'അവിശ്വസനീയം'; കേരളത്തിലെ പ്രീപ്രൈമറി ഉച്ചഭക്ഷണ കണക്ക് പരിശോധിക്കാൻ കേന്ദ്രം

'അവിശ്വസനീയം'; കേരളത്തിലെ പ്രീപ്രൈമറി ഉച്ചഭക്ഷണ കണക്ക് പരിശോധിക്കാൻ കേന്ദ്രം

കേരളത്തിലെ 14 ജില്ലകളിലെയും പ്രീ പ്രൈമറി വിഭാഗത്തിലെ 100 ശതമാനം വിദ്യാർഥികൾക്കും ഉച്ചഭക്ഷണം ലഭിക്കുന്നുണ്ടെന്നായിരുന്നു സംസ്ഥാനത്തിന്റെ അവകാശവാദം.

പ്രീപ്രൈമറി ക്ലാസുകളിൽ 100 ശതമാനം വിദ്യാർഥികളും സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമെന്ന കേരളത്തിന്റെ കണക്ക് വിശ്വസനീയമല്ലെന്ന് കേന്ദ്രം. കണക്ക് പരിശോധിക്കാൻ കേന്ദ്രം സംയുക്തസമിതിയെ നിയോഗിക്കും.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രതിനിധികൾ ഉൾപ്പെട്ട സംയുക്ത സംഘത്തെ ജില്ലകളിലേക്ക് അയക്കാനാണ് തീരുമാനം. പ്രധാൻ മന്ത്രി പോഷൺ പദ്ധതിയുടെ പ്രോഗ്രാം അപ്രൂവൽ ബോർഡിന്റെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പിഎം പോഷൺ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്, സമാനമായ ക്രമക്കേടുകൾ ആരോപിച്ച് ഈ വർഷമാദ്യം പശ്ചിമ ബംഗാളിൽ കേന്ദ്രം പരിശോധന നടത്തിയിരുന്നു.

കേരളത്തിലെ 14 ജില്ലകളിലെയും പ്രീ പ്രൈമറി വിഭാഗത്തിലെ 100 ശതമാനം വിദ്യാർഥികൾക്കും ഉച്ചഭക്ഷണം ലഭിക്കുന്നുണ്ടെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്. ഈ മാസം 5ന്, പി എം പോഷൺ പദ്ധതിയുടെ പ്രോ​ഗ്രാം അപ്രൂവൽ ബോർ​ഡും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികളും പങ്കെടുത്ത യോ​ഗത്തിലാണ് കേരളം ഈ കണക്കുകൾ നിരത്തിയത്. എന്നാൽ, സംസ്ഥാനത്തിന്റെ കണക്കുകൾ അസംഭവ്യമെന്നാണ് കേന്ദ്രം പറയുന്നത്.

സ്‌കൂളുകൾ, ബ്ലോക്കുകൾ, ജില്ലകൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംസ്ഥാന സർക്കാരിന്റെ കണക്കുകളുടെ ആധികാരികത ഉറപ്പാക്കാനായി ജില്ലകളിലേക്ക് കേന്ദ്രം സംഘത്തെ അയക്കുമെന്ന് യോഗത്തിന്റെ മിനിറ്റ്സിൽ രേഖപ്പെടുത്തി. ഓരോ പ്രവൃത്തി ദിവസവും സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച വിദ്യാർഥികളുടെ കണക്കുകൾ അപ്പോൾ തന്നെ രേഖപ്പെടുത്താനുളള സംവിധാനം ഏർപ്പെടുത്താനും പ്രോ​ഗ്രാം അപ്രൂവൽ ബോ‍‍‍ർഡ് സംസ്ഥാനത്തോട് നിർദേശിച്ചിട്ടുണ്ട്. കണക്കുകളുടെ സുതാര്യതയ്ക്കും കൃത്യതയ്ക്കും ആയി ഉച്ച ഭക്ഷണം കഴിക്കുന്ന വിദ്യാർഥികളുടെ എണ്ണം മൂന്ന് മാസത്തിലൊരിക്കൽ അവലോകനം ചെയ്യണമെന്നും യോ​ഗത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി പ്രൈമറി വിഭാഗത്തിൽ എൻറോൾ ചെയ്ത 16.91 ലക്ഷം കുട്ടികളിൽ 16.69 ലക്ഷം (99 ​​ശതമാനം) കുട്ടികളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചഭക്ഷണം കഴിക്കുന്നതായാണ് കേരളത്തിന്റെ കണക്ക്. അതേസമയം അപ്പർ പ്രൈമറിയിൽ എൻറോൾ ചെയ്ത 11.45 ലക്ഷം കുട്ടികളിൽ 10.85 ലക്ഷം (95 ശതമാനം) കുട്ടികളും ഉച്ചഭക്ഷണം കഴിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ പറയുന്നു.

പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ (പിഎം പോഷൻ) പദ്ധതിക്ക് കീഴിൽ, 11.20 ലക്ഷം സ്‌കൂളുകളിൽ പഠിക്കുന്ന 1 മുതൽ 8 വരെ ക്ലാസുകളിലെ 12 കോടിയിലധികം കുട്ടികൾക്ക് പുറമേ, പ്രീ പ്രൈമറി സ്‌കൂളുകളിലെ കുട്ടികൾക്കും സംസ്ഥാനത്ത് ഉച്ചഭക്ഷണം നൽകി വരുന്നു. ഭക്ഷ്യധാന്യങ്ങളുടെ വില പൂർണമായും കേന്ദ്രമാണ് വഹിക്കുന്നത്.

logo
The Fourth
www.thefourthnews.in