മുടി വെട്ടാത്തതിന്  സ്‌കൂളില്‍ കയറ്റിയില്ലെന്ന് കുട്ടികള്‍; ആരോപണം നിഷേധിച്ച് സ്കൂള്‍ മാനേജ്മെന്‍റ്

മുടി വെട്ടാത്തതിന് സ്‌കൂളില്‍ കയറ്റിയില്ലെന്ന് കുട്ടികള്‍; ആരോപണം നിഷേധിച്ച് സ്കൂള്‍ മാനേജ്മെന്‍റ്

കൊല്ലം ചിതറ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളെ സ്‌കൂളില്‍ കയറാന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം

മുടി വെട്ടാത്തതിന്റെ പേരില്‍ വിദ്യാർഥികളെ സ്കൂളില്‍ കയറ്റിയില്ലെന്ന് ആക്ഷേപം. കൊല്ലം ചിതറ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളെയാണ് സ്‌കൂളില്‍ കയറ്റാതെ പുറത്താക്കിയെന്നാണ് പരാതി. മുടിവെട്ടിയ ശേഷമേ സ്‌കൂളിലെത്താവൂ എന്ന് ഇന്നലെ പ്രധാനാധ്യാപിക നിര്‍ദ്ദേശം നല്‍കിയ സമയത്ത് സബ് ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായ കുട്ടികളില്‍ പലരും സ്‌കൂളില്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഈ വിവരം വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരുന്നില്ല. ഇന്ന് തിരികെ എത്തിയ സമയത്ത് ലിസ്റ്റ് നോക്കി സ്‌കൂള്‍ ഗേറ്റില്‍ വിദ്യാര്‍ത്ഥികളെ തടയുകയായിരുന്നുവെന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

എന്നാല്‍ സ്‌കൂളിനു പുറത്ത് നിന്നുള്ള സംഘടനാ നേതാക്കള്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നാണ് ഹെഡ്മിസ്‌ട്രെസ് നസീമ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി കുട്ടികളോട് മുടിവെട്ടാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ന് താക്കീത് നല്‍കുക മാത്രമാണുണ്ടായത്. സ്‌കൂളില്‍ നിരന്തരം ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകുന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ കൊണ്ടുപോകുന്നത് എതിര്‍ത്തിരുന്നതിലുള്ള അമര്‍ഷം ചിലർ തീര്‍ക്കുകയായിരുന്നുവെന്നും ഹെഡ്മിസ്‌ട്രെസ് കൂട്ടിച്ചേര്‍ത്തു. താക്കീത് നല്‍കിയ ശേഷം വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിച്ചുവെന്നും സ്കൂള്‍ അധികൃതർ വിശദീകരിച്ചു.

കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തായത്.

logo
The Fourth
www.thefourthnews.in