കുഞ്ഞുങ്ങളെ ഇങ്ങനെ കൊല്ലുന്നതെന്തിന്?

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ലോകോത്തര നിലവാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേരളത്തില്‍ ഇനിയും കുഞ്ഞുങ്ങള്‍ അനാരോഗ്യത്തില്‍ മരിക്കുകയാണ്.

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, ഒരു വര്‍ഷത്തെ മാധ്യമവാര്‍ത്തകള്‍ നോക്കിയാല്‍ അറിയാം ഈ വീണ്ടും എന്ന വാക്ക് നമ്മള്‍ എത്ര തവണ ഉപയോഗിച്ചിട്ടുണ്ടെന്ന്. ഈ വര്‍ഷവും, 2024ല്‍ നാല് മാസം പോലും പിന്നിട്ടിട്ടില്ല, നാല് കുഞ്ഞുങ്ങളുടെ ജീവനാണ് ജനിച്ച് ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും ഉള്ളില്‍ ഇല്ലാതായത്. പട്ടിണിയും ദാരിദ്ര്യവും കൊണ്ട് മരിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍. ലോകോത്തര നിലവാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേരളത്തില്‍ ഇനിയും കുഞ്ഞുങ്ങള്‍ തൂക്കമില്ലാതെ, അനാരോഗ്യത്തില്‍ മരിക്കുകയാണ്.

സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ പോലും അട്ടപ്പാടിയില്‍ സംഭവിക്കുന്നതിന്റെ ഭീകരത വെളിപ്പെടുത്തുന്നതാണ്. ഈ വര്‍ഷം നാല് കുഞ്ഞുങ്ങള്‍, 2023ല്‍ നാല് കുഞ്ഞുങ്ങള്‍, 2022ല്‍ 12 പേര്‍, 2021ല്‍ 8, 2020ല്‍ 10.. അങ്ങനെ നീളുന്നു കണക്കുകള്‍. എന്നാല്‍ ഈ കണക്കുകള്‍ രേഖകളിലുള്ളതാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം മരിക്കുന്നത് മാത്രമേ സര്‍ക്കാര്‍ ഈ കണക്കില്‍ പെടുത്തുകയുള്ളൂ. അബോര്‍ഷന്‍ ആയി പോവുന്നവര്‍, അനാരോഗ്യത്താല്‍ അബോര്‍ഷന്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍, ചാപിള്ളയെ പ്രസവിക്കേണ്ടി വരുന്നവര്‍, ഗര്‍ഭാവസ്ഥയില്‍ മരിക്കുന്നവര്‍.. എങ്ങനെ നഷ്ടമായാലും ഒരു കുഞ്ഞ് തന്നെയാണ് മരിക്കുന്നത്. ആ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ മരണക്കണക്കുകള്‍ ഇരട്ടിയോ മൂന്നിരട്ടിയോ കൂടും.

കാരണം പോഷാകാഹാരക്കുറവ്

പോഷാകാഹാരക്കുറവാണ് കാരണമെന്ന് അറിയാം. വര്‍ഷങ്ങളായി കണക്കില്ലാത്ത കോടികള്‍ അട്ടപ്പാടിക്കായി ചെലവാക്കുന്നുമുണ്ട്. എന്നാല്‍ അതെല്ലാം എവിടെപ്പോയി എന്ന് മാത്രം അറിയില്ല. 2013ല്‍ മരണനിരക്ക് നാല്‍പ്പത് പിന്നിട്ടപ്പോഴാണ് കമ്മ്യൂണിറ്റി കിച്ചന്‍ എന്ന ആശയം വന്നത്. പോഷകാഹാര സമ്പുഷ്ടമായ ഭക്ഷണം ഒരു നേരമെങ്കിലും ലഭ്യമാക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍ സാമ്പാറും ചോറും വിതരണം ചെയ്യുന്ന കമ്മ്യൂണിറ്റി കിച്ചനുകള്‍ അതാണ് ഇവിടെ കണ്ടത്. പോഷകാഹാരമില്ല, ആരോഗ്യവുമില്ല, നിങ്ങള്‍ പണിക്കും പോവണമെന്നില്ല, ഒരു നേരം ഭക്ഷണം ഇവിടെ വന്ന് കഴിക്കാം, ഇല്ലെങ്കില്‍ വീട്ടിലേക്ക് കൊണ്ടുപോവാം, ഇതാണ് അവസ്ഥ. ചില ഊരുകളില്‍ സാമ്പത്തിക പ്രതിസന്ധി മൂലം കമ്മ്യൂണിറ്റി കിച്ചനും പ്രവര്‍ത്തിക്കുന്നില്ല.

ഗര്‍ഭിണികളായ അമ്മമാര്‍ക്ക് വേണ്ടി തുടങ്ങിയ പദ്ധതികളുടെ പൈസയും മുടങ്ങിയിരിക്കുകയാണ്.

കമ്മ്യൂണിറ്റി കിച്ചനല്ല, ഭൂമി തിരികെ തന്ന് കൃഷി ചെയ്യാന്‍ അനുവദിക്കണമെന്നാണ് അട്ടപ്പാടിയിലെ ആദിവാസകള്‍ക്ക് പറയാനുള്ളത്. ആദിവാസികള്‍ കഴിച്ച് പരിചയിച്ച, അവരുടെ ആരോഗ്യത്തിന്റെ ബലമായിരുന്ന മില്ലറ്റുകള്‍, അത് തിരികെ വേണം. അതിനായി മില്ലറ്റ് പദ്ധതിയെല്ലാം വഴിയിലുണ്ട്. എന്നാല്‍ അതൊന്നും വേണ്ടഫലം കാണുന്നില്ല.

180 ഊരുകള്‍, പതിനായിരം കുടുംബങ്ങള്‍, അവരിലേക്ക് ഇറങ്ങാന്‍ പാകത്തിനുള്ള വലിയ സര്‍ക്കാര്‍ സംവിധാനങ്ങളും, അനുവദിക്കപ്പെടുന്ന കോടികളും. ഇതെല്ലാം എവിടെപ്പോയി, പക്ഷേ തൂക്കക്കുറവും പോഷകക്കുറവുമുള്ള അമ്മമാരും അവരുടെ വയറ്റില്‍ നിന്ന് പുറത്തെടുക്കുന്ന ചാപിള്ളകളും കേരളത്തോട് ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ ഈ സമൂഹവും സര്‍ക്കാരും ബാധ്യസ്ഥരാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in