ദുരിതാശ്വാസനിധി ദുര്‍വിനിയോഗം; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പരാതി ലോകായുക്ത തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പരാതി ലോകായുക്ത തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവായി.

നടപടിക്രമങ്ങള്‍ പാലിക്കാതെ ദുരിതാശ്വാസനിധി അനുവദിച്ച് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും എതിര്‍ കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ആര്‍ എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് ലോകായുക്തയുടെ ഉത്തരവുണ്ടായത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ പ്രത്യേകം ഉത്തരവുകളാണ് ഹര്‍ജിയില്‍ പുറപ്പെടുവിച്ചിരുന്നത്. മന്ത്രിസഭ തീരുമാനത്തെ ലോകായുക്തയില്‍ ചോദ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നായിരുന്നു ഉപലോകായുക്തയുടെ ഉത്തരവ്. മൂന്ന് ഉത്തരവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്
ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസ്: പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ല, ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

2018 സെപ്റ്റംബറിലാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന പരേതനായ രാമചന്ദ്രന്‍ നായരുടെ മകന് അസി. എഞ്ചിനീയര്‍ ജോലിക്ക് പുറമെ വാഹന വായ്പ, സ്വര്‍ണ പണയ വായ്പ എന്നിവ തിരിച്ചടയ്ക്കാന്‍ 8.6 ലക്ഷം രൂപയും എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരണപ്പെട്ട സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് നിയമ പ്രകാരമുളള അനുകൂല്യങ്ങള്‍ക്ക് പുറമെ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എതിര്‍കക്ഷികളായ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നോട്ടീസയക്കാനാണ് കോടതി ഉത്തരവ്.

logo
The Fourth
www.thefourthnews.in