താനൂര്‍ കസ്റ്റഡി കൊലപാതകം: സിബിഐ സംഘം തിരൂരില്‍; സഹോദരന്റെ മൊഴിയെടുത്തു

താനൂര്‍ കസ്റ്റഡി കൊലപാതകം: സിബിഐ സംഘം തിരൂരില്‍; സഹോദരന്റെ മൊഴിയെടുത്തു

പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ മഞ്ചേരി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു
Published on

താനൂരിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴിയെടുത്ത് സിബിഐ. കസ്റ്റഡി കൊലപാതക കേസ് ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉഗ്യോഗസ്ഥരാണ്‌ മലപ്പുറം തിരൂരിലെത്തി താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തത്. സംഭവിച്ച കാര്യങ്ങളെല്ലാം സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് മൊഴിനല്‍കിയശേഷം ഹാരിസ് ജിഫ്രി മാധ്യമങ്ങളോട് പറഞ്ഞു.

സിബിഐ കേസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹാരിസ് ജിഫ്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് പുലര്‍ച്ചയാണ് നാല് പേരടങ്ങുന്ന സിബിഐ സംഘം തിരൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തിയത്. 11.30 ഓടെ ഹാരിസ് ജിഫ്രി സിബിഐക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു. മരിച്ച താമിറിന്റെ വീട്ടുകാരുടെയും മൊഴിയെടുക്കും.

താനൂര്‍ കസ്റ്റഡി കൊലപാതകം: സിബിഐ സംഘം തിരൂരില്‍; സഹോദരന്റെ മൊഴിയെടുത്തു
താനൂർ കസ്റ്റഡി മരണം: കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സർക്കാർ

അതേസമയം, പ്രതികളായ നാലു പേരടങ്ങുന്ന ഡാന്‍സാഫ് സംഘം മഞ്ചേരി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. എറണാകുളം സിജെഎം കോടതിയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്.

കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 15 നാണ് ക്രൈംബ്രാഞ്ചില്‍ നിന്നും കേസ് സിബിഐക്ക് കൈമാറിയത്. 118 സാക്ഷികളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. 77 രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. താനൂര്‍ പൊലീസ് സ്റ്റേഷനിലേത് ഉള്‍പ്പെടെ ശേഖരിച്ച 12 സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി.

താനൂര്‍ കസ്റ്റഡി കൊലപാതകം: സിബിഐ സംഘം തിരൂരില്‍; സഹോദരന്റെ മൊഴിയെടുത്തു
താനൂർ കസ്റ്റഡി മരണം: ശരീരത്തിൽ 21 മുറിവുകൾ, മരണകാരണം മുറിവുകളും ശ്വാസകോശത്തിലുണ്ടായ രക്തസ്രാവവും

ഓഗസ്റ്റ് ഒന്നിനാണ് താമിര്‍ ജിഫ്രി താനൂരിലെ കസ്റ്റഡിയില്‍ മരിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പുലര്‍ച്ചെ ദേവദാര്‍ മേല്‍പ്പാലത്തില്‍ നിന്നും താമിറിനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. താനൂരിലെ പോലീസ് കോട്ടേഴ്‌സില്‍ വച്ചാണ് താമിര്‍ ജിഫ്രിക്ക് മര്‍ദനമേറ്റത്.

logo
The Fourth
www.thefourthnews.in