'സർക്കാരിനെതിരെ ഒരു വീഴ്ചയും ചൂണ്ടിക്കാട്ടാനില്ല, യുഡിഎഫ് ഭരണകാലം ദുരന്തം': പിണറായി വിജയൻ

'സർക്കാരിനെതിരെ ഒരു വീഴ്ചയും ചൂണ്ടിക്കാട്ടാനില്ല, യുഡിഎഫ് ഭരണകാലം ദുരന്തം': പിണറായി വിജയൻ

സംസ്ഥാന സർക്കാരിനെ ആക്രമിക്കുന്നതിൽ ബിജെപിക്കും യുഡിഎഫിനും ഒരേ മനസെന്നും മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ സമാപനത്തിൽ യുഡിഎഫിനെതിരെ രൂക്ഷ വമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലിരുന്നതായിരുന്നു ഏറ്റവും വലിയ ദുരന്തമെന്നും യുഡിഎഫ് കാലത്ത് എല്ലാ മേഖലയിലും കേരളം പുറകോട്ട് പോയെന്നും പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

ബിജെപിയും യുഡിഎഫും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും സംസ്ഥാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്ന പല പദ്ധതികള്‍ക്കും തുരങ്കം വെക്കാനാണ് രണ്ടു പാര്‍ട്ടികളുടെയും ശ്രമമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിനെതിരെ നുണകള്‍ പടച്ചുവിടുകയും അത് പല ആവര്‍ത്തി പ്രചരിപ്പിക്കുകയുമാണ് യുഡിഎഫ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിക്കുന്ന നെറികേടാണ് ആണ് ബിജെപി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുമോ എന്ന സംശയം ഉണ്ടായിത്തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 ന് മുന്‍പുള്ള കേരളം നിരാശ ബാധിച്ച അവസ്ഥയില്‍ ആയിരുന്നു. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയായിരുന്നു. എല്ലാമേഖലയിലും സര്‍ക്കാര്‍ പുറകോട്ട് പോയി. ഈ സാഹചര്യം സൃഷ്ടിച്ചത് യുഡിഎഫാണ്. അതേ യുഡിഎഫാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ ദുരന്തം ആണെന്ന് പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശിക തീര്‍ക്കുകയും വര്‍ധിപ്പിക്കുകയും ചെയ്തുവെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റാര് ചെയ്താലും മുഖം നോക്കാതെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ട്. പദ്ധതികളുമായി ബന്ധപ്പെട്ട് ടെണ്ടര്‍ നടപടികളില്‍ ഏറ്റവും കുറഞ്ഞ തുക നല്‍കുന്നവരുമായാണ് കരാര്‍ ഒപ്പിടുന്നത്. അങ്ങനെയല്ലെന്ന് ആരെങ്കിലും പരാതി പറഞ്ഞോ? കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശക്തികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. നിങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നത്. പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യമായ പണം സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ലെന്നത് ശരിയായ കാര്യമാണ്. അതിനാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം വാർഷിക പരിപാടിയിൽ സർക്കാരിന്റെ പ്രോഗ്രസ് കാർഡും മുഖ്യമന്ത്രി പുറത്തിറക്കി.

logo
The Fourth
www.thefourthnews.in