പ്രതിപക്ഷം പ്രകോപനപരമായി സംസാരിക്കരുതെന്ന് മുഖ്യമന്ത്രി; ബാലൻസ് പോയത് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷം പ്രകോപനപരമായി സംസാരിക്കരുതെന്ന് മുഖ്യമന്ത്രി; ബാലൻസ് പോയത് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ്

സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്കേറ്റം

നിയമസഭയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്കേറ്റം. എല്ലാ വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയപ്പോള്‍ അങ്ങനെയാണെങ്കില്‍ സഭ നടക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മറുപടി നല്‍കി.

വൈകാരികമായും പ്രകോപനപരമായും പ്രതിപക്ഷം സംസാരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. മന്ത്രി പിഎ മുഹമ്മദ് റിയാസ് മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രി സ്ഥാനത്ത് എത്തിയതാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. എന്നാല്‍ ബാലന്‍സ് തെറ്റിയത് മുഖ്യമന്ത്രിക്കല്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മാത്യു കുഴല്‍നാടനെപ്പോളുള്ള ജൂനിയറായ എംഎല്‍എ സംസാരിക്കുമ്പോള്‍ മൂന്ന് പ്രാവശ്യം മുഖ്യമന്ത്രിയെപ്പോലൊരാള്‍ ഇടപെടേണ്ട കാര്യമുണ്ടായിരുന്നോ എന്ന ചോദ്യമാണ് വി ഡി സതീശന്‍ ഉന്നയിച്ചത്.

അതേസമയം കക്ഷി നേതാക്കളുടെ യോഗത്തിലേക്ക് ആര്‍എംപി എംഎല്‍എയായ കെ ക രമയെ ക്ഷണിച്ചിരുന്നില്ല. പ്രതിപക്ഷം പ്രതിഷേധം അറിയച്ചതിനെ തുടര്‍ന്ന് സ്പീക്കറുടെ ഓഫീസ് കെ കെ രമയെ പിന്നീട് യോഗത്തിലേക്ക് ക്ഷണിച്ചു. 52 വെട്ട് വെട്ടി കൊന്നിട്ടും ടിപി ചന്ദ്രശേഖരന്റെ കുടുംബത്തോടുള്ള പക തീര്‍ന്നിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

നിയമസഭാ ടിവിയില്‍ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത പശ്ചത്താലത്തില്‍ കമ്മിറ്റി അംഗങ്ങളായ ആബിദ് ഹുസൈന്‍ തങ്ങള്‍,എം വിന്‍സന്റ്, റോജി എം ജോണ്‍, മോന്‍സ് ജോസഫ് എന്നിവര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in