തോലിക്കാ സഭ. ബഫർസോൺ, വിഴിഞ്ഞം, കെ റെയില്‍ വിഷയങ്ങളിലെ സർക്കാർ നിലപാടുകള്‍ക്കെതിരെയാണ് വിമർശനം. തുടർച്ചയായുള്ള വികലമായ നയങ്ങളിൽ നിന്നും വ്യക്തമാകുന്നത് സർക്കാരിന്റേത് ജനക്ഷേമമുഖമല്ലെന്നാണെന്ന് മുഖപത്രം കുറ്റപ്പെടുത്തുന്നു.

‘സമാധാനമാണ് സർക്കാർ സമ്മാനിക്കേണ്ടത്’ എന്ന തലക്കെട്ടിലാണ് ലേഖനം. അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും നൽകുന്ന അനുഭവവും സന്ദേശവുമാണ് ക്രിസ്മസെങ്കിലും ദൈവത്തിന് മഹത്വമോ മനുഷ്യർക്ക് സമാധനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നത് കാണാതിരിക്കാനാകില്ലെന്ന ആമുഖത്തോടെയാണ് ലേഖനം തുടങ്ങുന്നത്.

'കേരളത്തിൽ ഏറെ നാളുകളായി പല വിഷയങ്ങളെ ചൊല്ലി ജനങ്ങൾ ആശങ്കയിലാണ്. സർക്കാരിൻറെ വികലമായ നയങ്ങൾ ദുരിതം സമ്മാനിക്കുന്നു. ജനക്ഷേമം നോക്കാതെയുള്ള സർക്കാർ നടപടികൾ ജനങ്ങളുടെ സമാധാന ജീവിതം തല്ലിക്കെടുത്തും. മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതമാകുന്ന ജനദ്രോഹ നടപടികൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നത് സർക്കാരിൻറെ ശോഭ കെടുത്തുന്നു. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികൾ ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു. തലമുറകൾ അത്യധ്വാനം ചെയ്ത് സാധിച്ചെടുത്ത കിടപ്പാടവും സ്വത്തും കുടിയൊഴിഞ്ഞു പോകേണ്ടി വരുന്നവരുടെ ദുർഗതി ഭരണശീതളിമതയിൽ വിയർപ്പൊഴുക്കാതെ വിഹരിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നവർ മനസിലാക്കാതെ പോകുമ്പോൾ സർക്കാരിൻറെ ജനക്ഷേമമുഖമല്ല തെളിയിക്കുന്നത്'. ലേഖനത്തില്‍ പറയുന്നു.

ബഫർസോൺ വിഷയത്തില്‍, റവന്യൂഭൂമി വനഭൂമിയെണെന്ന് പ്രഖ്യാപിക്കുന്ന അബദ്ധജഡിലമായ മാപ്പ് സർക്കാർ തയ്യാറാക്കിയെന്ന് മുഖപ്പത്രം കുറ്റപ്പെടുത്തുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ മുഖേനയാണ് ഭൂപടം തയ്യാറാക്കിയത്. സംരക്ഷിത വനമേഖലയുമായി യാതൊരു വിധത്തിലും അതിർത്തി പങ്കിടാത്ത വില്ലേജുകളെ പോലും ബഫർസോണില്‍ ഉള്‍പ്പെടുത്തി ജനങ്ങളെ ഞെട്ടിച്ചു. സുപ്രീംകോടതി വിധിക്ക് പിന്നാലെ നിരാംലബരായ ജനങ്ങള്‍ക്ക് നേരെയാണ് ഇത്തരം നടപടി. മൂന്ന് കോടി ജനങ്ങൾ വസിക്കുന്ന നാടാണ് ഇതെന്ന കാര്യം ആകാശക്കാഴ്ചകൾ കണ്ട് തീരുമാനമെടുക്കുന്നവർക്ക് മനസിലാകില്ല. അവർ ഭൂമയിലിറങ്ങി നടക്കണം, കർഷകർ വിയർപ്പൊഴുക്കുന്ന കൃഷിസ്ഥലങ്ങളും അന്തിയുറങ്ങുന്ന കിടപ്പാടങ്ങളും കാണണം.

ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ഡിസംബർ 24ന് എൻഎസ്എസ് സഹവാസ ക്യാമ്പ് തുടങ്ങാൻ നിശ്ചയിച്ചതിനെതിരെയും വിമർശനുമുണ്ട്. ഡിസംബർ 25ന് ലോകമാകെയും കേരളത്തിലെ പ്രധാന ജനവിഭാഗവും പുണ്യദിനമാണെന്ന് അറിയാത്തവരാണോ സർക്കാരിൻറെ കൽപ്പന പുറപ്പെടുവിക്കുന്ന ഉന്നതരെന്നാണ് മുഖപ്പത്രത്തിലെ ചോദ്യം.

ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ നരകയാതന അനുഭവിക്കുന്നത് കാണാൻ സർക്കാരിന് കണ്ണുണ്ടായില്ലെന്ന് വിമർശനം

വിഴിഞ്ഞം വിഷയത്തിലും സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനം.'പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞത് ഭരണപക്ഷത്തെത്തിയപ്പോൾ വിഴുങ്ങിയ വിഴിഞ്ഞം തുറമുഖപദ്ധതി ഏറ്റവും വലിയ വികസന പദ്ധതിയാകുമെന്നാണ് കൊട്ടിഘോഷിക്കുന്നത്. വികസന പദ്ധതി വരുന്നതിൽ ആരും തടസമില്ല. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ഇതിൻറെ ഫലമായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ നരകയാതന അനുഭവിക്കുന്നത് കാണാൻ സർക്കാരിന് കണ്ണുണ്ടായില്ല. വാഗ്ദാനങ്ങൾക്കൊണ്ട് മറയിട്ടാൽ ദുരിതങ്ങൾ മായില്ലെന്ന് സർക്കാരിന് മുൻകൂട്ടി മനസിലാവാത്തത് എന്തുകൊണ്ടായിരിക്കും. ജനങ്ങളെ ദുരിതത്തിലാക്കിയുള്ള വികസനം മൂഢസ്വർഗമായിരിക്കും'.

കെ-റെയിലും ജനങ്ങൾക്ക് തീരാദുരിതമാണ് നൽകിയതെന്ന് ലേഖനത്തില്‍ പറയുന്നു. 31 കോടിയോളം ചെലവിട്ട പദ്ധതി മരവിച്ച നിലയിലാണ്. ജനങ്ങൾ ഏത് തരത്തിൽ വിഷമിച്ചാലും തങ്ങൾക്ക് ഒന്നുമില്ല എന്ന നിലപാട് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. ആവശ്യത്തിലധികം മന്ത്രിമാരും വകുപ്പ് മേധാവികളുമുണ്ടെന്ന് മാത്രമല്ല ഒരേ വകുപ്പിൽ തന്നെ മേധാവിയുടെ പദവിയിലും ആനുകൂല്യത്തിലും ഒന്നിലേറെ പേർ വിഹരിച്ചാണ് ഭരണം മുന്നോട്ടുപോകുന്നത്. പിൻവാതിൽ നിയമനം ഭരണകക്ഷിക്ക് രാഷ്ട്രീയ സാമ്പത്തിക വളർച്ച ഉറപ്പുവരുത്തും. എന്നാൽ അത് യോഗ്യരായവരെ ചൂഷണം ചെയ്യുന്നതും കണ്ണീരിലാഴ്ത്തുന്നതുമാണ്. ചൂഷണത്തിനെതിരെ വിപ്ളവകാഹളം മുഴക്കുന്നവർ തന്നെ പുതിയ ചൂഷകരായി വിലസുന്നത് വൈരുദ്ധ്യാത്മക രാഷ്ട്രീയ പ്രതിഭാസമാകാം. ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെയെന്ന അവസ്ഥക്ക് മാറ്റമില്ലെങ്കിൽ നവകേരളം യാഥാർഥ്യമാകുമോ അതോ തൊഴിലാളി വർഗ സർവാധിപത്യം മറ്റൊരു മരീചികയാകുമോ എന്ന ചോദ്യത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in