നിഖിൽ തോമസിന്റെ എംകോം പ്രവേശനം റദ്ദാക്കി കേരള സർവകലാശാല; പോലീസ് നടപടി സ്വീകരിക്കാൻ രജിസ്ട്രാര്‍ക്ക് വിസിയുടെ നിര്‍ദേശം

നിഖിൽ തോമസിന്റെ എംകോം പ്രവേശനം റദ്ദാക്കി കേരള സർവകലാശാല; പോലീസ് നടപടി സ്വീകരിക്കാൻ രജിസ്ട്രാര്‍ക്ക് വിസിയുടെ നിര്‍ദേശം

കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബികോം ബിരുദത്തിനുള്ള തുല്യത സര്‍ട്ടിഫിക്കറ്റും കേരള സര്‍വകലാശാല റദ്ദാക്കിയിട്ടുണ്ട്.

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെതിരെ നടപടി കടുപ്പിച്ച് കേരള സര്‍വകലാശാല. നിഖില്‍ തോമസിന്റെ എംകോം രജിസ്‌ട്രേഷന്‍ സര്‍വകലാശാല റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബികോം ബിരുദത്തിനുള്ള തുല്യത സര്‍ട്ടിഫിക്കറ്റും കേരള സര്‍വകലാശാല റദ്ദാക്കിയിട്ടുണ്ട്. അതേസമയം നിഖില്‍ തോമസിനെതിരെ ക്രിമിനല്‍ നിയമ പ്രകാരം പോലീസ് കേസെടുക്കാനുള്ള നടപടി സ്വീകരിക്കാന്‍ വിസി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലിംഗ സര്‍വകലാശാലയുടെ കത്തും അനുബന്ധ രേഖകളും സര്‍വകലാശാല പോലീസിന് കൈമാറും.

നിഖില്‍ കായംകുളം എം എസ് എം കോളേജില്‍ പ്രവേശനം നേടിയത് സംബന്ധിച്ച് കോളേജ് അധികൃതരുടെ വിശദീകരണം ഇന്നുതന്നെ നല്‍കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭ്യമായശേഷമാകും കോളേജിനെതിരെയുള്ള നടപടികളിലേക്ക് സര്‍വകലാശാല കടക്കുക.

നിഖില്‍ കലിംഗ സര്‍വകലാശാലയുടെ വിദ്യാര്‍ഥി ആയിരുന്നില്ലെന്നും ഡിഗ്രി വ്യാജമാണെന്നും കലിംഗ സര്‍വകലാശാല നേരത്തേ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്താന്‍ ശ്രമിച്ച നിഖില്‍ തോമസിനെതിരേ നടപടി കൈക്കൊള്ളണമെന്നും സര്‍വകലാശാല രജിസ്ട്രാറോട് കലിംഗ സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in